MS Dhoni: ‘എൻ്റെ കാൽമുട്ട് വേദന ആര് ശരിയാക്കും?’; ഇനിയും ഐപിഎൽ കളിക്കണമെന്നാവശ്യപ്പെട്ട ആരാധകനോട് എംഎസ് ധോണി
MS Dhoni About His IPL Future: എംഎസ് ധോണി അടുത്ത സീസണിൽ കളിക്കുമോ എന്നത് എല്ലാ സീസണ് മുന്നോടിയായും ഉയരുന്ന ചോദ്യമാണ്. ഇപ്പോഴും ആ ചോദ്യം ഉയരുന്നുണ്ട്. അതിന് ധോണി പറഞ്ഞ മറുപടിയാണ് വൈറൽ.
ഇനിയും ഐപിഎൽ കളിക്കണമെന്നാവശ്യപ്പെട്ട ആരാധകനോട് തൻ്റെ കാൽമുട്ട് വേദനയപ്പെറ്റി സൂചിപ്പിച്ച് എംഎസ് ധോണി. കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് സംഭവം. ചെന്നൈ സൂപ്പർ കിംഗ്സ് താരമായ എംഎസ് ധോണി കഴിഞ്ഞ സീസണിൽ കളിക്കുകയും ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടർന്ന് ചില മത്സരങ്ങളിൽ ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
വരുന്ന സീസണിൽ ഐപിഎൽ കളിക്കുമോ എന്ന ചോദ്യത്തോട് സംസാരിക്കുകയായിരുന്നു ധോണി. “ഞാൻ ഇനി കളിക്കുമോ ഇല്ലയോ എന്നറിയില്ല. തീരുമാനിക്കാൻ സമയമുണ്ടല്ലോ. എനിക്ക് ഡിസംബർ വരെ സമയമുണ്ട്. കുറച്ച് മാസങ്ങൾക്കുള്ളിൽ ഞാൻ എൻ്റെ തീരുമാനമെടുക്കും.”- ധോണി പറഞ്ഞു. ഇത് കേട്ട ഒരു ആരാധകൻ, “താങ്കൾ തീർച്ചയായും കളിക്കണം, സർ” എന്ന് വിളിച്ചുപറഞ്ഞു. ഇതിന് രസകരമായ മറുപടിയാണ് ധോണി പറഞ്ഞത്. “എനിക്ക് കാൽമുട്ടിൽ വേദനയുണ്ട്. അത് ആര് ശരിയാക്കും?” എന്ന് അദ്ദേഹം ചോദിച്ചു.



എംഎസ് ധോണിക്ക് പകരം 2024 സീസണിലാണ് ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പർ കിംഗ്സിനെ ആദ്യമായി നയിച്ചത്. അഞ്ചാം സ്ഥാനത്താണ് ചെന്നൈ സീസണിൽ ഫിനിഷ് ചെയ്തത്. കഴിഞ്ഞ സീസണിലും ടീം നായകനായി ഋതുരാജ് തുടർന്നു. പരിക്കേറ്റതോടെ താരത്തിന് പകരം അവസാന മത്സരങ്ങളിൽ എംഎസ് ധോണി ടീം ക്യാപ്റ്റനായി. പരിക്കേറ്റ് ഋതുരാജ് സീസണിൽ അഞ്ച് മത്സരങ്ങളിൽ മാത്രമേ കളിച്ചിരുന്നുള്ളൂ.
ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഒറ്റ വരിയിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളൊക്കെ രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും തകർത്തു. തൻ്റെ ലോകമാണ് രാജസ്ഥാൻ റോയൽസ് എന്ന് സഞ്ജു സാംസൺ ആർ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു. ഇത് രാജസ്ഥാൻ റോയൽസ് പങ്കുവച്ചു.