Weather Vs Cricket: മഴയും മഞ്ഞും മാറ്റാനാകില്ല; മാറ്റം വരുത്തേണ്ടത് ക്രിക്കറ്റ് ഷെഡ്യൂളുകളില്‍; ബിസിസിഐ ചെയ്യേണ്ടത്
Indian Cricket Needs a New Scheduling Strategy: പ്രതികൂല കാലാവസ്ഥ അതിമാരക വൈറസിനെ പോലെ ക്രിക്കറ്റിനെ പിടിമുറുക്കുന്നത് ഒരു ആഗോള പ്രതിഭാസമാണ്. മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലെ അപാകതയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്ന് ഇടുന്നത്

Lucknow Ekana Cricket Stadium
പ്രിയപ്പെട്ട താരങ്ങളെ നേരിട്ട് കാണാനും, ഇഷ്ട ടീമിന് ആര്‍പ്പുവിളിക്കാനും കഴിയുന്ന ഏതാനും മണിക്കൂറുകളുടെ സന്തോഷത്തിനും ആത്മനിര്‍വൃതിക്കും വേണ്ടിയാണ് ബോസിനോട് നുണ പറഞ്ഞ് ലീവെടുത്തും, ഇല്ലാത്ത വണ്ടിക്കൂലി സംഘടിപ്പിച്ച് യാത്ര ചെയ്തും ആരാധകര്‍ ഗാലറിയിലെത്തുന്നത്. മനസില്‍ തുന്നിപ്പിടിപ്പിച്ച ഒരുപിടി മോഹങ്ങളുമായി ഗാലറിയിലിരിക്കുമ്പോള്‍ മത്സരം ഉപേക്ഷിച്ചെന്ന പ്രഖ്യാപനം കേട്ടാല്‍ അത് എങ്ങനെ ഉള്‍ക്കൊള്ളാനാകും? ആ സങ്കടം എങ്ങനെ സഹിക്കാനാകും? ഇത്തരം മോഹഭംഗങ്ങളുടെ അനേകനിമിഷങ്ങളിലൂടെ കടന്നുപോയവരാണ് ക്രിക്കറ്റ് ആരാധകര്‍.
അത് എല്ലാക്കാലത്തും അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനെ തുടരുന്നു. ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഇതൊക്കെയാണ് സ്ഥിതി. പ്രതികൂല കാലാവസ്ഥ അതിമാരക വൈറസിനെ പോലെ ക്രിക്കറ്റിനെ പിടിമുറുക്കുന്നത് ഒരു ആഗോള പ്രതിഭാസമാണ്. കാലാവസ്ഥയെ തടുക്കാനാകില്ലെങ്കിലും, മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിലെ അപാകതയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്ന് ഇടുന്നതെന്ന് പറയാതെ വയ്യ.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ടി20 മത്സരം ഉപേക്ഷിച്ചതാണ് ഒടുവിലത്തെ ഉദാഹരണം. പ്ലാനിങിലെ അപാകത വ്യക്തമാക്കുന്ന, വിളിച്ചുപറയുന്ന മകുടോദാഹരണം.
ധനനഷ്ടം, ആരോഗ്യഹാനി
ശീതകാലത്ത് ഉത്തരേന്ത്യയില്‍, പ്രത്യേകിച്ചും കനത്ത മൂടല്‍മഞ്ഞ് ബാധിക്കുന്ന പ്രദേശങ്ങളില്‍ മത്സരം ഷെഡ്യൂള്‍ ചെയ്യുന്നതിലെ അപാകതയാണ് നിലവിലെ പ്രശ്‌നം. മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ മത്സരം നടത്തുന്നതിന് സമാനമാണ് ഇത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചത് ആരാധകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല. ആറ്റുനോറ്റ് 2010ല്‍ കൊച്ചിക്ക് കിട്ടിയ ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിച്ചതും ഇന്നലെകളിലെ ഓര്‍മയാണ്.
കേരളത്തില്‍ മഴയാണ് വില്ലനായി അവതരിക്കുന്നതെങ്കില്‍ ലഖ്‌നൗവിനെ പ്രശ്‌നം മഞ്ഞായിരുന്നു. ലഖ്‌നൗവിലെ വായു ഗുണനിലവാര സൂചിക പോലും മോശമായിരുന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലുള്ള താരങ്ങള്‍ മാസ്‌ക് ധരിച്ചാണ് ഗ്രൗണ്ടിലെത്തിയത് പോലും. ചുരുക്കിപ്പറഞ്ഞാല്‍, ധനനഷ്ടവും, ആരോഗ്യഹാനിയും സമ്മാനിക്കുന്നതാണ് ഇത്തരം തലതിരിഞ്ഞ ഷെഡ്യൂള്‍ നയങ്ങള്‍.
തരൂര്‍ പറഞ്ഞതിലും കാര്യമുണ്ട്
ഇത്തരം സമയങ്ങളില്‍ ഉത്തരേന്ത്യയില്‍ മത്സരം നടത്തുന്നത് എന്തിനാണെന്ന ചോദ്യമുയര്‍ത്തി ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. ഫോഗ് കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മത്സരം നടത്തിക്കൂടേയെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ന്യായമായ ചോദ്യം.
Congress leader Shashi Tharoor: Why schedule matches in North India at this time? Schedule them in South India. Rajeev ji is standing there. Will convey this to him.
And Rajeev Shukla walks in.pic.twitter.com/emceVQ3lY7
— Piyush Rai (@Benarasiyaa) December 18, 2025
പാര്‍ട്ടി സഹപ്രവര്‍ത്തകനും, ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയോടും തരൂര്‍ ഇക്കാര്യം ഉന്നയിച്ചു. ജനുവരിയില്‍ ഉത്തരേന്ത്യയില്‍ മത്സരങ്ങള്‍ നടത്തുന്നതിന് പകരം കേരളത്തിലേക്ക് വരൂവെന്നാണ് തരൂര്‍ ശുക്ലയോട് പറഞ്ഞത്. റൊട്ടേഷനുകള്‍ അനുസരിച്ചാണ് മത്സരങ്ങള്‍ അനുവദിക്കുന്നതെന്നായിരുന്നു ശുക്ലയുടെ മറുപടി.
ഇരുവരും തമ്മില്‍ നടന്നത് വാഗ്വാദമാണെന്ന തരത്തില്‍ ചില നരേഷനുകളുണ്ടായെങ്കിലും, സൗഹാര്‍ദ്ദപൂര്‍ണമായിരുന്നു ആ സംഭാഷണം. എന്തായാലും ക്രിക്കറ്റ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ മാറ്റത്തിന് ഇനിയെങ്കിലും ബിസിസിഐ മുതിരുമെന്ന് പ്രതീക്ഷിക്കാം. പന്ത് ബിസിസിഐയുടെ കോര്‍ട്ടിലാണ്. തീരുമാനം എടുക്കേണ്ടതും അവരാണ്.