T20 World Cup 2026: കളി തിരുവനന്തപുരത്ത് നടത്താം; ബംഗ്ലാദേശിന് മുന്നിൽ നിലപാടറിയിച്ച് ഐസിസി
Bangladesh Matches In Thiruvananthapuram: ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ തിരുവനന്തപുരത്തുവച്ച് നടത്താമെന്ന് ഐസിസി. ഇക്കാര്യം ബിസിബിയെ ഐസിസി അറിയിച്ചു.
ടി20 ലോകകപ്പ് വേദിമാറ്റവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിലപാടുമായി ഐസിസി. മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റാൻ കഴിയില്ലെന്നും ദക്ഷിണേന്ത്യൻ വേദികളായ തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മത്സരങ്ങൾ മാറ്റാമെന്നുമാണ് ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരിക്കുന്നത്. നിലവിൽ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് ബംഗ്ലാദേശിൻ്റെ ഗ്രൂപ്പ് മത്സരങ്ങൾ തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാൻ ആശങ്കയുണ്ടെന്നും സുരക്ഷയെ മുൻനിർത്തി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം ഐസിസി തള്ളി. പിന്നാലെയാണ് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് മത്സരങ്ങൾ മാറ്റാമെന്ന് ഐസിസി അറിയിച്ചത്. പകരം വേദിയായി ചെന്നൈ നൽകാമെന്ന ഐസിസിയുടെ നിലപാട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് തള്ളിയിരുന്നു. സർക്കാരുമായി ചർച്ച നടത്തിയ ശേഷം ബിസിബി ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
നാല് ആഴ്ചയിൽ താഴെയാണ് ഇനി ടി20 ലോകകപ്പ് തുടങ്ങാൻ ബാക്കിയുള്ളത്. ഫെബ്രുവരി ആദ്യ ആഴ്ച മുതൽ ടീമുകൾ പരിശീലനത്തിനായി എത്തും. അതുകൊണ്ട് തന്നെ എത്രയും വേഗം ഇതിനൊരു പരിഹാരം കാണുകയാണ് ഐസിസിയുടെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെയും ലക്ഷ്യം.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്യാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ ആവശ്യപ്പെട്ടത്. മുസ്തഫിസുറിനെ റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആശങ്കയുണ്ടെന്നും വേദിമാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു.
ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് ലോകകപ്പ് അവസാനിക്കും. ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിൻ്റെ മൂന്ന് മത്സരങ്ങൾ കൊൽക്കത്ത ഈഡൻ ഗാർഡൻസിലും ഒരെണ്ണം മുംബൈ വാംഖഡെ സ്റ്റേഡിയത്തിലുമാവും നടക്കുക. ഇന്ത്യയാണ് നിലവിലെ ടി20 ജേതാക്കൾ.