Sanju Samson: ഏത് ടീമിൽ പോയാലാണ് സഞ്ജുവിന് ഗുണകരമാവുക?; രംഗത്തുള്ളത് അഞ്ചോളം ടീമുകൾ
Which Team Is Good For Sanju Samson: സഞ്ജു സാംസൺ അടുത്ത സീസണിൽ ഏത് ടീമിലെത്തുമെന്നറിയാൻ ഇനിയും കാത്തിരിക്കണം. ഏത് ടീമാണ് സഞ്ജുവിന് ഗുണകരമാവുക എന്ന് നോക്കാം.
സഞ്ജു സാംസൺ ട്രേഡ് ഡീലിനോ മിനി ലേലത്തിനോ? സഞ്ജു സാംസൺ ഏത് ടീമിലേക്ക്? സഞ്ജുവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങളും വിലയിരുത്തലുകളും അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്. പല ടീമുകൾക്കും സഞ്ജുവിൽ കണ്ണുണ്ടെങ്കിലും സഞ്ജുവിന് ഏറ്റവും ഗുണകരമായ ഡീൽ ഏത് ടീമിലെത്തുന്നതാവും?
ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളാണ് നിലവിൽ സഞ്ജുവുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നത്. ഇതിൽ ശക്തരായ ക്യാപ്റ്റന്മാർ ഉള്ളത് ഹൈദരാബാദ് (പാറ്റ് കമ്മിൻസ്), ഡൽഹി (അക്സർ പട്ടേൽ), ചെന്നൈ (ഋതുരാജ് ഗെയ്ക്വാദ്) എന്നീ ടീമുകൾക്കാണ്.
കൊൽക്കത്തയെ അജിങ്ക്യ രഹാനെയാണ് കഴിഞ്ഞ സീസണിൽ നയിച്ചത്. രഹാനെ ഇത്തവണ ടീമിലുണ്ടാവുമോ എന്നത് പോലും ഉറപ്പില്ല. അങ്ങനെ നോക്കുമ്പോൾ സഞ്ജു കൊൽക്കത്തയിലെത്തിയാൽ ക്യാപ്റ്റനാവാം. എന്നാൽ, ക്വിൻ്റൺ ഡികോക്ക്, സുനിൽ നരേൻ എന്നിവരെ മറികടന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനാവില്ല. രഹാനെ കളിച്ച മൂന്നാം നമ്പരിൽ കളിക്കാം.
ഡൽഹി ക്യാപിറ്റൽസിലും ചെന്നൈ സൂപ്പർ കിംഗ്സിലുമാണ് ഓപ്പണിങ് ഒഴിവുള്ളത്. ഡുപ്ലെസിയെ റിലീസ് ചെയ്യുമ്പോൾ സഞ്ജുവിന് രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാം. പക്ഷേ, ക്യാപ്റ്റൻസി ലഭിക്കില്ല. ചെന്നൈ ഡെവോൺ കോൺവെയെ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. സഞ്ജുവിന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാം. പക്ഷേ, ക്യാപ്റ്റൻ ഋതുരാജ് തന്നെയാവും. സൺറൈസേഴ്സിൽ ക്യാപ്റ്റൻസി ലഭിക്കില്ല. ഇഷാൻ കിഷൻ കളിച്ച മൂന്നാം നമ്പറിൽ കളിക്കേണ്ടിവരും.
സഞ്ജു ഏറെക്കാലം കളിച്ചത് മൂന്നാം നമ്പറിലാണ്. ഇന്ത്യൻ ടീം ആവശ്യപ്പെട്ടതിനാലാണ് ഓപ്പണറായത്. ഇപ്പോൾ ഓപ്പണിംഗിൽ നിന്നും ടീമിൽ നിന്നും നീക്കിയതിനാൽ മൂന്നാം നമ്പറിലേക്ക് മാറുന്നത് പ്രശ്നമില്ല. അങ്ങനെ നോക്കുമ്പോൾ മൂന്നാം നമ്പർ + ക്യാപ്റ്റൻസി പരിഗണിച്ച് കൊൽക്കത്ത നല്ല ഓപ്ഷനാവും.