T20 World Cup 2026: ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് തയ്യാറായേക്കില്ല; പകരം വേദി ആവശ്യപ്പെടുമെന്ന് സൂചന
Bangladesh In T20 WC 2026: മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്തതോടെ ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ക്രിക്കറ്റ് ബന്ധം വഷളാവുന്നു. ടി20 ലോകകപ്പ് കളിക്കാൻ ബംഗ്ലാദേശ് ഇന്ത്യയിൽ എത്തിയേക്കില്ലെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശ്
മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്തതോടെ ബംഗ്ലാദേശ് ക്രിക്കറ്റുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാവുന്നതായി സൂചന. പാകിസ്താൻ ക്രിക്കറ്റുമായുള്ള ബന്ധത്തിന് സമാനമായ രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് റിപ്പോർട്ട്. അടുത്ത മാസം ഇന്ത്യയിൽ തീരുമാനിച്ചിരിക്കുന്ന ലോകകപ്പിൽ കളിക്കാൻ ബംഗ്ലാദേശ് തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയും ശ്രീലങ്കയും ചേർന്നാണ് ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിൻ്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ്. ഇതിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പിന്മാറുമെന്നാണ് സൂചന. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിൻ്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. എന്നാൽ, മുസ്തഫിസുർ റഹ്മാൻ്റെ കരാർ റദ്ദാക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലെത്താൻ വിസമ്മതിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും.
Also Read: Shah Rukh Khan: ‘മുസ്തഫിസുറിനെ ടീമിലെടുത്തതിൽ ഷാരൂഖ് ഖാൻ മാപ്പ് പറയണം’; ആവശ്യവുമായി ഇമാം ഓർഗനൈസേഷൻ
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രതിനിധി ഇക്കാര്യം ടെലികോം ഏഷ്യയോട് വ്യക്തമാക്കിയിട്ടുണ്ട്. മുസ്തഫിസുറിനെ ഐപിഎലിൽ നിന്ന് റിലീസ് ചെയ്തതിൽ ഒന്നും പറയാനില്ലെന്നും ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും ബിസിബി പ്രതിനിധി പറഞ്ഞു. ഐസിസിയുമായി കാര്യങ്ങൾ ചർച്ച ചെയ്യും. എന്നിട്ട് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും ബിസിബി പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
9.2 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ ലേലത്തിൽ സ്വന്തമാക്കിയത്. കനത്ത പ്രതിഷേധമുയർന്നതിന് പിന്നാലെ താരത്തെ റിലീസ് ചെയ്യാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.