Sanju Samson: നിന്ദിച്ചവർക്ക് നന്ദി! ഇതാണ് സഞ്ജു നിങ്ങള്‍ക്ക് കുറിച്ചുവച്ച മറുപടി; ഇന്ത ആട്ടം പോതുമാ

Sanju Samson Proves His Worth: മൂന്ന് റണ്‍സകലെ ഒരു സെഞ്ചുറി സഞ്ജുവിനെ കാത്തിരിപ്പുണ്ടായിരുന്നു. എങ്കിലും ആ സെഞ്ചുറിയെക്കാളും ഏറെ തിളക്കമുണ്ടായിരുന്നു സഞ്ജു ഇന്ന് നേടിയ 97 റണ്‍സിന്. എന്തിന് സഞ്ജുവിനെ കളിപ്പിച്ചുവെന്ന ചോദ്യത്തിന് ഇപ്പോള്‍ പലര്‍ക്കും ഉത്തരം കിട്ടിയിട്ടുണ്ടാകാം.

Sanju Samson: നിന്ദിച്ചവർക്ക് നന്ദി! ഇതാണ് സഞ്ജു നിങ്ങള്‍ക്ക് കുറിച്ചുവച്ച മറുപടി; ഇന്ത ആട്ടം പോതുമാ

സഞ്ജു സാംസണ്‍

Updated On: 

01 Mar 2026 | 11:47 PM

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിക്കറ്റ് കീപ്പിങിന് തയ്യാറെടുത്ത ശേഷം പിന്നീട് ഗ്ലൗസ് അഴിച്ചുമാറ്റി സഞ്ജു നിന്ന ഒരു നില്‍പുണ്ട്. സ്വന്തം നാട്ടില്‍, സ്വന്തം കാണികളുടെ മുന്നില്‍ വിഷാദം തളംകെട്ടിയ മുഖം ഭാവവുമായി സഞ്ജു നിന്ന ആ നില്‍പ് താരത്തെ സ്‌നേഹിക്കുന്നവരുടെയെല്ലാം ഹൃദയം തുളയ്ക്കുന്നതായിരുന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനം സഞ്ജുവിന്റെ കരിയറിന് അസ്തമയം കുറിക്കുമോയെന്ന ആശങ്ക അന്ന് ആരാധകര്‍ക്കിടയില്‍ പ്രകടമായിരുന്നു.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറായി മാനേജ്‌മെന്റ് പരിഗണിച്ചത് സഞ്ജുവിനെയാണെങ്കിലും, കീവിസിനെതിരായ പരമ്പരയിലൂടെ കഥ മാറിമറിഞ്ഞു. മികച്ച പ്രകടനത്തിലൂടെ ഇഷാന്‍ കിഷന്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി. സഞ്ജുവിന് ഒടുക്കം പ്ലേയിങ് ഇലവനില്‍ സ്ഥാനം പോലുമില്ലാതെയായി.

ഇന്‍സള്‍ട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌

സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്ന് കരുതിയ ദിനങ്ങള്‍. എന്നാല്‍ മുറം കൊണ്ട് സൂര്യനെ മറയ്ക്കാനാകിലല്ലോ? അതിന്റെ പ്രകാശം എത്ര തടുത്താലും പരക്കെ വ്യാപിച്ചിരിക്കും. ആരാധകരുടെ മനസില്‍ സഞ്ജുവും ഒരു സൂര്യനായിരുന്നു.

കരിയറില്‍ നേരിട്ട ഇന്‍സള്‍ട്ടുകള്‍ ഇന്‍വസ്റ്റുമെന്റുകളാക്കിയതാണ് സഞ്ജുവിന്റെ ചരിത്രം. ആ ചരിത്രം ആരാധകര്‍ ഒരിക്കല്‍ കൂടി പ്രതീക്ഷിച്ചു.

Also Read: India vs West Indies: ഇന്ത്യ സെമി ഫൈനലില്‍, സഞ്ജുവിന് അര്‍ധ സെഞ്ചുറി; ‘നുമ്മ’ ഡബിള്‍ ഹാപ്പി

ടി20 ലോകകപ്പില്‍

അങ്ങനെ ടി20 ലോകകപ്പെത്തി. പ്രതീക്ഷിച്ചതുപോലെ ആദ്യ മത്സരങ്ങളില്‍ സഞ്ജുവിന്റെ സ്ഥാനം ബെഞ്ചിലായിരുന്നു. ഒടുവില്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിഷേക് ശര്‍മ കളിക്കാത്തതിനാല്‍, നമീബിയക്കെതിരായ മത്സരത്തില്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ പരീക്ഷിച്ചു. സഞ്ജു മോശമാക്കിയില്ല. എട്ട് പന്തില്‍ 22 റണ്‍സ്. നിസ്വാര്‍ത്ഥമായ ഒരു ഇന്നിങ്‌സ്.

പക്ഷേ, അഭിഷേക് തിരിച്ചെത്തിയതോടെ പിന്നീടുള്ള മത്സരങ്ങളില്‍ സഞ്ജു വീണ്ടും പുറത്തായി. ഒടുവില്‍ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വി വേണ്ടി വന്നു ഇന്ത്യന്‍ ടീമില്‍ ശുദ്ധികലശം നടത്താന്‍.

കോമ്പിനേഷന്‍ തുണച്ചു

ടോപ് ഓര്‍ഡറിലെ ഇടത് ബാറ്റര്‍മാരുടെ ആധിക്യം പണിയാകുമെന്ന് ക്രിക്കറ്റിനെ അത്രകണ്ട് വിലയിരുത്താത്തവര്‍ക്ക് പോലും ഉറപ്പായിരുന്നു. ആ കണക്കുകൂട്ടല്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു പ്രോട്ടീസിനെതിരെ ഇന്ത്യ വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വി. ടോപ് ഓര്‍ഡറിലെ ഇടത്-വലത് ബാലന്‍സിങിലൂടെ മാത്രമേ ഇന്ത്യന്‍ ടീമിന് ഇനി രക്ഷയുള്ളൂ എന്ന് അല്‍പം വൈകിയാണെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, പരിശീലകന്‍ ഗൗതം ഗംഭീറും തിരിച്ചറിഞ്ഞു. അങ്ങനെ സഞ്ജു വീണ്ടും പ്ലേയിങ് ഇലവനിലേക്ക്.

ഇന്റന്റ്, ഇമ്പാക്ട്‌

സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവും അഭിഷേകും ഇന്ത്യയുടെ ഓപ്പണര്‍മാരായി. അതുകൊണ്ടും തീര്‍ന്നില്ല, ഈ മത്സരത്തില്‍ സഞ്ജുവായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. കാര്യവട്ടത്ത് ഗ്ലൗസ് അഴിച്ചുമാറ്റിയതിന് ശേഷം, അന്ന് ആദ്യമായി സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി, കാലം രചിച്ച മനോഹരമായ തിരക്കഥ പോലെ.

വലിയ സ്‌കോര്‍ കണ്ടെത്താന്‍ പരാജയപ്പെട്ടെങ്കിലും ടീം ആഗ്രഹിച്ച മികച്ച തുടക്കം നല്‍കാന്‍ സഞ്ജുവിന് സാധിച്ചു. 15 പന്തില്‍ 24 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. സഞ്ജു നല്‍കിയ തകര്‍പ്പന്‍ തുടക്കമായിരുന്നു ഇന്ത്യയുടെ കുതിപ്പിന് ഇന്ധനം പകര്‍ന്നത്. ആ മത്സരത്തില്‍ ഇന്ത്യ അടിച്ചുകൂട്ടിയത് 256 റണ്‍സ്. നേടിയത് 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സഞ്ജുവിന്റെ മികവ് ക്രിക്കറ്റ് ലോകം വാഴ്ത്തി. പ്രശംസിച്ചവരില്‍ പരിശീലകന്‍ ഗൗതം ഗംഭീറുമുണ്ടായിരുന്നു.

കരീബിയന്‍സിനെതിരെ

വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നെങ്കില്‍, അദ്ദേഹത്തെ കൊത്തിവലിക്കാന്‍ കഴുകനെ പോലെ ചിലര്‍ സൈബറിടങ്ങളില്‍ കാത്തിരിപ്പുണ്ടായിരുന്നുവെന്ന് വ്യക്തം. റിങ്കുവിനെ ഒഴിവാക്കി സഞ്ജുവിനെ എന്തിന് കളിപ്പിക്കുന്നുവെന്നായിരുന്നു മുന്‍ താരം മുരളി കാര്‍ത്തിക്കിന്റെ ചോദ്യം. സഞ്ജു നേടുന്ന 24-25 റണ്‍സ് മതിയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

അങ്ങനെ ടോസ് ഇട്ടു. പ്ലേയിങ് ഇലവനില്‍ മാറ്റമില്ലെന്ന് സൂര്യ അറിയിച്ചതോടെ ഈഡന്‍ ഗാര്‍ഡന്‍സ് ആവേശത്തിന്റെ ഉച്ചസ്ഥായിലെത്തി. ടീം വിജയിക്കുന്നതു തന്നെയാണ് പ്രധാനം. എങ്കിലും സഞ്ജുവിന്റെ മികവില്‍ ഇന്ത്യ ആ വിജയം സ്വന്തമാക്കിയിരുന്നെങ്കിലെന്ന സ്വപ്‌നം നമ്മളില്‍ പലര്‍ക്കുമുണ്ടായിരുന്നു.

അതിജീവനത്തിന്റെ കഥ കൂടിയായിരുന്നു ഇന്ന് സഞ്ജു ഈഡന്‍ ഗാര്‍ഡനില്‍ രചിച്ചത്. ക്രീസിലെത്തിയത് മുതല്‍ ശാന്തനായി ബാറ്റു വീശി. സിക്‌സറുകളെക്കാള്‍ ഫോറുകളെ സ്‌നേഹിക്കുന്ന ഒരു സഞ്ജുവുണ്ടായിരുന്നു ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്. എങ്ങോ കണ്ടുമറന്ന ആ സഞ്ജുവിനെ ഇന്ന് വീണ്ടും ഈഡന്‍ ഗാര്‍ഡനില്‍ കണ്ടു. ഗ്യാപുകളിലൂടെ സമര്‍ത്ഥമായി ഫോറുകള്‍ പായിക്കുന്ന ആ പഴയ സഞ്ജു വീണ്ടും അവതരിച്ചതോടെ ഒരു കാര്യം ഉറപ്പായിരുന്നു, ഈ കഥയിലെ താരം സഞ്ജു തന്നെയായിരിക്കുമെന്ന്‌…

അതീവ സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യത്തിലും ക്ഷമയോടെ സഞ്ജു ക്രീസില്‍ നിലനിന്നു. ഒരു ഘട്ടത്തില്‍ വിജയം കൈവിടുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ശക്തമായിരുന്നെങ്കിലും, സഞ്ജു ക്രീസില്‍ തുടരുന്നത് അവരില്‍ ആശ്വാസം പകര്‍ന്നു.

കരീബിയന്‍ ബൗളര്‍മാരെ ഈഡന്റെ നാനാഭാഗത്തേക്കും പായിച്ച് ഒടുവില്‍ താരം വിശ്വാസം കാത്തു. പുറത്താകാതെ 50 പന്തില്‍ 97 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് റണ്‍സകലെ ഒരു സെഞ്ചുറി സഞ്ജുവിനെ കാത്തിരിപ്പുണ്ടായിരുന്നു. എങ്കിലും ആ സെഞ്ചുറിയെക്കാളും ഏറെ തിളക്കമുണ്ടായിരുന്നു സഞ്ജു ഇന്ന് നേടിയ 97 റണ്‍സിന്. എന്തിന് സഞ്ജുവിനെ കളിപ്പിച്ചുവെന്ന ചോദ്യത്തിന് ഇപ്പോള്‍ മുരളി കാര്‍ത്തിക്കിന് ഉത്തരം കിട്ടിയിട്ടുണ്ടാകാം. മുരളി കാര്‍ത്തിക്കിന് മാത്രമല്ല, സഞ്ജുവിനെ വിമര്‍ശിക്കാന്‍ തക്കം പാര്‍ത്തിരുന്ന മറ്റ് പലര്‍ക്കും.

Follow Us
ആയത്തുള്ള അലി ഖമേനിയുടെ ആസ്തിയെത്ര?
കൊളസ്ട്രോളിൽ കേമൻ കാടമുട്ടയോ കോഴി മുട്ടയോ?
അടുക്കളയിൽ എല്ലാ ചെടിയും വേണ്ട! ഈ ഇൻഡോർ പ്ലാൻ്റുകൾ മാത്രം
വാ നല്ലൊരു ചോറ് ഉണ്ടാക്കാം; വെന്തുടയില്ല
ഇതെന്തുവാ ഇത്? ട്രക്ക് കാറിടിച്ച് നിരക്കികൊണ്ട് പോകുന്നത് കണ്ടോ
മാവേലിക്കരയെ ചുറ്റിച്ച കാട്ടുപോത്ത് അവസാനം പിടിയിൽ
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ പൊലീസ് ബോട്ട് കടലില്‍ മുങ്ങിയപ്പോള്‍, ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു
അത്യാധുനിക സൗകര്യങ്ങള്‍; ഇതാണ് ഗുരുവായൂരിലെ പുതിയ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്‌