IPL 2026 : ഒറ്റ മത്സരം പോലും കളിച്ചില്ല, എന്നിട്ടും വിഷ്ണു വിനോദിനെ വിടാതെ പഞ്ചാബ് കിങ്‌സ്; വിഘ്‌നേഷും സച്ചിനും ലേലത്തിലേക്ക്
Vishnu Vinod Retained By Punjab Kings: വിഷ്ണു വിനോദിനെ കൈവിടാതെ പഞ്ചാബ് കിങ്‌സ്. പഞ്ചാബ് നിലനിര്‍ത്തിയ 21 പേരില്‍ ഒരാളായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണുവും ഇടം നേടി. കഴിഞ്ഞ സീസണില്‍ താരത്തിന് ഒരു മത്സരത്തിലെങ്കിലും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു വിധി
ഐപിഎല്‍ 2025 സീസണില്‍ ഒറ്റ മത്സരം പോലും കളിക്കാന്‍ അവസരം നല്‍കിയില്ലെങ്കിലും മലയാളി താരം വിഷ്ണു വിനോദിനെ കൈവിടാതെ പഞ്ചാബ് കിങ്‌സ്. പഞ്ചാബ് നിലനിര്‍ത്തിയ 21 പേരില്‍ ഒരാളായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണുവും ഇടം നേടി. കഴിഞ്ഞ സീസണില്‍ താരത്തിന് ഒരു മത്സരത്തിലെങ്കിലും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു വിധി.
ഐപിഎല്ലിന് ശേഷം കേരള ക്രിക്കറ്റ് ലീഗില്‍ മാത്രമാണ് വിഷ്ണു കളിച്ചത്. ഏരീസ് കൊല്ലം സെയിലേഴ്‌സ് താരമായിരുന്നു വിഷ്ണു ലീഗില്‍ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വിഷ്ണു പത്താമതായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 301 റണ്‍സാണ് അടിച്ചുകൂട്ടിയത്. 199.3 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളുടെ ലിസ്റ്റില്‍ താരം നാലാമതായിരുന്നു.
മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുള്ള കഴിവാണ് വിഷ്ണുവിനെ നിലനിര്‍ത്താന്‍ പഞ്ചാബിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. പ്രഭ്‌സിമ്രാന്‍ സിങ് ടീമിലുള്ളതിനാല്‍ വിഷ്ണുവിന് വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ഒരു പ്രോപ്പര്‍ ബാറ്ററെന്ന നിലയില്‍ വിഷ്ണുവിനെ ഇത്തവണ പരീക്ഷിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 95 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ പഞ്ചാബ് കഴിഞ്ഞ തവണ ലേലത്തില്‍ സ്വന്തമാക്കിയത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസ്, ഓള്‍ റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്‌സ്വെല്‍, ആരോണ്‍ ഹാര്‍ഡി, പേസര്‍ കുല്‍ദീപ് സെന്‍, ബാറ്റര്‍ പ്രവീണ്‍ ദുബെ എന്നിവരെയാണ് പഞ്ചാബ് ഒഴിവാക്കിയത്.
വിഘ്‌നേഷും, സച്ചിനും ലേലത്തിലേക്ക്
നാല് മലയാളി താരങ്ങളാണ് കഴിഞ്ഞ തവണ ഐപിഎല്ലിനുണ്ടായിരുന്നത്. ഇതില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്തു. വിഷ്ണു വിനോദിനെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തി. മറ്റ് മലയാളി താരങ്ങളായ വിഘ്‌നേഷ് പുത്തൂരിനെയും, സച്ചിന്‍ ബേബിയെയും അതത് ഫ്രാഞ്ചെസികള്‍ നിലനിര്‍ത്തിയില്ല.
മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന വിഘ്‌നേഷ് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന സച്ചിന് കാര്യമായി അവസരം ലഭിച്ചതുമില്ല. ഇത്തവണ താരലേലത്തിലാണ് ഇരുവരുടെയും പ്രതീക്ഷ.