ബാലൻസ് കൃത്യമാകണം, 2027 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകുന്ന താരത്തെ വെളിപ്പെടുത്തി സൗരവ് ഗാംഗുലി
Sourav Ganguly: ''പാകിസ്ഥാൻ വളരെ ദുർബലമാണ്, മാത്രമല്ല ഇന്ത്യ അവരെ ദീർഘകാലമായി പരാജയപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ഞാൻ കാത്തിരിക്കുന്നത് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനാണ്, അത് ഒരുപക്ഷേ രണ്ടാം റൗണ്ടിലായിരിക്കും നടക്കുക. നിലവിൽ ദക്ഷിണാഫ്രിക്ക വളരെ മികച്ചൊരു ടീമാണ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് ഗംഭീരമായിരിക്കും'' എന്ന് ഗാംഗുലി.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന 2027-ലെ ഏകദിന ലോകകപ്പിനായി സജ്ജമായിക്കൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. വ്യാഴാഴ്ച കേപ് ടൗണിൽ വെച്ച് ഐസിസി 2027 ഏകദിന ലോകകപ്പിന്റെ ഷെഡ്യൂൾ ഔദ്യോഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഒക്ടോബർ 2 മുതൽ നവംബർ 21 വരെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. കൈവിട്ട കിരീടം തിരികെ ചൂടാൻ ഇന്ത്യ ഇറങ്ങുമ്പോൾ പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത് രോഹിത് ശർമ, വിരാട് കോലി എന്നീ താരങ്ങളിലേക്ക് ആണ്. 2027 ലോകകപ്പോടുകൂടി വിരമിക്കാൻ തയാറെടുക്കുകയാണ് ഈ ഇതിഹാസ താരങ്ങൾ. കോലിയുടെയും രോഹിത്തിന്റെയും ലോകകപ്പ് ടീമിലെ സാന്നിധ്യം അവർക്ക് നൽകുന്ന ആദരവിന്റെയും അർഹിക്കുന്ന യാത്രയയപ്പിന്റെയും ഭാഗമാകും. അതേസമയം കപ്പടിക്കാൻ ശക്തരായ ടീം തന്നെ വേണം.
മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി 2027 ലോകകപ്പിൽ നിർണായകമാകുന്ന ഇന്ത്യൻ താരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. വരുന്ന ലോകകപ്പിൽ ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സ്റ്റാർ ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ നിർണായക പങ്ക് വഹിക്കുമെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.
Also Read: അന്ന് അധികം അറിയപ്പെടാത്ത കൗമാരക്കാരൻ; 10 വർഷങ്ങൾക്ക് ശേഷം വിനീഷ്യസ് ജൂനിയർ വീണ്ടും ഇന്ത്യയിൽ
ഈ പ്രധാന ടൂർണമെന്റിന് മുന്നോടിയായി പാണ്ഡ്യയെ ശാരീരികക്ഷമതയോടെ മത്സരത്തിന് സജ്ജനായി നിലനിർത്തുക എന്നത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെ സംബന്ധിച്ചിടത്തോളം കളിക്കളത്തിന് പുറത്തുള്ള ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി. 2019-ലും 2023-ലും ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പുകളിൽ പാണ്ഡ്യ കളിച്ചിട്ടുണ്ട്. എന്നാൽ 2023-ൽ പൂനെയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് പാണ്ഡ്യ ടൂർണമെന്റിൽ നിന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.
സൗരവ് ഗാംഗുലിയുടെ വാക്കുകൾ:
“ലോകകപ്പിൽ ഇന്ത്യയുടെ ടീം ബാലൻസ് കൃത്യമാകാൻ ഹാർദിക് പാണ്ഡ്യ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെ ശാരീരികക്ഷമതയോടെ കളിക്കളത്തിൽ എത്തിക്കുക എന്നത് ഗംഭീറിനും ടീമിനും മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. അദ്ദേഹം ആവശ്യത്തിന് മത്സരങ്ങൾ കളിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നുണ്ടെങ്കിലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ടീം ബാലൻസ് കൃത്യമായിരിക്കേണ്ടതുണ്ട്. ഹാർദിക്കിന് പരിക്കേറ്റാൽ, അടുത്ത മികച്ച ഓപ്ഷൻ നിതീഷ് റെഡ്ഡിയാണ്”.
“എന്നാൽ ഹാർദിക് പാണ്ഡ്യയ്ക്ക് പകരമുള്ള രണ്ടാമത്തെ ഓപ്ഷനായി നിതീഷ് റെഡ്ഡിയെ പരിഗണിക്കുകയാണെങ്കിൽ, ലോകകപ്പ് വരെ അദ്ദേഹം എല്ലാ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. ജഡേജ മറ്റൊരു ഓപ്ഷനാണ്. അദ്ദേഹത്തെ പരിഗണിക്കുമോ എന്ന് കണ്ടറിയണം, കാരണം ഏഴാം നമ്പറിൽ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുന്ന അദ്ദേഹം നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്നുണ്ട്. എന്നാൽ ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന മത്സരങ്ങളിൽ നിങ്ങൾക്ക് ഒരു സീമിംഗ് ഓൾറൗണ്ടറെ (പേസ് ബൗളിംഗ് ഓൾറൗണ്ടർ) ആവശ്യമായി വരും”.
”കാരണം മുൻനിരയിലെ അഞ്ച് ബാറ്റ്‌സ്മാൻമാരിൽ ആരും തന്നെ ബൗൾ ചെയ്യുന്നവരല്ല. അതിനാൽ അഞ്ചാമത്തെയോ ആറാമത്തെയോ ബൗളിംഗ് ഓപ്ഷൻ നിങ്ങൾ എവിടെ നിന്നെങ്കിലും കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യ ശരിയായ വ്യക്തിയെ കണ്ടെത്തേണ്ട മേഖലയാണത്. അതുകൊണ്ടാണ് പാണ്ഡ്യ വളരെ പ്രധാനമാണെന്ന് ഞാൻ ആവർത്തിച്ചു പറയുന്നത്,” എന്ന് ഗാംഗുലി പറഞ്ഞു.
“ഇന്ത്യ സാധാരണയായി പാകിസ്ഥാനെതിരെയാണ് ടൂർണമെന്റ് തുടങ്ങാറുള്ളത്, അതിനാൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടങ്ങുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ഏത് ഘട്ടത്തിലായാലും മികച്ച രണ്ട് ടീമുകളെ നേരിടേണ്ടതുണ്ട്; അത് ആദ്യം വരുന്നുവോ അതോ പിന്നീട് വരുന്നുവോ എന്നത് വിഷയമല്ല. മത്സരത്തിന്റെ നിലവാരം പരിഗണിക്കുമ്പോൾ, ഇന്ത്യ-പാകിസ്ഥാൻ മത്സരം പഴയതുപോലെയല്ലെന്ന് ഐസിസിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു”.
”പാകിസ്ഥാൻ വളരെ ദുർബലമാണ്, മാത്രമല്ല ഇന്ത്യ അവരെ ദീർഘകാലമായി പരാജയപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ഞാൻ കാത്തിരിക്കുന്നത് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനാണ്, അത് ഒരുപക്ഷേ രണ്ടാം റൗണ്ടിലായിരിക്കും നടക്കുക. നിലവിൽ ദക്ഷിണാഫ്രിക്ക വളരെ മികച്ചൊരു ടീമാണ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പ് ഗംഭീരമായിരിക്കും. കഴിഞ്ഞ വർഷം ഞാൻ SA20-ൽ ഭാഗമായിരുന്നു, ആ ഫ്രാഞ്ചൈസി ടൂർണമെന്റിന് ലഭിച്ച കാണികളുടെ പങ്കാളിത്തം അവിശ്വസനീയമായിരുന്നു. എല്ലാ ഗ്രൗണ്ടുകളും സ്റ്റാൻഡുകളും നിറഞ്ഞിരുന്നു,” ഗാംഗുലി ജിയോസ്റ്റാറിനോട് പറഞ്ഞു.
English Summary
Former Indian captain Sourav Ganguly has shared his views on the Indian player who will be pivotal in the 2027 World Cup. Ganguly stated that star fast-bowling all-rounder Hardik Pandya would play a crucial role in maintaining the team’s balance during the upcoming World Cup. He further noted that keeping Pandya physically fit and match-ready would be the biggest challenge off the field for head coach Gautam Gambhir.