Ranji Trophy 2025: അസാമാന്യ സ്പെല്ലുമായി നിധീഷ് എംഡി; കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം
Kerala vs Saurashtra Ranji Trophy: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എംഡിയാണ് സൗരാഷ്ട്രയെ തകർത്തത്.
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയ്ക്ക് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 84 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു. അഞ്ച് വിക്കറ്റും നിധീഷ് എംഡിയാണ് വീഴ്ത്തുന്നത്. സീസണിൽ ഇതാദ്യമായാണ് കേരളം ഒരു കളി ഏതെങ്കിലും ഒരു ഘട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്.
തിരുവനന്തപുരം മംഗലപുരത്തെ കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം പന്തെറിയാനുള്ള കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് നിധീഷ് നടത്തിയത്. സ്കോർബോർഡ് തുറക്കും മുൻപ് ഹർവിക് ദേശായിയെ (0) രോഹൻ കുന്നുമ്മലിൻ്റെ കൈകളിലെത്തിച്ച് താരം വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നാലെ നിധീഷിൻ്റെ പന്തിൽ ചിരാഗ് ജാനിയെ (5) ആകർഷ് എകെയും അർപിത് വാസവദയെ (0) ബാബ അപരാജിതും പിടികൂടി. ഇതോടെ കരുത്തരായ സൗരാഷ്ട്ര മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസെന്ന നിലയിലേക്ക് തകർന്നു.
നാലാം വിക്കറ്റിൽ ജെയ് ഗോഹിലും പ്രേരക് മങ്കാദും ചേർന്നാണ് സൗരാഷ്ട്രയെ രക്ഷിച്ചത്. ആക്രമിച്ച് കളിച്ച ഗോഹിൽ അർദ്ധസെഞ്ചുറിയും കടന്ന് കുതിച്ചപ്പോൾ മങ്കാദ് ക്രീസിലുറച്ചു. 69 റൺസ് നീണ്ട ഈ കൂട്ടുകെട്ട് തകർക്കാൻ വീണ്ടും നിധീഷ് വേണ്ടിവന്നു. തൻ്റെ രണ്ടാം സ്പെല്ലിൽ മങ്കാദിനെ അസ്ഹറുദ്ദീൻ്റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട് പൊളിച്ച നിധീഷ് അൻഷ് ഗോസായിയെ (1) വീഴ്ത്തി അഞ്ച് വിക്കറ്റ് നേട്ടം കുറിച്ചു. അൻഷ് ഗോസായിയും അസ്ഹറുദ്ദീൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. 63 റൺസുമായി ജെയ് ഗോഹിലും ഒരു റൺസുമായി സമ്മർ ഗജ്ജാറുമാണ് നിലവിൽ സൗരാഷ്ട്രയ്ക്കായി ക്രീസിലുള്ളത്.
ഇതുവരെ മൂന്ന് മത്സരം കളിച്ച കേരളത്തിന് ആകെ രണ്ട് പോയിൻ്റാണ് ഉള്ളത്. രണ്ട് സമനിലയും ഒരു ഇന്നിംഗ്സ് തോൽവിയും കേരളം വഴങ്ങി.