Josh Hazlewood: ദേശീയ ടീമിനെക്കാള്‍ താല്‍പര്യം ഐപിഎല്ലിനോട്; ഹേസല്‍വുഡിനെതിരെ നടപടി വേണം; ആഞ്ഞടിച്ച് മിച്ചല്‍ ജോണ്‍സണ്‍
Mitchell Johnson slams Josh Hazlewood: ഹേസല്‍വുഡിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു. ദേശീയ ടീമിന്റെ തയ്യാറെടുപ്പുകളെക്കാള്‍ ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്നതിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയതെന്നും, ഇത് ആശ്ചര്യപ്പെടുത്തിയെന്നും ജോണ്‍സണ്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലും ഓരോ വിക്കറ്റ് വീതം മാത്രമാണ് താരത്തിന് നേടാനായത്. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതായി താരമുണ്ടായിരുന്നു. 12 മത്സരങ്ങളില്‍ നിന്നു 22 വിക്കറ്റാണ് താരം പിഴുതത്. ഫൈനലിലും താരം ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആര്‍സിബിയുടെ കിരീടനേട്ടത്തില്‍ ഹേസല്‍വുഡിന്റെ പ്രകടനവും നിര്‍ണായകമായിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ ഹേസല്‍വുഡ് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരിക്ക് മൂലം താരത്തിന്റെ തിരിച്ചുവരവും അനിശ്ചിതത്വത്തിലായി. എന്നാല്‍ ഫൈനലിന് മുമ്പ് ഹേസല്‍വുഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നതിനിടെയാണ് ഹേസല്‍വുഡ് ഉള്‍പ്പെടെയുള്ള ഏതാനും ഓസീസ് താരങ്ങള്‍ ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്.
ഈ പശ്ചാത്തലത്തില്‍ ഹേസല്‍വുഡിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുന്‍താരം മിച്ചല്‍ ജോണ്‍സണ്‍. ഹേസല്‍വുഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിരാശപ്പെടുത്തിയതാണ് ജോണ്‍സണെ ചൊടിപ്പിച്ചത്.




സമീപ വർഷങ്ങളിൽ ഹേസല്‍വുഡിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നുവെന്ന് ജോണ്‍സണ്‍ പറഞ്ഞു. ദേശീയ ടീമിന്റെ തയ്യാറെടുപ്പുകളെക്കാള്‍ ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്നതിനാണ് അദ്ദേഹം മുന്‍ഗണന നല്‍കിയതെന്നും, ഇത് ആശ്ചര്യപ്പെടുത്തിയെന്നും ജോണ്‍സണ്‍ ‘വെസ്റ്റ് ഓസ്‌ട്രേലിയ’യിലെ കോളത്തില്‍ എഴുതി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് ഹേസല്‍വുഡിനെ ബാധിച്ചെന്നും, കര്‍ശന നടപടി വേണമെന്നും ജോണ്‍സണ്‍ പ്രതികരിച്ചു. ഇത്തരം താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സെലക്ടര്‍മാര്‍ ആലോചിക്കണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
Read Also: BCCI: നോക്കൗട്ട് റൗണ്ടിന് പകരം സൂപ്പർ ലീഗ്; ആഭ്യന്തര ടൂർണമെൻ്റുകളുടെ ഘടനയിൽ മാറ്റം വരുത്തി ബിസിസിഐ
ഭാവിയെ മുന്‍നിര്‍ത്തി അടുത്ത ടെസ്റ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ആത്മവിശ്വാസം കാണിക്കേണ്ടതുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. സാം കോൺസ്റ്റാസ്, ജോഷ് ഇംഗ്ലിസ്, 36കാരനായ സ്‌കോട്ട് ബോളണ്ട് തുടങ്ങിയവരുടെ മെന്റാലിറ്റി വ്യത്യസ്തമാണ്. അവസരം ലഭിക്കുമ്പോള്‍ അവര്‍ സ്വയം തെളിയിക്കാന്‍ ഉത്സാഹം കാണിക്കുന്നു. പ്രായമായ താരങ്ങളുള്ള ഒരു ടീമിനെ അമിതമായി വിമര്‍ശിക്കാന്‍ താത്പര്യമില്ല. അവര്‍ ധാരാളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുമുണ്ട്. ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു.