World Club Championship 2026: ഐപിഎൽ, ബിബിഎൽ, പിഎസ്എൽ ക്ലബുകൾ നേർക്കുനേർ; പേര് മാറ്റി ചാമ്പ്യൻസ് ലീഗ് എത്തുന്നു
World Club Championship 2026 Is Coming Soon: ചാമ്പ്യൻസ് ലീഗ് ടി20യുടെ പേര് മാറ്റി എത്തുന്നു. വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ് എന്ന പേരിലാണ് ലീഗ് പുനരവതരിപ്പിക്കുന്നത്.

വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ്
ലോകത്തിലെ വിവിധ ടി20 ലീഗുകളിലെ ടീമുകൾ പരസ്പരം മത്സരിക്കുന്ന ചാമ്പ്യൻസ് ലീഗ് പേര് മാറ്റി എത്തുന്നു. വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ് എന്ന പേരിൽ അടുത്ത വർഷം മുതൽ ലീഗ് നടക്കുമെന്നാണ് വിവരം. നേരത്തെ നടത്തിയതിലും വലുതായി, കൂടുതൽ ടീമുകളെ ഉൾപ്പെടുത്തിയാവും ലീഗ് നടക്കുക. ബിഗ് ബാഷ് ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ്, ഇന്ത്യൻ പ്രീമിയർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, സൗത്ത് ആഫ്രിക്ക ടി20 ലീഗ്, ദി ഹണ്ട്രഡ് തുടങ്ങിയ ലീഗുകളിലെ ടീമുകളൊക്കെ പരസ്പരം മത്സരിക്കുമെന്നാണ് വിവരം.
ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ആൻഡ് ക്രിക്കറ്റ് ബോർഡും പുതിയ ലീഗിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐസിസി ചെയർമാൻ ജയ് ഷായും ലീഗിനോട് അനുകൂലമായാണ് പ്രതികരിച്ചത്. രാജ്യത്തെ ആഭ്യന്തര ടി20 ലീഗ് വിറ്റാലിറ്റി ലീഗ് ആണെങ്കിലും ദി ഹണ്ട്രഡിൽ നിന്ന് ടീമിനെ അയക്കാനാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം.
Also Read: India vs England: ഇനി ഒന്നാം സ്ഥാനത്ത് ഒറ്റയ്ക്ക്; ഗവാസ്കറിനെയും ദ്രാവിഡിനെയും മറികടന്ന് ശുഭ്മൻ ഗിൽ
വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സിഇഒ റിച്ചാർഡ് ഗോൾഡ് പറഞ്ഞു. ഭാവിയിൽ വനിതാ ടീമുകൾക്കായും ലീഗ് നടത്താനുള്ള ആലോചനകളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ചാമ്പ്യൻസ് ലീഗിൻ്റെ ഫോർമാറ്റിലാവും വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പും നടക്കുക.
2009ൽ ആരംഭിച്ച വേൾഡ് ക്ലബ് ചാമ്പ്യൻഷിപ്പ് 2014ൽ അവസാനിപ്പിച്ചു. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും രണ്ട് തവണ വീതം ജേതാക്കളായിരുന്നു. വിവിധ ടി20 ലീഗുകളിൽ നിന്നുള്ള 12 ടീമുകളാണ് മത്സരിച്ചത്. സിഡ്നി സിക്സേഴ്സ്, ന്യൂ സൗത്ത് വെയിസ് എന്നീ ബിഗ് ബാഷ് ക്ലബുകൾ മറ്റ് രണ്ട് സീസണുകളിൽ കിരീടം നേടി.