Vaibhav Suryavanshi: ഓസ്ട്രേലിയക്കെതിരെ സിക്സർ മേളവുമായി വൈഭവ് സൂര്യവൻശി; എക്കാലത്തെയും മികച്ച റെക്കോർഡ്
Vaibhav Suryavanshi Record: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ വമ്പൻ റെക്കോർഡുമായി വൈഭവ് സൂര്യവശി. 70 റൺസ് ഇന്നിംഗ്സിനിടെയാണ് വൈഭവ് റെക്കോർഡിലെത്തിയത്.
യൂത്ത് ഏകദിനത്തിൽ വമ്പൻ റെക്കോർഡുമായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവൻശി. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിലാണ് താരം റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. മത്സരത്തിൽ 68 പന്തുകളിൽ നിന്ന് 70 റൺസ് നേടി വൈഭവ് പുറത്താവുകയായിരുന്നു. അഞ്ച് ബൗണ്ടറിയും ആറ് സിക്സറുകളും സഹിതമായിരുന്നു ഇന്നിംഗ്സ്.
യൂത്ത് ഏകദിനത്തിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരം എന്ന റെക്കോർഡാണ് വൈഭവ് സൂര്യവൻസി സ്വന്തം പേരിലാക്കിയത്. ഇന്ത്യയുടെ തന്നെ മുൻ താരം ഉന്മുക്ത് ചന്ദിൻ്റെ റെക്കോർഡ് മറികടന്ന താരം ഇതോടെ പട്ടികയിൽ ഒന്നാമതെത്തി. അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന ചന്ദ് യൂത്ത് ഏകദിനത്തിൽ ആകെ 38 സിക്സർ ആണ് നേടിയത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ വൈഭവ് സൂര്യവൻശിയുടെ ആകെ സിക്സറുകൾ 41 ആയി.
വൈഭവിൻ്റെ മികവിൽ ഇന്ത്യ 300 റൺസിന് ഓൾ ഔട്ടായി. താരത്തിനെക്കൂടാതെ വിഹാൻ മൽഹോത്രയും (74 പന്തിൽ 70), അഭിഗ്യാൻ കുണ്ടു (64 പന്തിൽ 71) എന്നിവരും ഇന്ത്യക്കായി തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകർച്ച നേരിട്ടു. ആറ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിൽ പതറിയ ഓസീസിനെ ഏഴാം വിക്കറ്റിൽ ജെയ്ഡൻ ഡ്രേപ്പറും ആര്യൻ ശർമ്മയും ചേർന്ന് കരകയറ്റുകയാണ്. ഫിഫ്റ്റിയടിച്ച് നിൽക്കുന്ന ഡ്രേപ്പറിലാണ് ഓസീസിൻ്റെ പ്രതീക്ഷകൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ കളി തോറ്റാൽ ഓസീസിന് പരമ്പര നഷ്ടമാവും.
മൂന്ന് ഏകദിന മത്സരങ്ങൾക്ക് ശേഷം രണ്ട് യൂത്ത് ടെസ്റ്റുകളും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും. ആയുഷ് മാത്രെയാണ് ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയെ നയിക്കുക. ഓസ്ട്രേലിയൻ ടീമിൽ ജോൺ ജെയിംസ് എന്ന പേരിൽ മലയാളി ഓൾറൗണ്ടറും കളിക്കുന്നുണ്ട്. ആദ്യ ഏകദിനത്തിൽ ഫിഫ്റ്റി നേടിയ ജോൺ ആയിരുന്നു ഓസീസിൻ്റെ ടോപ്പ് സ്കോറർ.