AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: പ്ലേ ഓഫ് പോരാട്ടത്തിന് ആവേശം വിതറി ‘അടിവാര’ ടീമുകള്‍; ഇത്തവണ പണി കിട്ടിയത് ഗുജറാത്തിന്‌

Kolkata Knight Riders beat Gujarat Titans: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചു. 29 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ ജയം. 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 218 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കൊല്‍ക്കത്തയ്ക്ക് ഈ വിജയം അഭിമാനപ്രശ്‌നമായിരുന്നു.

IPL 2026: പ്ലേ ഓഫ് പോരാട്ടത്തിന് ആവേശം വിതറി ‘അടിവാര’ ടീമുകള്‍; ഇത്തവണ പണി കിട്ടിയത് ഗുജറാത്തിന്‌
Gujarat Titans vs Kolkata Knight RidersImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 16 May 2026 | 11:46 PM

കൊല്‍ക്കത്ത: പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകള്‍ അവസാന നാല് സ്ഥാനങ്ങളില്‍ ഇടം നേടാനുള്ള മറ്റ് ടീമുകളുടെ ശ്രമത്തിന് മാര്‍ഗതടസം സൃഷ്ടിക്കുന്നത് പതിവാകുന്നു. സമീപദിവസങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും, മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെയും ഞെട്ടിച്ചതിന് സമാനമായി ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു. കൊല്‍ക്കത്ത ഉയര്‍ത്തിയ 248 റണ്‍സ്‌ എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ഗുജറാത്തിന് സാധിച്ചില്ല. ഗുജറാത്തിന്റെ പോരാട്ടം 218 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ രണ്ടു വിക്കറ്റിന് 247, ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റിന് 218.

വമ്പന്‍ വിജയലക്ഷ്യം ചേസ് ചെയ്യാന്‍ ബാറ്റിങിന് ഇറങ്ങിയ ഗുജറാത്തിന് ഓപ്പണര്‍ സായ് സുദര്‍ശന്‍ ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാല്‍ സഹ ഓപ്പണറും ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്‍ തുടക്കത്തില്‍ മന്ദഗതിയിലാണ് ബാറ്റു ചെയ്തത്. 13 പന്തില്‍ 23 റണ്‍സുമായി ബാറ്റു ചെയ്യുന്നതിനിടെ പരിക്കേറ്റ സായ് ‘റിട്ടയേര്‍ഡ് ഹര്‍ട്ടാ’യി മടങ്ങിയത് ഗുജറാത്തിന് തിരിച്ചടിയായി.

തുടര്‍ന്ന് ക്രീസിലെത്തിയ നിഷാന്ത് സിന്ധുവിന് ലഭിച്ച അവസരം മുതലാക്കാനായില്ല. നാലു പന്തില്‍ ഒരു റണ്‍സെടുത്ത നിഷാന്ത് സുനില്‍ നരൈന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ജോസ് ബട്ട്‌ലര്‍ ക്രീസിലെത്തി. ഇതിനു ശേഷമാണ് ഗുജറാത്തിന്റെ സ്‌കോര്‍ബോര്‍ഡിന് കാര്യമായ അനക്കം തട്ടിയത്.

Also Read: IPL Chit Celebration: ഈ സെലിബ്രേഷനുകള്‍ ‘ക്രിഞ്ചെ’ന്ന് ആരാധകര്‍; നിരോധിക്കണമെന്ന് മുന്‍ താരങ്ങള്‍; ‘കടലാസ്’ കീറുമോ?

ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും, പിന്നീട് ഗില്ലും സ്‌ട്രൈക്ക് റേറ്റ് വര്‍ധിപ്പിച്ചതോടെ ഗുജറാത്തിന്റെ സ്‌കോറിങ് തരക്കേടില്ലാത്ത വേഗതയില്‍ മുന്നോട്ടുപോയിത്തുടങ്ങി. സെഞ്ചുറിക്ക് 15 റണ്‍സ് അകലെ നരൈന് വിക്കറ്റ് സമ്മാനിച്ച് ഗില്‍ മടങ്ങി. 49 പന്തില്‍ ഏഴു സിക്‌സുകളുടെയും, അഞ്ച് ഫോറുകളുടെയും അകമ്പടിയോടെയാണ് ഗില്‍ 85 റണ്‍സ് നേടിയത്.

സായിയുടെ തിരിച്ചുവരവ്‌

ഗില്‍ മടങ്ങിയതിന് ശേഷം സായ് മടങ്ങിയെത്തി. എന്നാല്‍ ഇതിനിടെ 35 പന്തില്‍ 57 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍ കൂടി മടങ്ങിയതോടെ ഗുജറാത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഇമ്പാക്ട് പ്ലയറായെത്തിയ രാഹുല്‍ തെവാട്ടിയക്ക് നാലു പന്തില്‍ രണ്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സായ് പുറത്താകാതെ 28 പന്തില്‍ 53 റണ്‍സെടുത്തു.

രണ്ടു വിക്കറ്റെടുത്ത നരൈന്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങി. ഐപിഎല്ലില്‍ 200 മത്സരം കളിക്കുന്ന ആദ്യ വിദേശ താരമെന്ന നേട്ടവും നരൈന്‍ സ്വന്തമാക്കി. സൗരഭ് ദുബെയും, കാമറൂണ്‍ ഗ്രീനും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

കൊല്‍ക്കത്തയുടെ ബാറ്റിങ്‌

കൊല്‍ക്കത്ത നിരയില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ മാത്രമാണ് നിരാശപ്പെടുത്തിയത്. 14 പന്തില്‍ 14 റണ്‍സെടുക്കാനെ രഹാനെയ്ക്ക് സാധിച്ചുള്ളൂ. 35 പന്തില്‍ 93 റണ്‍സെടുത്ത ഫിന്‍ അലന്‍, പുറത്താകാതെ 44 പന്തില്‍ 82 റണ്‍സ് നേടിയ ആങ്ക്രിഷ് രഘുവന്‍ശി, പുറത്താകാതെ 28 പന്തില്‍ 52 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും ഗുജറാത്ത് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 13 മത്സരങ്ങളില്‍ എട്ടും ജയിച്ച ഗുജറാത്തിന് 16 പോയിന്റുണ്ട്. അഞ്ചാം വിജയം സ്വന്തമാക്കിയ കൊല്‍ക്കത്ത പോയിന്റ് ടേബിളില്‍ ഏഴാമതാണ്.

English Summary

Kolkata Knight Riders defeated Gujarat Titans by 29 runs in a high-scoring IPL match. Batting first, Kolkata posted a massive total of 247/2, powered by Finn Allen’s 93. In response, Gujarat Titans could only score 218/4 despite Shubman Gill’s brilliant 85. Despite this loss, Gujarat remains second in the points table, while Kolkata is seventh.

Follow Us