WPL 2026: വനിതാ പ്രീമിയർ ലീഗിന് ഇനി ഒരാഴ്ച മാത്രം; ക്യാമ്പുകൾ ആരംഭിച്ച് ടീമുകളുടെ തയ്യാറെടുപ്പ്
WPL 2026 Starts In A Week: വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി വെറും ഒരാഴ്ച. ഈ മാസം 9നാണ് ഡബ്ല്യുപിഎൽ ആരംഭിക്കുക.
വനിതാ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി വെറും ഒരാഴ്ച മാത്രം. ഈ മാസം 9 നാണ് വനിതാ പ്രീമിയർ ലീഗ് നാലാം സീസൺ ആരംഭിക്കുക. എല്ലാ ടീമുകളും ക്യാമ്പുകൾ ആരംഭിച്ച് തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസാണ് നിലവിലെ ജേതാക്കൾ. രണ്ട് തവണ കപ്പടിച്ച മുംബൈ തന്നെയാണ് മികച്ച ടീം. രണ്ടാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും കിരീടം സ്വന്തമാക്കിയിരുന്നു.
അഞ്ച് ടീമുകളാണ് വനിതാ പ്രീമിയർ ലീഗിൽ മത്സരിക്കുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ആദ്യ മത്സരം. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾക്കൊപ്പം ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ജയൻ്റ്സ്, യുപി വാരിയേഴ്സ് എന്നീ ടീമുകളും വനിതാ പ്രീമിയർ ലീഗിൽ കളിക്കും. കഴിഞ്ഞ മൂന്ന് സീസണിലും ഡൽഹി ക്യാപിറ്റൽസായിരുന്നു റണ്ണേഴ്സ് അപ്പ്. ഗുജറാത്ത് ജയൻ്റ്സ്, യുപി വാരിയേഴ്സ് എന്നീ ടീമുകൾ ഇതുവരെ പ്ലേ ഓഫ് കളിച്ചിട്ടില്ല.
ഹർമൻപ്രീത് കൗറാണ് മുബൈ ഇന്ത്യൻസിനെ നയിക്കുക. മലയാളി താരം എസ് സജന മുംബൈ താരമാണ്. മെഗ് ലാനിങിന് കീഴിൽ കഴിഞ്ഞ മൂന്ന് തവണ കളിച്ച ഡൽഹി ക്യാപിറ്റൽസിനെ ഇക്കുറി ജമീമ റോഡ്രിഗസ് നയിക്കും. ഡൽഹിയിൽ മലയാളി താരം മിന്നു മണി ഉണ്ട്. മറ്റൊരു മലയാളി താരമായ ആശ ശോഭന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പമാണ്. സ്മൃതി മന്ദനയാണ് ആർസിബിയുടെ ക്യാപ്റ്റൻ.
നവി മുംബൈ, വഡോദര എന്നീ രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ആദ്യ ഭാഗം നവി മുംബൈയിലും പ്ലേ ഓഫുകൾ ഉൾപ്പെടെ രണ്ടാം ഭാഗം വഡോദരയിലുമാണ്. ഫെബ്രുവരി അഞ്ചിനാണ് ഫൈനൽ മത്സരം.