Karun Nair: ഒരു മലയാളി പോകുമ്പോൾ മറ്റൊരു മലയാളി ടീമിലേക്ക്; കരുൺ നായർക്ക് പകരം ടീമിലെത്തുക ഈ താരം
Malayali Player In Place Of Karun Nair: കരുൺ നായർക്ക് പകരം വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ മറ്റൊരു മലയാളി താരം കളിച്ചേക്കും. ഏറെ വൈകാതെ ടീം പ്രഖ്യാപിക്കുമെന്നാണ് സൂചന.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് ടീമിൽ കരുൺ നായർക്ക് അവസരം ലഭിച്ചേക്കില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന താരത്തിന് പകരം ആര് എന്നതായിരുന്നു ചോദ്യം. ഇപ്പോൾ അതിന് ഒരു മറുപടി ലഭിച്ചിരിക്കുകയാണ്.
കരുൺ നായർ എന്ന മലയാളിക്ക് പകരം ദേവ്ദത്ത് പടിക്കൽ എന്ന മറ്റൊരു മലയാളിയ്ക്ക് ടീമിൽ ഇടം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. ഓസ്ട്രേലിയ എയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ 150 റൺസ് നേടിയ പടിക്കൽ അഞ്ചാം നമ്പരിൽ കരുൺ നായർക്ക് പകരം കളിച്ചേക്കും. യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ എന്നീ താരങ്ങൾക്ക് ശേഷമാവും ദേവ്ദത്ത് എത്തുക.
Also Read: India vs West Indies: ഋഷഭ് പന്ത് ഇല്ല, കരുൺ നായരും പുറത്തായേക്കും; വിൻഡീസിനെതിരായ ടെസ്റ്റ് സ്ക്വാഡ് ഉടൻ
പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ടീമിൽ പരിഗണിക്കില്ല. പകരം ധ്രുവ് ജുറേൽ കീപ്പറാവും. ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയോ നാരായൺ ജഗദീശനെയോ ആവും പരിഗണിക്കുക. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി ടീമിൽ തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ പരിക്കേറ്റ് പുറത്തായ താരം ഫിറ്റ്നസ് വീണ്ടെടുത്തിരുന്നു. താരം ഓസ്ട്രേലിയ എയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നുണ്ട്. ആദ്യ ഇന്നിംഗ്സിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും താരത്തിന് തിളങ്ങാൻ കഴിഞ്ഞില്ല.
ഏറെ വൈകാതെ തന്നെ ടീം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അജിത് അഗാർക്കറിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റി ഉടൻ വിർച്വലായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി 7.30ഓടെ ടീം പ്രഖ്യാപിച്ചേക്കും. ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് മത്സരം രാത്രി എട്ട് മണിക്ക് ആരംഭിക്കും എന്നതിനാൽ അതിന് മുൻപ് തന്നെ മീറ്റിങ് നടത്തേണ്ടതുണ്ട്. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മൻ ഗിൽ ഏഷ്യാ കപ്പ് ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്.