Who Is Lee Fortis: ഇന്ത്യൻ ടീമിനോട് എപ്പോഴും കലിപ്പ്; ആരാണ് ഗംഭീറുമായി ഉരസിയ ഓവൽ പിച്ച് ക്യുറേറ്റർ ലീ ഫോർട്ടിസ്?
Who Is Oval Pitch Curator Lee Fortis: ഗൗതം ഗംഭീറുമായി ഉരസിയ ഓവൽ പിച്ച് ക്യുറേറ്റർ ലീ ഫോർട്ടിസ് മുൻപും വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി കൂടുതലറിയാം.
അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഓവൽ പിച്ച് ക്യുറേറ്ററും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള ഉരസലാണ് നിലവിലെ ഹോട്ട് ടോപ്പിക്. ഗംഭീറിനോടും സപ്പോർട്ട് സ്റ്റാഫിനോടും പിച്ചിൽ നിന്ന് ദൂരെ നിൽക്കണമെന്നാവശ്യപ്പെട്ട ഫോർട്ടിസിനോട് ഗംഭീർ കയർത്തുസംസാരിച്ചു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്.
ആരാണ് ലീ ഫോർട്ടിസ്?
2012 മുതൽ കന്നിങ്ടൺ ഓവൽ പിച്ച് ക്യുറേറ്ററാണ് ലീ ഫോർട്ടിസ്. ബിൽ ഗോർഡന് പകരക്കാരനായാണ് ഫോർട്ടിസ് എത്തിയത്. 2006 വരെ ഓവലിലെ അസിസ്റ്റൻ്റ് ഗ്രൗണ്ട്സ്മാൻ ആയിരുന്നു. 2012ൽ സറേ ഗ്രൗണ്ട് സ്റ്റാഫ് ഹെഡ് ആയി ഓവൽ ഗ്രൗണ്ടിൻ്റെ ചാർജ് അദ്ദേഹം ഏറ്റെടുത്തു. തുടർച്ചയായ മൂന്ന് വർഷങ്ങളിൽ മികച്ച പിച്ചിനുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിൻ്റെ പുരസ്കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഗ്രൗണ്ട്സ് മാനേജർ ഓഫ് ദി ഇയർ പുരസ്കാരവും ഫോർട്ടിസിനായിരുന്നു.




മുൻപും പ്രശ്നങ്ങൾ
ഫോർട്ടിസ് മുൻപും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. മികച്ച പിച്ചുകളൊരുക്കാൻ സമർത്ഥനായ ഫോർട്ടിസ് താനൊരുക്കുന്ന പിച്ചുകളെ അങ്ങനെയാണ് സംരക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ പിച്ചിൽ സ്പൈക്ക്സ് ഇട്ട് ചവിട്ടുന്നതും മറ്റും അദ്ദേഹം അനുവദിക്കില്ല. ഇക്കാരണം കൊണ്ട് തന്നെ പലതവണ അദ്ദേഹം പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.
ഇന്ത്യയോട് കലിപ്പ്
ഇന്ത്യൻ ടീമാണ് പലപ്പോഴും ഫോർട്ടിസിൻ്റെ കലിപ്പിന് പാത്രമായിട്ടുള്ളത്. ഇതിന് മുൻപ് അവസാനം ഫോർട്ടിസ് കലിപ്പ് കാണിച്ചതും ഇന്ത്യൻ ടീമിനോടായിരുന്നു. ഈ മാസം തുടക്കത്തിൽ ഇന്ത്യൻ വനിതാ ടീം ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20 കളിച്ചത് ഓവൽ ഗ്രൗണ്ടിലായിരുന്നു. ആ സമയത്ത് ഫോർട്ടിസ് ഇന്ത്യൻ വനിതാ ടീമിനോട് ധാർഷ്ട്യം കാണിച്ചു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2023 ആഷസിന് മുൻപ് മക്കല്ലവും ഫോർട്ടിസും പിച്ചിൽ നിന്ന് ഏറെ നേരം സംസാരിച്ചിരുന്നു. അതായത് ഫോർട്ടിസിൻ്റെ കലിപ്പ് ഇംഗ്ലണ്ടിനോടില്ല എന്ന് സാരം.