Shubman Gill : ഐപിഎല്ലില്‍ നെഹ്‌റ ആശാന്‍, ഇന്ത്യന്‍ ടീമില്‍ ഗംഭീറും; ആ വ്യത്യാസത്തെക്കുറിച്ച് വെളിപ്പെടുത്തി ശുഭ്മന്‍ ഗില്‍
Shubman Gill about Gautam Gambhir and Ashish Nehra: ഗംഭീറിനെപ്പോലെ വ്യത്യസ്തനായ ഒരാളെ പരിശീലകനായി ലഭിക്കുന്നത് രസകരമാണെന്ന് ഗില്‍ പറഞ്ഞു. നെഹ്‌റ പ്രായോഗിക ചിന്തയുള്ളയാളാണ്. കൂടുതല്‍ പ്രകടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അത് നെഹ്‌റയുടെ പരിശീലന ശൈലിയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഗില്‍
ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങാന്‍ ഇനി നാലു ദിനം മാത്രം ബാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായി മികച്ച പരിശീലനത്തിലാണ് ടീം. രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും വിരമിച്ചതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരം. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ ഗില്ലിനും, പരിശീലകന്‍ ഗൗതം ഗംഭീറിനും മുന്നിലുള്ളത് വലിയ ഉത്തരവാദിത്തമാണ്. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ നേരിടുന്നതാണ് പ്രധാന വെല്ലുവിളി.
പരമ്പരയ്ക്ക് മുന്നോടിയായി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ തന്റെ പരിശീലകരുടെ വ്യത്യാസത്തെക്കുറിച്ച് ഗില്‍ മനസു തുറന്നു. ഐപിഎല്ലില്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ച് ആശിഷ് നെഹ്‌റയാണ്. ഇന്ത്യന്‍ ടീമില്‍ ഗംഭീറും. സ്‌കൈ ക്രിക്കറ്റിനു വേണ്ടി ദിനേശ് കാര്‍ത്തിക്കുമായി സംസാരിക്കുന്നതിനിടെയാണ് ഗില്‍ നെഹ്‌റയെക്കുറിച്ചും, ഗംഭീറിനെക്കുറിച്ചും സംസാരിച്ചത്.
ഗംഭീറിനെപ്പോലെ വ്യത്യസ്തനായ ഒരാളെ പരിശീലകനായി ലഭിക്കുന്നത് രസകരമാണെന്ന് ഗില്‍ പറഞ്ഞു. നെഹ്‌റ പ്രായോഗിക ചിന്തയുള്ളയാളാണ്. കൂടുതല്‍ പ്രകടിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം. അത് നെഹ്‌റയുടെ പരിശീലന ശൈലിയിലും പ്രതിഫലിക്കുന്നുണ്ടെന്ന് ഗില്‍ വ്യക്തമാക്കി. ഗൗതം ഗംഭീര്‍ ദൃഢനിശ്ചയും പ്രതിബദ്ധതയുമുള്ളയാളാണ്. താരങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ആശയവിനിമയത്തില്‍ നിന്നു വ്യക്തമാണെന്നും ഗില്‍ കാര്‍ത്തിക്കിനോട് പറഞ്ഞു.




രണ്ട് വ്യത്യസ്ത പരിശീലകരെ ലഭിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നുവെന്നും, ഇത് ഒരു വിജയകരമായ ടീമിനെ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. ടീമില്‍ നിന്നും താരങ്ങളില്‍ നിന്നും അദ്ദേഹം ആഗ്രഹിക്കുന്ന മനോഭാവം ലഭിക്കുന്നതിലാണ് ഗംഭീര്‍ കൂടുതലും ശ്രദ്ധിക്കുന്നത്. ഗംഭീറിന്റെയും നെഹ്‌റയുടെയും വ്യക്തിത്വം വ്യത്യസ്തമാണെങ്കിലും അവസാനം എല്ലാവരും ഒരു പൊതു ലക്ഷ്യത്തിനാണ് ശ്രമിക്കുന്നത്. മാര്‍ഗങ്ങള്‍ വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നാണെന്നും ഗില്‍ വ്യക്തമാക്കി.