Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സമ്പൂര്‍ണ നിരാശ; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു ബെഞ്ചിലോ?
Sanju Samson under pressure: ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണ് തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏഷ്യന്‍ ഗെയിംസില്‍ കൂടുതലും ഇടങ്കയ്യന്‍ ബാറ്റര്‍മാരെയാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ അണിനിരത്തിയത്. സഞ്ജുവും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മാത്രമായിരുന്നു പ്രധാന ബാറ്റര്‍മാരിലെ വലങ്കയ്യന്‍മാര്‍.
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണം നേടിയെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ നിരാശയില്‍. പാകിസ്ഥാനെതിരെ നടന്ന ഫൈനലില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു നാലു പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി. അഹമ്മദ് ദനിയാലിന്റെ പന്തില്‍ അലക്ഷ്യമായ ഷോട്ടിന് ശ്രമിച്ച താരം അറാഫത്ത് മിന്‍ഹാസിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ രണ്ടക്കം കടക്കാത്ത ഏക ബാറ്ററും സഞ്ജുവാണ്. ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ലങ്കയ്‌ക്കെതിരെ നേടിയത് ഒമ്പത് പന്തില്‍ ഏഴു റണ്‍സ് മാത്രം. അതായത്, വെറും ഒമ്പത് റണ്‍സാണ് ഏഷ്യന്‍ ഗെയിംസിലെ സഞ്ജുവിന്റെ സമ്പാദ്യം.
ഏഷ്യന്‍ ഗെയിംസിലെ മോശം പ്രകടനം വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിന് തിരിച്ചടിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഏഷ്യന്‍ ഗെയിംസില്‍ കൂടുതലും ഇടങ്കയ്യന്‍ ബാറ്റര്‍മാരെയാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ അണിനിരത്തിയത്. സഞ്ജുവും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മാത്രമായിരുന്നു പ്രധാന ബാറ്റര്‍മാരിലെ വലങ്കയ്യന്‍മാര്‍.
ബാറ്റിങിലെ ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷന്‍ എന്ന സ്ട്രാറ്റജിയും ടീം മാനേജ്‌മെന്റ് പാടെ മറന്ന മട്ടാണ്. വൈഭവ് സൂര്യവംശിയും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാര്‍. സെമിയില്‍ വൈഭവും, ഫൈനലില്‍ അഭിഷേകും മികച്ച പ്രകടനം പുറത്തെടുത്തു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയിലും ഇരുവരും ഓപ്പണര്‍മാരായി തുടരാനാണ് സാധ്യത. ഇതാണ് സഞ്ജുവിന് തിരിച്ചടിയാകുന്നത്.
ജപ്പാനിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതലും സ്പിന്നര്‍മാരെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ പരീക്ഷിച്ചത്. ജസ്പ്രീത് ബുംറ മാത്രമായിരുന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍. ശിവം ദുബെയായിരുന്നു മറ്റൊരു ഓപ്ഷന്‍. പ്ലേയിങ് ഇലവനിലെ മറ്റ് ബൗളര്‍മാരെല്ലാം സ്പിന്നര്‍മാരായിരുന്നു.
എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നടക്കുന്നത് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ പ്ലേയിങ് ഇലവനില്‍ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പ്. ഇതിന് മുമ്പ് നടന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത് പരിഗണിച്ച് വിന്‍ഡീസ് പരമ്പരയില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം കിട്ടിയേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര
വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഒക്ടോബര്‍ 6, 9, 11, 14, 17 തീയതികളിലാണ് മത്സരം.
English Summary
India won the Asian Games gold, but Sanju Samson disappointed fans with just nine runs in total. His poor form in Japan puts his spot in the upcoming home T20I series against West Indies in doubt. Competition from left-handed openers like Vaibhav Sooryavanshi and Abhishek Sharma further complicates his selection.