Sanju Samson: സഞ്ജുവിന്റെ വില ശരിക്കും അറിഞ്ഞു; സെലക്ടര്‍മാര്‍ക്കെതിരെ ആരാധകര്‍
Sanju Samson should have played in ODI cricket: സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കണമായിരുന്നുവെന്ന് ആരാധകര്‍. താരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്

സഞ്ജു സാംസണ്‍
സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഏകദിന പരമ്പരയില്‍ തഴഞ്ഞ സെലക്ടര്‍മാരുടെ നടപടിക്കെതിരെ വിമര്‍ശനമുയരുന്നു. ഓസീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് ആരാധകര്‍ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ചത്. സഞ്ജു സാംസണ്‍ അവസാനം കളിച്ച ഏകദിനത്തില്‍ താരമായിരുന്നു കളിയിലെ താരം. അന്ന് സെഞ്ചുറി നേടിയ സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 78 റണ്‍സിന് തോല്‍പിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര അന്ന് ഇന്ത്യ 2-1നും സ്വന്തമാക്കി. വിദേശ പിച്ചില്‍ തനിക്ക് എന്തു ചെയ്യാനാകുമെന്ന് സഞ്ജു അന്നേ തെളിയിച്ചതാണ്.
ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ വിജയശില്‍പിയായിരുന്ന സഞ്ജുവിനെ ഓസ്‌ട്രേലിയയിലും കളിപ്പിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേനെ എന്ന് വിശ്വസിക്കുന്ന ആരാധകരുണ്ട്. സഞ്ജുവിന്റെ വില ശരിക്കും അറിഞ്ഞു എന്നായിരുന്നു ചിലരുടെ കമന്റ്.
സഞ്ജു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന വാദമുന്നയിച്ച് താരത്തെ തഴഞ്ഞ മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സഞ്ജുവിന് പകരം കെഎല്‍ രാഹുലിനെയും, ധ്രുവ് ജൂറലിനെയുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ജൂറലിന് അവസരം ലഭിച്ചിട്ടില്ല. ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുലിനാകട്ടെ ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങാനുമായില്ല.
ആദ്യ ഏകദിനത്തില്‍ 31 പന്തില്‍ 38 റണ്‍സെടുത്ത രാഹുല്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ അമ്പേ പരാജയമായി. 15 പന്തില്‍ 11 റണ്‍സാണ് താരം രണ്ടാം ഏകദിനത്തില്‍ നേടിയത്. പരമ്പരയിലെ അവസാന മത്സരം നാളെ സിഡ്‌നിയില്‍ നടക്കും. പരമ്പര കൈവിട്ടെങ്കിലും നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് നാളെ വിജയം അനിവാര്യമാണ്. രാഹുലിന് പകരം നാളെ ജൂറലിനെ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്.
ടി20 ടീം ഓസ്‌ട്രേലിയയില്‍
അതേസമയം, ഓസീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലെത്തി. വിമാനയാത്രയുടെ ദൃശ്യങ്ങള്‍ സഞ്ജു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ എത്തിയ ചിത്രങ്ങള്‍ അഭിഷേക് ശര്‍മയും പങ്കുവച്ചിരുന്നു. റിങ്കു സിങിനും, ജിതേഷ് ശര്‍മയ്ക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോയാണ് അഭിഷേക് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചത്.
തിലക് വര്‍മ, ശിവം ദുബെ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഓസ്‌ട്രേലിയയില്‍ പോകാന്‍ നില്‍ക്കുന്നതിന്റെ ഫോട്ടോ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
സഞ്ജു കളിക്കണമായിരുന്നു
ഏകദിനത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. അതില്‍ ഒരു ട്വീറ്റ് ചുവടെ കാണാം.
Sanju Samson should be played at number five in ODI cricket. He may be more suited to the South African conditions in the 2027 World Cup. Sanju has also scored a century in South African conditions.#INDvAUS #INDvsAUS #AUSvIND pic.twitter.com/zvp1apHMog
— kuldeep singh (@kuldeep0745) October 23, 2025