Shreyas Iyer Health Update: ശ്രേയസ് അയ്യരെ ഐസിയുവിൽ നിന്ന് മാറ്റി; അടിയന്തിര വീസയ്ക്കായി അപേക്ഷ സമർപ്പിച്ച് മാതാപിതാക്കൾ
Shreyas Iyer Moved Out Of ICU: ശ്രേയസ് അയ്യരുടെ ആരോഗ്യനിലയിൽ പുരോഗതി. താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
ശ്രേയസ് അയ്യരുടെ പരിക്കുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ്. താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രേയാസിൻ്റെ അടുത്തേക്കെത്താൻ താരത്തിൻ്റെ മാതാപിതാക്കൾ അടിയന്തിര വീസയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ശ്രേയസ് അയ്യരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം. അതുകൊണ്ട് തന്നെ താരത്തെ ഐസിയുവിൽ നിന്ന് മാറ്റി. താരത്തിനൊപ്പം സുഹൃത്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ. അടിയന്തിര വീസയ്ക്കായി ശ്രമിക്കുന്ന മാതാപിതാക്കൾ വൈകാതെ തന്നെ ശ്രേയസിൻ്റെ അടുത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: Shreyas Iyer: ആന്തരിക രക്തസ്രാവം, ശ്രേയസ് അയ്യർ ഐസിയുവിൽ
അപകടാവസ്ഥ തരണം ചെയ്തെങ്കിലും ഏതാനും ദിവസം കൂടി ശ്രേയസ് ആശുപത്രിയിൽ തന്നെ തുടരും. ആന്തരിക രക്തസ്രാവം ഉണ്ടായതുകൊണ്ട് തന്നെ താരത്തിൻ്റെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ടീം ഡോക്ടറായ ഡോ. റിസ്‌വാൻ ഖാൻ ശ്രേയാസിനൊപ്പം സിഡ്നിയിൽ തന്നെ തുടരും. പ്രാദേശിക സ്പെഷ്യലിസ്റ്റുകളുമായി ചർച്ചനടത്തി താരത്തിൻ്റെ പുരോഗതി നിരീക്ഷിക്കാനാണ് ടീം ഡോക്ടർ സിഡ്നിയിൽ തന്നെ തുടരുന്നത്.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് ശ്രേയസ് അയ്യർ പരിക്കേറ്റ് കളം വിട്ടത്. അലക്സ് കാരിയെ പുറത്താക്കാൻ ഒരു തകർപ്പൻ ക്യാച്ചെടുക്കുന്നതിനിടെ താരം വാരിയെല്ല് ഇടിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ ഫിസിയോ വന്ന് ശ്രേയാസിനെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയി. തുടർന്നാണ് ശ്രേയസിനെ സിഡ്നിയിലെ ആശുപത്രിയിലെത്തിച്ചത്, ശ്രേയാസിൻ്റെ പ്ലീഹയിൽ ആഴത്തിലുള്ള മുറിവുണ്ടായെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. അല്പം കൂടി താമസിച്ചിരുന്നെങ്കിൽ നില ഗുരുതരമാകുമായിരുന്നു എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടി20 ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ ഇതിനകം തന്നെ കാൻബറയിലേക്ക് തിരിച്ചിട്ടുണ്ട്. ഒക്ടോബർ 29നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. താരം പരമ്പരയിൽ കളിക്കുമെന്നാണ് ലഭ്യമാവുന്ന റിപ്പോർട്ടുകൾ.