India W vs England W: റിച്ച ഘോഷിന്റെ പോരാട്ടം പാഴായി; രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയുടെ പെണ്‍പടയ്ക്ക് തോല്‍വി
ICC Women’s T20 World Cup First Warm-up: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു.

India W vs England W
വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെടുത്തു. ഇന്ത്യയുടെ പോരാട്ടം 19.5 ഓവറില്‍ 166 റണ്‍സിന് അവസാനിച്ചു. റിച്ച ഘോഷിന്റെ ഒറ്റയാള്‍ പോരാട്ടമാണ് അവസാന നിമിഷം വരെ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. 36 പന്തില്‍ 68 റണ്‍സാണ് റിച്ച നേടിയത്. രണ്ട് സിക്‌സുകളും, ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ഇന്ത്യന്‍ നിരയില്‍ മറ്റ് ബാറ്റര്‍മാരെല്ലാം പൂര്‍ണ പരാജയമായി. ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ വിക്കറ്റ് രണ്ടാം ഓവറില്‍ തന്നെ നഷ്ടമായി. തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും സഹ ഓപ്പണര്‍ ഷെഫാലി വര്‍മയും പെട്ടെന്ന് മടങ്ങി. ആറു പന്തില്‍ 13 റണ്‍സാണ് ഷെഫാലി നേടിയത്.
വണ്‍ ഡൗണായെത്തിയ യാസ്തിക ഭാട്ടിയക്കും (17 പന്തില്‍ 15), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (18 പന്തില്‍ 17) റണ്‍റേറ്റിന് അനുസരിച്ച് സ്‌കോര്‍ ചെയ്യാനായില്ല. വിന്‍ഡീസിനെതിരായ സന്നാഹ മത്സരത്തിലെ ടോപ് സ്‌കോററായിരുന്ന ഭാരതി ഫുല്‍മാലിയും (17 പന്തില്‍ 18) നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ച് തുടങ്ങി.
തുടര്‍ന്നായിരുന്നു റിച്ചയുടെ വീരോചിത പ്രകടനം ആരംഭിച്ചത്. പ്രതീക്ഷകള്‍ അവസാനിച്ചു തുടങ്ങിയ മത്സരത്തില്‍, അവസാന ഓവര്‍ വരെ ആവേശം നിറയ്ക്കാന്‍ റിച്ചയ്ക്ക് സാധിച്ചു. 20-ാം ഓവറിലെ നാലാം പന്തില്‍ റിച്ച പുറത്താകുന്നതുവരെ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. ലിന്‍സി സ്മിത്തിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ആലിസ് കാപ്‌സി താരത്തെ സ്റ്റമ്പ് ഔട്ട് ചെയ്യുകയായിരുന്നു.
ഒമ്പത് പന്തില്‍ 16 റണ്‍സെടുത്ത രാധാ യാദവാണ് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത മറ്റൊരു താരം. ക്രാന്തി ഗൗഡ്- രണ്ട് പന്തില്‍ ഒന്ന്, ശ്രീ ചരണി-മൂന്ന് പന്തില്‍ 6 നോട്ടൗട്ട്, രേണുക സിങ്-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത് മൂന്നു വിക്കറ്റും, ചാര്‍ലി ഡീന്‍, ടിലി കോര്‍ട്ടീന്‍ കോള്‍മാന്‍, ഡാനി ഗിബ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ഇസി വോങ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ടിന്റെ ബാറ്റിങ്
45 പന്തില്‍ 64 റണ്‍സെടുത്ത ഓപ്പണര്‍ ആമി ജോണ്‍സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 45 പന്തില്‍ 57 റണ്‍സെടുത്ത ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രന്റ്, പുറത്താകാതെ 12 പന്തില്‍ 30 റണ്‍സെടുത്ത ഡാനി ഗിബ്‌സണ്‍ എന്നിവരും തിളങ്ങി. ഇംഗ്ലണ്ട് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല. ഇന്ത്യന്‍ ബൗളര്‍മാരില്‍ ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് നേടി. ഷെഫാലി വര്‍മ, രേണുക സിങ്, ശ്രീ ചരണി, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
ഇതോടെ ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ അവസാനിച്ചു. ആദ്യ സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചിരുന്നു. 14-ന് പാകിസ്ഥാനെതിരെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.
English Summary
England Women defeated India Women by 5 wickets in their second T20 World Cup warm-up match. Batting first, England scored 171 for 6, driven by half-centuries from Amy Jones and Nat Sciver-Brunt. India were bowled out for 166, despite a brilliant lone fightback from Richa Ghosh, who smashed 68 off 36 balls. With the warm-up matches completed, India will now face Pakistan in their tournament opener on June 14.