Ranji Trophy 2025: പഞ്ചാബിനെതിരെ കേരളം ഇന്നിംഗ്സ് പരാജയഭീതിയിൽ; പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടി ബാറ്റർമാർ
Kerala vs Punjab Ranji Trophy: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ കേരളത്തിന് ആറ് വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.
പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച. 436 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിലാണ്. ബാബ അപരാജിതും (39) അഹ്മദ് ഇമ്രാനുമാണ് (19) ക്രീസിൽ. 189 റൺസ് കൂടി നേടിയാലേ കേരളത്തിന് പഞ്ചാബ് സ്കോർ ഭേദിക്കാനാവൂ.
നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ബേസിൽ എൻപി (4) വേഗം മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ വത്സൽ ഗോവിന്ദും അങ്കിത് ശർമ്മയും ചേർന്ന് കേരളത്തെ മുന്നോട്ടുനയിച്ചു. വളരെ സാവധാനത്തിലാണ് വത്സൽ സ്കോർ ചെയ്തത്. 54 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ വത്സൽ പുറത്തായി. 106 പന്തുകൾ നേരിട്ട താരത്തിന് 18 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഇതിനിടെ കേരളത്തിനായി അങ്കിത് ശർമ്മ തൻ്റെ ആദ്യ ഫിഫ്റ്റി കണ്ടെത്തി.
Also Read: Ankit Sharma: ജലജിന് പറ്റിയ പകരക്കാരന്‍, ഓള്‍ റൗണ്ട് മികവ് പുറത്തെടുത്ത് അങ്കിത് ശര്‍മ
നാലാം നമ്പറിലെത്തിയ രോഹൻ കുന്നുമ്മൽ ആക്രമിച്ചാണ് കളിച്ചത്. അങ്കിത് ശർമ്മയും രോഹനും ചേർന്നുള്ള ഈ കൂട്ടുകെട്ടിലാണ് കേരളം ആദ്യമായി മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുന്നത്. 69 റൺസാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 62 റൺസ് നേടിയ അങ്കിത് ശർമ്മ പുറത്തായത് പഞ്ചാബിൻ്റെ തിരിച്ചുവരവായി. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരളത്തിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. രോഹൻ കുന്നുമ്മൽ (43), സച്ചിൻ ബേബി (36), മുഹമ്മദ് അസ്ഹറുദ്ദീൻ (13) എന്നിവർക്കൊക്കെ തുടക്കം ലഭിച്ചെങ്കിലും മികച്ച സ്കോർ ഉയർത്താനായില്ല.
ആറ് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന നിലയിൽ നിന്ന് അപരാജിതും ഇമ്രാനും ഒത്തുചേർന്നു. ഇരുവരും ചേർന്ന് കാര്യമായ പരിക്കുകളില്ലാതെ കേരളത്തെ 247 വരെ എത്തിച്ചിട്ടുണ്ട്. നാളെയാണ് കളിയുടെ അവസാന ദിവസം.