Sanju Samson: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി എന്ന് കളിക്കും? മുന്നോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞത്
Sanju Samson faces obstacles: സഞ്ജു സാംസണ്‍ രാജ്യാന്തര കരിയറില്‍ നേരിടുന്നത് വല്ലാത്ത പ്രതിസന്ധി. ഓസീസ് പര്യടനത്തില്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് ബാറ്റിങിന് അവസരം ലഭിച്ചത്. താരം ഇനി ഇന്ത്യയ്ക്കായി എന്നു കളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം
2014ല്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തിന് അതൊരു ആഘോഷമായിരുന്നു. ശ്രീശാന്തിന് ശേഷം മറ്റൊരു മലയാളി ദേശീയ ടീമിലെത്തിയത് ആരാധകര്‍ ആഘോഷിച്ചു. പക്ഷേ, പരമ്പരയിലുടനീളം ബെഞ്ചിലിരിക്കാനായിരുന്നു സഞ്ജുവിന്റെ വിധി. വെറും 19 വയസല്ലേ പ്രായമുള്ളൂവെന്നും, സഞ്ജുവിന് ഇനിയും അവസരങ്ങള്‍ തേടിയെത്തുമെന്നും പലരും ആശ്വസിച്ചു. എന്നാല്‍ അന്ന് സഞ്ജുവിന്റെ പ്രായമോര്‍ത്താണ് ആശ്വസിച്ചതെങ്കില്‍, ഇന്ന് അദ്ദേഹത്തിന്റെ പ്രായമോര്‍ത്താണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. 30 പിന്നിട്ട സഞ്ജുവിന് ഇനി ഏറിയാല്‍ അഞ്ച് വര്‍ഷമാണ് രാജ്യാന്തര ക്രിക്കറ്റില്‍ അവശേഷിക്കുന്നത്. എന്നാല്‍ പലപ്പോഴായി തഴയപ്പെടുന്ന താരത്തിന് ഇനിയൊരു തിരിച്ചുവരവ് എത്രത്തോളം സാധ്യമാണെന്നാണ് ചോദ്യം.
ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാല്‍ അതില്‍ അനീതി നേരിട്ട താരങ്ങളുടെ പേജിലെ ആദ്യ പേരുകാരന്‍ സഞ്ജു സാംസണാകും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയാണ് ഒടുവിലത്തെ ഉദാഹരണം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സഞ്ജുവിനെ പരിഗണിച്ചത് രണ്ട് മത്സരങ്ങളില്‍ മാത്രം. അതില്‍ ആദ്യ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച. രണ്ടാമത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിനെ തുടര്‍ന്ന് പാടെ മാറ്റിനിര്‍ത്തി. എന്നാല്‍ രണ്ടാം ടി20യില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ പലരും പരാജയമായിരുന്നു. പക്ഷേ, ശിക്ഷ ഏല്‍ക്കേണ്ടി വന്നത് സഞ്ജു മാത്രം.
ജിതേഷ് ശര്‍മ അവസരം അര്‍ഹിക്കുന്നുവെന്നതില്‍ സംശയമില്ല. പക്ഷേ, കഴിഞ്ഞ മെയ് മുതല്‍ തുടര്‍ച്ചയായി കളിക്കുന്ന ശുഭ്മാന്‍ ഗില്ലിന് വിശ്രമം അനുവദിച്ച് സഞ്ജുവിന് ഇന്ന് അവസരം കൊടുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. എത്ര നിരാശജനകമായ പ്രകടനം പുറത്തെടുത്താലും ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനെ ‘ഗ്രൂമിങ്’ ചെയ്യാനെന്ന പേരില്‍ ഗില്ലിനെ ടീം മാനേജ്‌മെന്റ് പുറത്താക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ വര്‍ക്ക്‌ലോഡിന്റെ പേരില്‍ ഗില്ലിന് വിശ്രമം അനുവദിച്ച് സഞ്ജുവിന് അവസരം കൊടുക്കാമായിരുന്നു. അതിന് തയ്യാറാകാത്തതിന്റെ കാരണമാണ് പിടികിട്ടാത്തത്.
മുന്നോട്ടുപോക്കില്‍ പ്രതിസന്ധി
ഈ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ സഞ്ജുവും അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഈ പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും അതിന് മുമ്പ് ബംഗ്ലാദേശിനെതിരെയും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടന്ന ടി20 പരമ്പരകളിലെ തകര്‍പ്പന്‍ പ്രകടനത്തോടെ താരം ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമില്‍ ഉള്‍പ്പെടുത്തിയതോടെ എല്ലാം തകിടം മറിഞ്ഞു.
തുടര്‍ന്ന് ബാറ്റിങ് പൊസിഷനില്‍ പല തവണ സഞ്ജുവിനെ അമ്മാനമാടി. ഏഷ്യാ കപ്പില്‍ മധ്യനിരയിലേക്ക് താഴ്ത്തിയെങ്കിലും അവിടെയും സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടീമിലെ സ്ഥാനം നഷ്ടമായി. സഞ്ജുവിനെ തഴയാനുള്ള പദ്ധതി നേരത്തെ തന്നെ ആരംഭിച്ചോയെന്നാണ് ആരാധകരുടെ സംശയം. കാരണം സമീപകാലത്ത് ടീം സെലക്ഷനില്‍ രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തരമൊരു തരംതാഴ്ത്തലിന്റെ കാരണമാണ് ആരാധകര്‍ക്ക് മനസിലാകാത്തത്.
തിരിച്ചുവരവ് ഇനിയെന്ന്?
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന, ടി20 പരമ്പരകളാണ് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ അടുത്ത അസൈന്‍മെന്റ്. ഇതില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിന പരമ്പരയ്ക്കുള്ള സീനിയര്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തുമോയെന്ന് വ്യക്തവുമല്ല. സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നും പറഞ്ഞ് ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ താരത്തെ തഴഞ്ഞ സെലക്ടര്‍മാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മറിച്ച് ചിന്തിക്കുമോയെന്ന് കണ്ടറിയേണ്ട കാര്യമാണ്.
പരിക്കേറ്റ ശ്രേയസ് അയ്യര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഏകദിന സ്‌ക്വാഡില്‍ നിലവില്‍ ഒഴിവുണ്ട്. എന്നാല്‍ പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തുന്ന ഋഷഭ് പന്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പതിനഞ്ചംഗ ടീമിലിടം നേടിയാല്‍ പോലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ പ്ലേയിങ് ഇലവനില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. നിലവിലെ സാഹചര്യങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും സഞ്ജുവിനെ ഉള്‍പ്പെടുത്തുമോയെന്ന് അവ്യക്തമാണ്.