IND vs BAN: വീണ്ടും റിഷാദ് ഹൊസൈനെ സഞ്ജു സാംസണ്‍ തല്ലിപ്പരത്തുമോ? ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടി ബിസിസിഐ
India vs Bangladesh Series: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു. 2024 ഒക്ടോബര്‍ 12-നാണ് ഇരുടീമുകളും അവസാനമായി പരമ്പര മത്സരം കളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ കന്നി സെഞ്ചുറി നേടിയ ആ മത്സരം ആരാധകര്‍ക്ക് മറക്കാനാകില്ല.
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും കളമൊരുങ്ങുന്നു. 2024 ഒക്ടോബര്‍ 12-നാണ് ഇരുടീമുകളും അവസാനമായി പരമ്പര മത്സരം കളിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ കന്നി സെഞ്ചുറി നേടിയ ആ മത്സരം ആരാധകര്‍ക്ക് മറക്കാനാകില്ല. റിഷാദ് ഹൊസൈനെ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ക്ക് താരം പറത്തിയിരുന്നു. 2024-ലെ ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒരു പരമ്പര മത്സരം പോലും നടന്നിട്ടില്ല. ഏഷ്യാ കപ്പിന്റെ ഭാഗമായി മാത്രമാണ് ഇതിനുശേഷം ഇരുടീമുകളും ഏറ്റുമുട്ടിയത്.
ഇപ്പോഴിതാ, വീണ്ടുമൊരു ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്കായി ചര്‍ച്ചകള്‍ സജീവമാവുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർദ്ദിഷ്ട ബംഗ്ലാദേശ് പര്യടനത്തിന് അനുമതിക്കും കൂടുതൽ വ്യക്തതയ്ക്കുമായി ബിസിസിഐ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിൽ കഴിഞ്ഞ ഒരു വർഷമായി നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയുടെ ഭാവി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലുണ്ടാകുന്ന പുരോഗതിയെയും കേന്ദ്ര സർക്കാരുകളുടെ നിലപാടിനെയും ആശ്രയിച്ചിരിക്കും.
സര്‍ക്കാരിന്റെ അനുമതി പ്രധാനം
നിലവിലെ സാഹചര്യത്തിൽ പര്യടനത്തിന്റെ കാര്യത്തിൽ സ്വയം ഒരു തീരുമാനമെടുക്കാൻ ബോർഡിന് സാധിക്കില്ലെന്നും സർക്കാരിന്റെ നിർദ്ദേശങ്ങളും വഴികാട്ടലും തേടുമെന്നും മുതിർന്ന ബിസിസിഐ വക്താവ് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചാല്‍ മാത്രമേ ബംഗ്ലാദേശ് പര്യടനവുമായി മുന്നോട്ടുപോകൂവെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. പരമ്പരയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) ബിസിസിഐക്ക് കത്തയച്ചിട്ടുണ്ട്.
Also Read: IPL 2027 Trade: സഞ്ജുവിന്റെ ചെന്നൈ ഹാര്‍ദ്ദിക്കിനെ സ്വന്തമാക്കുമോ? അത്ര എളുപ്പമല്ല കാര്യങ്ങള്‍
മുൻ നായകൻ തമീം ഇഖ്ബാൽ, ബിസിബി പ്രസിഡന്റായി ചുമതലയേറ്റതുമുതൽ ബിസിസിഐയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ പരമ്പര എങ്ങനെയെങ്കിലും നടത്തണമെന്നാണ് തമീം ഇഖ്ബാലിന്റെ കടുത്ത ആഗ്രഹം.
ഇന്ത്യയ്‌ക്കെതിരായ നിർദ്ദിഷ്ട പരിമിത ഓവർ പരമ്പരയ്ക്കായി ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 15 വരെയുള്ള സമയം ബിസിബി നീക്കിവെച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമമനുസരിച്ച് മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. സെപ്റ്റംബർ 1, 3, 6 തീയതികളിൽ ഏകദിനങ്ങളും, സെപ്റ്റംബർ 9, 12, 13 തീയതികളിൽ ട്വന്റി-20 മത്സരങ്ങളും നടക്കും. എങ്കിലും, ഈ പര്യടനം പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ അനുമതിക്കും നിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും.
എന്താണ് സംഭവിച്ചത്?
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടർന്ന്, ബംഗ്ലാദേശ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജനുവരിയിൽ ബിസിസിഐ നിർദ്ദേശം നൽകിയതോടെയാണ് ബിസിബി-ബിസിസിഐ ബന്ധം കൂടുതൽ വഷളായത്.
ഈ നീക്കം ബംഗ്ലാദേശിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഇതിന് പിന്നാലെ, സുരക്ഷാ ആശങ്കകളും സ്വന്തം സർക്കാരിന്റെ നിർദ്ദേശവും ചൂണ്ടിക്കാട്ടി 2026-ലെ ട്വന്റി-20 ലോകകപ്പിനായി തങ്ങളുടെ ദേശീയ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു.
English Summary
India and Bangladesh are discussing a potential revival of their bilateral cricket series. The proposed tour includes three ODIs and three T20Is scheduled between August and September. BCCI requires central government clearance due to recent diplomatic tensions and security concerns. This update brings back memories of Sanju Samson’s historic maiden T20I century against Bangladesh.