Saudi Arabia: ഇൻ്റർനാഷണൽ ടി20 ലീഗുമായി സഹകരിക്കും; സൗദി അറേബ്യയുടെ ക്രിക്കറ്റ് യാത്രയ്ക്ക് ഔദ്യോഗിക തുടക്കമാകുന്നു
Saudi Arabia Cricket: സൗദി അറേബ്യ ഇൻ്റർനാഷണൽ ലീഗ് ടി20യുമായി സഹകരിക്കുന്നു. ലീഗിലെ ടീമുകളിൽ ഇനിമുതൽ ഒരു സൗദി കളിക്കാരൻ ഉണ്ടാവണം.

ഐഎൽടി20
സൗദി അറേബ്യ ക്രിക്കറ്റ് ലീഗ് ആരംഭിക്കുന്നു എന്ന വാർത്തകൾക്ക് ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം. യുഎഇയുടെ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20യുമായി സഹകരിച്ച് സൗദി അറേബ്യയുടെ ക്രിക്കറ്റ് യാത്രയ്ക്ക് തുടക്കമാവും എന്നാണ് സൂചനകൾ. സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷനുമായി ലീഗ് കരാറൊപ്പിട്ടുകഴിഞ്ഞു.
സൗദിയിൽ ഇൻ്റർനാഷണൽ ലീഗ് ടി20 മത്സരങ്ങൾ നടത്തുകയെന്നതാണ് കരാർ. പുരുഷ ലീഗ് മാത്രമല്ല, വനിതാ ലീഗും പരിഗണനയിലുണ്ട്. ഈ മത്സരങ്ങളും സൗദിയിൽ നടത്തും. എത്ര സീസണുകളിലേക്കാണ് കരാർ എന്നതിൽ വ്യക്തതയില്ലെങ്കിലും ഐഎൽടി20 ലീഗ് പുറത്തുവിട്ട വാർത്താകുറിപ്പനുസരിച്ച് കരാറുണ്ടായിട്ടുണ്ടെന്നത് ഉറപ്പിക്കാവുന്നതാണ്.
സൗദി അറേബ്യയ്ക്ക് ഐഎൽടി20യിൽ മറ്റൊരു പ്രാതിനിധ്യം കൂടി ലഭിക്കും. ഒക്ടോബർ ഒന്നിന് നടക്കുന്ന ലേലത്തിൽ എല്ലാ ടീമുകളും സൗദി അറേബ്യയിൽ നിന്ന് ഒരു താരത്തെയെങ്കിലും ടീമിലെത്തിക്കണമെന്നാണ് വാർത്താകുറിപ്പിലുള്ളത്. സൗദി രാജകുമാരനും സൗദി അറേബ്യ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാനുമായ സൗദ് ബിൻ മിശാൽ അൽ സൗദ് ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎൽടി20 ഒരു പ്ലാറ്റ്ഫോമാക്കിയെടുത്ത് ഭാവിയിൽ രാജ്യത്തെ ക്രിക്കറ്റ് വികസിപ്പിക്കുകയാണ് സൗദിയുടെ ലക്ഷ്യം. 2030ഓടെ ക്രിക്കറ്റിൽ ശ്രദ്ധേയമായ ചുവടുവെപ്പ് നടത്തുകയാണ് സൗദിയുടെ പദ്ധതികളിൽ ഉള്ളത്.