Ranji Trophy: അടുത്ത സീസണിൽ എതിരാളികൾ മണിപ്പൂരും മേഘാലയയും; രഞ്ജിയിൽ കേരളം പ്ലേറ്റ് ലീഗിലേക്ക്
Keralas Ranji Trophy Future: രഞ്ജി ട്രോഫിയിൽ കേരളത്തിന് പ്ലേറ്റ് ലീഗ് ഒഴിവാക്കാൻ അവസാന കളി ജയം അനിവാര്യം. ഗോവയ്ക്കെതിരെ ഈ മാസം 29നാണ് മത്സരം.
രഞ്ജി ട്രോഫിയിൽ കേരളം പ്ലേറ്റ് ലീഗിലേക്ക്. ഗോവയ്ക്കെതിരെ എലീറ്റ് ഗ്രൂപ്പിൽ അവസാനമത്സരം കളിക്കുന്ന കേരളത്തിന് അടുത്ത സീസണിൽ പ്ലേറ്റ് ലീഗ് ഒഴിവാക്കാൻ ഒരു ജയം അനിവാര്യമാണ്. ഈ കളി ജയം ലഭിച്ചില്ലെങ്കിൽ മറ്റ് ടീമുകളുടെ മത്സരഫലം കൂടി പരിഗണിച്ച് കേരളം വരുന്ന സീസണിൽ പ്ലേറ്റ് ലീഗ് കളിക്കാനുള്ള സാധ്യത കൂടുതലാണ്.
പ്ലേറ്റ് ലീഗിൽ രാജ്യത്തെ ദുർബലരായ ടീമുകളാണ് കളിക്കുന്നത്. കൂടുതലും നോർത്തീസ്റ്റ് ടീമുകളാണ് പ്ലേറ്റ് ലീഗിലുള്ളത്. മണിപ്പൂർ, മേഘാലയ, സിക്കിം, മിസോറം, അരുണാചൽ പ്രദേശ് തുടങ്ങിയ ടീമുകൾക്കൊപ്പം എലീറ്റ് ലീഗിലെ ഓരോ ഗ്രൂപ്പിലും അവസാന സ്ഥാനത്തെത്തുന്ന ടീമുകളാണ് അടുത്ത പ്ലേറ്റ് ലീഗിൽ കളിക്കുക. ഇങ്ങനെ പ്ലേറ്റ് ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടവരിൽ ഹൈദരാബാദ്, ബംഗാൾ, ഉത്തർ പ്രദേശ് തുടങ്ങി വമ്പൻ ടീമുകളുമുണ്ട്.
കേരളത്തിൻ്റെ അവസാന കളി ഗോവയ്ക്കെതിരെയാണ്. എലീറ്റ് ഗ്രൂപ്പ് ബിയിൽ കേരളം നിലവിൽ എട്ടാമതാണ്. ഏഴ് കളിയിൽ നാല് സമനിലയടക്കം 8 പോയിൻ്റാണ് സമ്പാദ്യം. ഏഴാമതുള്ള ഛത്തീസ്ഗഡിലും എട്ട് പോയിൻ്റാണ്. മികച്ച നെറ്റ് റൺ റേറ്റാണ് ഛത്തീസ്ഗഡിന് തുണയായത്. ഗോവ, പഞ്ചാബ് എന്നീ ടീമുകൾ 11 പോയിൻ്റുമായി യഥാക്രമം അഞ്ച്, ആറ് സ്ഥാനങ്ങളിൽ. ഗോവയ്ക്കെതിരെ വിജയിക്കാനായാൽ കേരളത്തിൻ്റെ ആകെ പോയിൻ്റ്14 ആകും. ഗോവ 11ൽ ഒതുങ്ങും.
ഛത്തീസ്ഗഡും പഞ്ചാബും അവസാന കളി വിജയിച്ചാലും ഗോവ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടും. കേരളം സുരക്ഷിതമാവും. കളി തോറ്റാൽ ഛത്തീസ്ഗഡിൻ്റെ മത്സരഫലം കൂടി പരിഗണിച്ച് പ്ലേറ്റ് ലീഗ് ഉറപ്പ്. സമനില ആയാലും മറ്റ് മത്സരഫലങ്ങൾ ആശ്രയിക്കണം. അതായത്, ഗോവയ്ക്കെതിരെ ഒരു ജയം മാത്രമേ കേരളത്തിന് നേരിട്ട് ഗുണം ചെയ്യുകയുള്ളൂ.