Garry Sobers: ഇതിഹാസത്തിന് വിട! ഗാരി സോബേഴ്‌സ് അന്തരിച്ചു
Legendary cricketer Garry Sobers dies: വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം സർ ഗാരിഫീൽഡ് സോബേഴ്സ് (89) അന്തരിച്ചു. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ബാർബഡോസിൽ ജനിച്ച അദ്ദേഹം 1954 മുതൽ 1974 വരെയുള്ള കാലയളവിൽ 93 ടെസ്റ്റുകളിലാണ് വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസതാരം സർ ഗാരിഫീൽഡ് സോബേഴ്സ് (89) അന്തരിച്ചു. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 1954 മുതൽ 1974 വരെയുള്ള കാലയളവിൽ 93 ടെസ്റ്റുകളിലാണ് വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിച്ചത്. ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്നു. 8,000-ത്തിലധികം ടെസ്റ്റ് റൺസും 235 വിക്കറ്റുകളും നേടി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉൾപ്പെടെ ആകെ 28,000-ത്തിലധികം റൺസും 1043 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. തകര്‍പ്പന്‍ ബാറ്റര്‍, ഒരേ സമയം പേസ് ബോളിംഗും സ്പിൻ ബോളിംഗും ഒരുപോലെ വഴങ്ങുന്ന ഇടംകൈയ്യൻ ബൗളർ, മികച്ച ഫീല്‍ഡര്‍ എന്നിങ്ങനെ എല്ലാ തരത്തിലും അദ്ദേഹം ഓള്‍ റൗണ്ടറായി തിളങ്ങി.
ഹൃദയങ്ങളിൽ ജീവിക്കും
A great innings has come to an end. In our hearts, now and forever, Sir Garfield Sobers. 🖤🏏 pic.twitter.com/bv2MO1SJgz
— Windies Cricket (@windiescricket) July 17, 2026
“ഒരു മികച്ച ഇന്നിംഗ്സിന് ഇവിടെ അവസാനമായിരിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ, ഇപ്പോഴും എപ്പോഴും, സർ ഗാരിഫീൽഡ് സോബേഴ്സ് ഉണ്ടായിരിക്കും,” ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് എക്‌സില്‍ കുറിച്ചു.
വിസ്ഡൻ അൽമനാക്ക് തിരഞ്ഞെടുത്ത ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ഓസ്ട്രേലിയയുടെ വിഖ്യാത താരം ഡോൺ ബ്രാഡ്മാന് തൊട്ടുപിന്നിലായിട്ടാണ് ക്രിക്കറ്റ് ചരിത്രത്തിൽ അദ്ദേഹം സ്ഥാനമുറപ്പിച്ചത്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ ഗാരി സോബേഴ്‌സ് ആണെന്നാണ് ഒരിക്കല്‍ ബ്രാഡ്മാന്‍ പറഞ്ഞത്.
1968-ൽ സ്വാൻസിയിലെ ഗ്ലാമോർഗന്റെ സെന്റ് ഹെലൻസ് ഗ്രൗണ്ടിൽ വെച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചയായ ആറ് പന്തുകളിൽ ആറ് സിക്സറുകൾ പറത്തിക്കൊണ്ട് ചരിത്രത്തിലാദ്യമായി ഈ നേട്ടം കൈവരിച്ച താരമായി സോബേഴ്‌സ് മാറി.
Also Read: Rohit Sharma: നീലക്കുപ്പായത്തിൽ ‘ഹിറ്റ്മാൻ’ ഇനിയില്ല? രോഹിത് ശർമ്മയോട് ‘ബൈ’ പറയാന്‍ ബിസിസിഐ
കഠിനാധ്വാനം നല്‍കിയ കഴിവ്
തന്റെ കഴിവ് കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണെന്നാണ് സോബേഴ്‌സ് പറഞ്ഞിട്ടുള്ളത്. ആളുകൾ തന്നെ ജീനിയസ് എന്ന് വിളിക്കുന്നു. തനിക്ക് ജീനിയസുകളെക്കുറിച്ച് വലിയ അറിവൊന്നുമില്ല. താന്‍ കൈവരിച്ച നേട്ടങ്ങളെല്ലാം ജന്മനാ ലഭിച്ച കഴിവ് കൊണ്ട് മാത്രമല്ല, മറിച്ച് കഠിനാധ്വാനം ചെയ്തതുകൊണ്ട് കൂടിയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു.
1953-ൽ, 16-ാം വയസ്സിൽ ബാർബഡോസിന് വേണ്ടിയാണ് സോബേഴ്സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടടുത്ത വർഷം തന്നെ വെസ്റ്റ് ഇൻഡീസ് ദേശീയ ടീമിലേക്ക് വിളിക്കുകയും തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുകയും ചെയ്തു. 1958-ൽ പാകിസ്ഥാനെതിരെ കളിച്ച സോബേഴ്സ്, കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ചു.
1965-ൽ സോബേഴ്സ് വെസ്റ്റ് ഇൻഡീസ് ടീമിന്റെ ക്യാപ്റ്റനായി. 1974-ൽ 38-ാം വയസ്സിൽ അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐസിസി വർഷം തോറും നൽകിവരുന്ന പുരുഷ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരത്തിന് ‘സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫി’ എന്നാണ് പേരിട്ടിരിക്കുന്നത്.
1936 ജൂലൈ 28-ന് ബാർബഡോസിലെ സെന്റ് മൈക്കിളിലാണ് ഗാർഫീൽഡ് സെന്റ് ഔബ്രൺ സോബേഴ്സ് ജനിച്ചത്. ഷാമോണ്ടിന്റെയും തെൽമ സോബേഴ്സിന്റെയും ആറ് മക്കളിൽ അഞ്ചാമനായിരുന്നു. ദക്ഷിണാഫ്രിക്കയിൽ കളിക്കാൻ നിരവധി ക്ഷണങ്ങൾ ലഭിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിച്ചതായി ആത്മകഥയിൽ കുറിച്ചിട്ടുണ്ട്. 1975-ലാണ് സര്‍ പദവി ലഭിച്ചത്.
English Summary
Legendary West Indies cricketer Sir Garry Sobers has died at age 89. He was widely regarded as the sport’s greatest all-rounder. In 1968, he became the first batsman to hit six sixes in a single over. He was knighted in 1975 and remains a national hero of Barbados.