Sanju Samson: വമ്പൻ താരങ്ങളെ റിലീസ് ചെയ്ത് സഞ്ജുവിനായി ഹൈദരാബാദ്; വരുന്ന സീസണിൽ വെടിക്കെട്ടല്ല, ബോംബ്
SRH In The Ring For Sanju Samson: സഞ്ജു സാംസണെ സ്വന്തമാക്കാൻ സൺറൈസേഴ്സ് ഹൈദരാബാദ് ശ്രമിക്കുന്നു എന്ന് സൂചന. ലേലത്തിൽ സഞ്ജുവിനെ സ്വന്തമാക്കാൻ പല വമ്പൻ താരങ്ങളെയും ഹൈദരാബാദ് റിലീസ് ചെയ്യുമെന്നാണ് സൂചനകൾ.

സഞ്ജു സാംസൺ
വരുന്ന സീസണിൽ സഞ്ജു സാംസണെ സ്വന്തമാക്കാനായി മറ്റൊരു ടീം കൂടി രംഗത്ത്. വിസ്ഫോടനാത്മക ബാറ്റിംഗ് കൊണ്ട് കഴിഞ്ഞ സീസണുകളിൽ വെടിക്കെട്ട് തീർത്ത സൺറൈസേഴ്സ് ഹൈദരാബാദാണ് ‘ഓപ്പറേഷൻ സഞ്ജു’വിൽ പുതുതായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളനുസരിച്ച് വമ്പൻ താരങ്ങളെ റിലീസ് ചെയ്ത് കാവ്യ മാരനും സംഘവും സഞ്ജുവിനായി രംഗത്തിറങ്ങുമെന്നാണ്.
ഇഷാൻ കിഷൻ, ഹെയ്ൻറിച് ക്ലാസൻ, മുഹമ്മദ് ഷമി, രാഹുൽ ചഹാർ, വ്യാൻ മുൾഡർ എന്നിവരെ ഹൈദരാബാദ് റിലീസ് ചെയ്യുമെന്നാണ് വിവരം. 23 കോടി രൂപയ്ക്കാണ് ക്ലാസനെ സൺറൈസേഴ്സ് ടീമിലെത്തിച്ചത്. നല്ല പ്രകടനങ്ങൾ നടത്തിയെങ്കിലും ഈ പ്രൈസ് ടാഗിനോട് നീതിപുലർത്തുന്ന പെർഫോമൻസ് ക്ലാസനിൽ നിന്നുണ്ടായില്ല എന്നാണ് വിലയിരുത്തൽ. 11.25 കോടി രൂപയ്ക്ക് ഇഷാൻ കിഷനെ കഴിഞ്ഞ സീസണിൽ ടീമിലെത്തിച്ചത് ബാറ്റിംഗ് കരുത്ത് വർധിപ്പിക്കാനായിരുന്നു. കിഷൻ ഭേദപ്പെട്ട പ്രകടനങ്ങൾ നടത്തിയെങ്കിലും മാനേജ്മെൻ്റ് തൃപ്തരല്ല.
Also Read: Sanju Samson: സഞ്ജു സാംസൺ ഏറെ മോഹിച്ച സ്വപ്നം; പക്ഷേ, ഇനി അത് സാധിക്കില്ല?
ഈ രണ്ട് പേരാണ് പോയ സീസണിൽ ഹൈദരാബാദിനായി വിക്കറ്റ് സംരക്ഷിച്ചത്. ഇവർക്ക് പകരം സഞ്ജുവിനെ എത്തിച്ചാൽ ടോപ്പ് ഓർഡറിൽ വിശ്വസ്തനായ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയാണ് ഹൈദരാബാദിന് ലഭിക്കുക. ക്ലാസനെയും കിഷനെയും റിലീസ് ചെയ്യുന്നതിലൂടെ 34.25 കോടി രൂപയാണ് ഹൈദരാബാദിൻ്റെ പഴ്സിൽ ഫ്രീയാവുന്നത്. അതുകൊണ്ട് തന്നെ ലേലത്തിൽ സഞ്ജുവിനായി പണമെറിയാൻ ഫ്രാഞ്ചൈസിക്ക് സാധിക്കും.
സഞ്ജുവിനായുള്ള ശ്രമങ്ങൾ പല ടീമുകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ടെങ്കിലും താരം രാജസ്ഥാനിൽ തന്നെ തുടർന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ട്. റിയാൻ പരാഗ് ക്യാപ്റ്റനായി സഞ്ജു ടീമിലുണ്ടാവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നാണ് സൂചനകൾ. ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളാണ് സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മറ്റ് ഫ്രാഞ്ചൈസികൾ.