Rohit Sharma: കഥാന്ത്യത്തിൽ ദ്രൗപതിയുടെ സ്നേഹം ലഭിക്കുന്ന ഭീമൻ; രോഹിത് ശർമ്മ ഒന്നാം റാങ്കിലെത്തുന്നത് കാലത്തിൻ്റെ കടപ്പാട്
Rohit Sharma As Bhima Gets What He Deserves: അർജുനനായ കോലിക്ക് കീഴിൽ എപ്പോഴും രണ്ടാമനായിപ്പോയ ഭീമൻ, രോഹിത് ശർമ്മ. മഹാപ്രസ്ഥാനത്തിൽ ദ്രൗപതി ഭീമനെ സ്നേഹപൂർവം നോക്കുന്നത് പോലെ രോഹിതിനെ തേടി കരിയറിൻ്റെ അവസാനം ഐസിസി ഒന്നാം റാങ്ക് എത്തുകയാണ്.

രോഹിത് ശർമ്മ
മഹാപ്രസ്ഥാനത്തിലേക്കുള്ള യാത്രക്കിടെ ദ്രൗപതി കുഴഞ്ഞുവീഴുന്നു. എല്ലാവരും അവളെക്കടന്ന് പോകുന്നു. രണ്ടാമൂഴത്തിൽ തിരിഞ്ഞുനിന്ന് അവളെ നോക്കുന്നത് ഭീമനാണ്. ഏറ്റവും പ്രിയപ്പെട്ട അർജുനൻ പോലും തിരികെനോക്കാതെ നടന്നുനീങ്ങുമ്പോൾ ദ്രൗപതിയുടെ കണ്ണിൽ നിസ്സഹായത. കൂട്ടത്തിൽ എന്നും മാറ്റിനിർത്തപ്പെട്ട ഭീമൻ അവൾക്കരികെ ഇരിക്കുന്നു. അവളുടെ ശിരസ് തൻ്റെ മടിയിൽ വെക്കുന്നു. ദ്രൗപതിയുടെ കണ്ണുകളിൽ ആർദ്രത. ക്ഷമാപണം. സ്നേഹം. അവളുടെ കണ്ണുകളടയുന്നു. ജീവിതത്തിൻ്റെ ഏറ്റവും അവസാനമാണ് ഭീമന് ദ്രൗപതിയിൽ നിന്ന് സ്നേഹത്തിൻ്റെ ഒരു നോട്ടം ലഭിക്കുന്നത്.
38ആം വയസിലാണ് രോഹിത് ഗുരുനാഥ് ശർമ്മ ഐസിസി റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. ഒന്നര പതിറ്റാണ്ട് നീണ്ട കരിയറിൽ സർവസമ്മതനായ അർജുനന് പിന്നിൽ എപ്പോഴും രണ്ടാമനായ ഭീമൻ ഒടുവിൽ ദ്രൗപതിയുടെ സ്നേഹത്തിൻ്റെ ഊഷ്മളത അറിയുന്നു. ഓസ്ട്രേലിയക്കെതിരെ മൂന്ന് കളി. ഒരു സെഞ്ചുറി, ഒരു ഫിഫ്റ്റി. ശരാശരി 101. ഐസിസി റാങ്കിംഗിൽ ആദ്യമായി ഒന്നാമത്. അർജുനൻ എന്ന അതികായൻ്റെ നിഴൽ വീണതുകൊണ്ട് മാത്രം അന്യമായിപ്പോയ സ്ഥാനം.
Also Read: Rohit Sharma: ‘അവസാനമായി സിഡ്നിയിൽ നിന്ന് വിടവാങ്ങുന്നു’; രോഹിത് ശർമ്മയുടെ വൈകാരിക പോസ്റ്റ്
ചരിത്രം പിറക്കുന്ന മൂന്നക്കം കുറിയ്ക്കുമ്പോൾ രോഹിതിൻ്റെ ആഘോഷം വളരെ നിയന്ത്രിതമായിരുന്നു. ഹെൽമറ്റ് അഴിച്ചില്ല. കൈവിടർത്തിയില്ല. നിന്ന നില്പിൽ ബാറ്റൊന്നുയർത്തി വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനൊരുങ്ങിയ രോഹിതിനെ കോലി ആശ്ലേഷിക്കുകയാണ്. ഒപ്പം നടന്ന അർജുനൻ. ദ്രൗപതിയും ഹസ്തിനപുരിയും സ്നേഹിച്ചത് അർജുനനെയായിരുന്നു. അയാളത് ആവശ്യപ്പെട്ടതല്ല. അതിനയാൾ അർഹനായിരുന്നു. കോലി ആശ്ലേഷിച്ചപ്പോൾ രോഹിത് ചിരിച്ചു. ഇനിയെത്ര നാൾ എന്ന് മമ്മൂട്ടി മോഹൻലാലിനോട് ചോദിച്ചതുപോലെ ഒരു അടക്കിപ്പിടിച്ച ചോദ്യം ആ ചിരിയിലുണ്ടായിരുന്നു. ഡൗൺ അണ്ടറിലേക്ക് ഇനി രണ്ട് പേരും കളിക്കാരായി പോകില്ലെന്നുറപ്പാണ്. തിരശ്ശീല വീഴും മുൻപുള്ള ഫൈനൽ ആക്ടിൽ ഭീമനും അർജുനനും ഇന്ത്യയെ ആധികാരികമായ ഒരു വിജയത്തിലേക്ക് നയിക്കുന്നു. അർജുനനെ നിർത്തി ഭീമൻ അതിൻ്റെ കടിഞ്ഞാൻ പിടിക്കുന്നു. അതിന് ശേഷം ദ്രൗപതിയുടെ സ്നേഹം തേടിയെത്തുന്നു.
പിച്ചിലേക്കെത്തുമ്പോൾ സിഡ്നി കാണികൾ എഴുന്നേറ്റ് നിന്ന് ആദരിക്കുന്നത് അർജുനനെത്തന്നെയാണ്. ഹസ്തിനപുരി മാത്രമല്ല, ഇന്ദ്രപ്രസ്ഥവും വിരാട നഗരിയുമൊക്കെ ആരാധിച്ചിരുന്നത് അർജുനനെയാണ്. അയാളായിരുന്നു സൂപ്പർ ഹീറോ. അയാൾ സവ്യസാചി ആയിരുന്നു. അമ്പെയ്ത്തിൽ അയാളെ വെല്ലാൻ അന്നാട്ടിലല്ല, മറുനാട്ടിലും ആരുമില്ലായിരുന്നു. ഗാണ്ഡീവവും ബ്രഹ്മാസ്ത്രവുമടക്കം അയാളുടെ ആവനാഴിയിൽ ആയുധങ്ങൾക്ക് പഞ്ഞമില്ലായിരുന്നു. അതുകൊണ്ട് അയാളായിരുന്നു ഫാൻ ഫേവരിറ്റ്. സെഞ്ചുറി പിന്നിട്ടപ്പോൾ, ലക്ഷ്യം ഭേദിച്ച് തിരികെ പോകുമ്പോൾ സിഡ്നി ഭീമനായി എഴുന്നേറ്റുനിന്നു. അയാൾക്കൊന്നും ഒരിക്കലും ആരും തളികയിൽ വച്ചുനീട്ടിയിട്ടില്ല. എല്ലാത്തിനും വേണ്ടി അയാൾക്ക് കലഹിക്കേണ്ടിവന്നു. അസാമാന്യ കൈക്കരുത്തിലും ഭീമനെ ആരും കണ്ടില്ല. ഒടുവിൽ കേവലം മൂന്ന് വർഷം കൊണ്ട് അയാൾ ഇന്ത്യക്ക് നൽകിയത് രണ്ട് ഐസിസി കിരീടങ്ങൾ, ഒരു റണ്ണർ അപ്പ്. ചരിത്രത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത വിധം ഭീമൻ പാദമുദ്ര പതിപ്പിച്ചുകഴിഞ്ഞു. മഹാപ്രസ്ഥാനത്തിലേക്കുള്ള യാത്രയിൽ, ഒടുവിൽ അയാൾക്ക് ദ്രൗപതിയുടെ സ്നേഹവും ലഭിച്ചിരിക്കുന്നു.