താജ്മഹൽ വേണ്ടെന്നുവെച്ചു, അനുമതിയില്ലാത്ത ചെങ്കോട്ടയും കുത്തബ് മിനാറും കണ്ട് പാക് മന്ത്രി
Pakistani Minister Visits Unlisted Delhi Sites During SCO Forum: മന്ത്രിയുടെയും സംഘത്തിൻ്റെയും സന്ദർശനത്തിനായി അഞ്ച് സ്ഥലങ്ങളിലേക്ക് പാകിസ്താൻ ഹൈക്കമ്മീഷൻ മുൻകൂർ അനുമതി തേടിയിരുന്നതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ ആഗ്രയിലെ താജ്മഹൽ, ഹുമയൂണിൻ്റെ ശവകുടീരം, ദില്ലി ഹാട്ട്, കില റായ് പിത്തോറ എന്നീ നാല് സ്ഥലങ്ങൾക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറി’ന് ശേഷം ഇന്ത്യയിലെത്തിയ ആദ്യ പാകിസ്താൻ മന്ത്രിയുടെ സന്ദർശനത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. എസ്.സി.ഒ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പാകിസ്താൻ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി ഏകോപന വകുപ്പ് മന്ത്രി മുസദ്ദിഖ് മസൂദ് മാലിക്കും സംഘവും ഇന്ത്യൻ സർക്കാർ മുൻകൂർ അനുമതി നൽകാത്ത ഡൽഹിയിലെ രണ്ട് ചരിത്രസ്മാരകങ്ങൾ സന്ദർശിച്ചു. അനുമതി ലഭിച്ച പട്ടികയിലെ ഭൂരിഭാഗം സ്ഥലങ്ങളും ഒഴിവാക്കിയ മന്ത്രിയും ഭാര്യയും, പകരം ചെങ്കോട്ടയും കുത്തബ് മിനാറും കാണാനാണ് എത്തിയത്.
നവംബർ 20 മുതൽ 22 വരെ ഡൽഹിയിലെ പുരാന കിലയിൽ നടന്ന എസ്.സി.ഒ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് മുസദ്ദിഖ് മസൂദ് മാലിക്കിൻ്റെ നേതൃത്വത്തിലുള്ള പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. 2023 മെയ് മാസത്തിൽ ഗോവയിൽ നടന്ന എസ്.സി.ഒ യോഗത്തിൽ അന്നത്തെ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്താൻ ഫെഡറൽ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
Also Read: WhatsApp: വാട്സപ്പ് വെബ് എപ്പോഴും ഓപ്പൺ ചെയ്തിടരുത്; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
മന്ത്രിയുടെയും സംഘത്തിൻ്റെയും സന്ദർശനത്തിനായി അഞ്ച് സ്ഥലങ്ങളിലേക്ക് പാകിസ്താൻ ഹൈക്കമ്മീഷൻ മുൻകൂർ അനുമതി തേടിയിരുന്നതായി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിൽ ആഗ്രയിലെ താജ്മഹൽ, ഹുമയൂണിൻ്റെ ശവകുടീരം, ദില്ലി ഹാട്ട്, കില റായ് പിത്തോറ എന്നീ നാല് സ്ഥലങ്ങൾക്കാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അനുമതി അധികൃതർ നിഷേധിച്ചിരുന്നു.
എന്നാൽ സർക്കാർ അംഗീകരിച്ച ഈ പട്ടിക പ്രകാരമല്ല മന്ത്രിയുടെ യാത്ര നടന്നത്. അനുമതി ലഭിച്ച നാല് സ്ഥലങ്ങളിൽ ഹുമയൂണിൻ്റെ ശവകുടീരം മാത്രമാണ് മാലിക്കും ഭാര്യയും സന്ദർശിച്ചതെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. തിരക്കേറിയ യാത്രാപരിപാടികൾ കാരണം താജ്മഹൽ, ദില്ലി ഹാട്ട്, കില റായ് പിത്തോറ എന്നിവ ഇവർ ഒഴിവാക്കി. പകരം മുൻകൂർ അനുമതി തേടാതിരുന്ന കുത്തബ് മിനാറും ചെങ്കോട്ടയും സന്ദർശിക്കാനാണ് ദമ്പതികൾ തീരുമാനിച്ചത്.
മന്ത്രിയുടെ സംഘത്തിനൊപ്പം ഒരു ലെയ്‌സൺ ഓഫീസറെ നിയോഗിച്ചിരുന്നതായും ദമ്പതികൾ വിവിധ ചരിത്രസ്മാരകങ്ങളും സ്ഥലങ്ങളും സന്ദർശിക്കുകയായിരുന്നുവെന്നും കേന്ദ്ര സാംസ്കാരിക സെക്രട്ടറി വിവേക് അഗർവാൾ പ്രതികരിച്ചു.
English Summary
During Pakistan’s first ministerial visit since Operation Sindoor, Minister Musadik Malik skipped approved sites like the Taj Mahal and visited unlisted Delhi monuments, Red Fort and Qutub Minar.