India vs England: സെഞ്ചുറിക്കരികെ ജഡേജ വീണു, പാറ പോലെ ഉറച്ച് ഗില്‍, ഇന്ത്യ മികച്ച നിലയില്‍
India vs England Second Test Day Two Updates: അഞ്ചാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍-രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന 203 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവവായു പകര്‍ന്നു. പഴുതുകളില്ലാതെ ബാറ്റിങാണ് ഗില്‍-ജഡേജ സഖ്യം കാഴ്ചവച്ചത്. എന്നാല്‍ സെഞ്ചുറിക്ക് 11 റണ്‍സ് അകലെ ജഡേജ പുറത്തായി
എഡ്ജ്ബാസ്റ്റണ് ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 288 പന്തില്‍ 168 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും, 11 പന്തില്‍ ഒരു റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. അഞ്ചിന് 310 എന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ പുനഃരാംഭിച്ചത്. അഞ്ചാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍-രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന 203 റണ്‍സ് ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവവായു പകര്‍ന്നു. പഴുതുകളില്ലാതെ ബാറ്റിങാണ് ഗില്‍-ജഡേജ സഖ്യം കാഴ്ചവച്ചത്. എന്നാല്‍ സെഞ്ചുറിക്ക് 11 റണ്‍സ് അകലെ ജഡേജ പുറത്തായി. 137 പന്തില്‍ 89 റണ്‍സെടുത്ത ജഡേജയെ ജോഷ് ടോങാണ് പുറത്താക്കിയത്.
യശ്വസി ജയ്‌സ്വാളാണ് ശ്രദ്ധേയമായ ബാറ്റിങ് പുറത്തെടുത്ത മറ്റൊരു താരം. 107 പന്തില്‍ 87 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. കെഎല്‍ രാഹുല്‍-2, കരുണ്‍ നായര്‍-31, ഋഷഭ് പന്ത്-25, നിതീഷ് കുമാര്‍ റെഡ്ഡി-1 എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ക്രിസ് വോക്ക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്രൈഡണ്‍ കാര്‍സെ, ജോഷ് ടോങ്, ബെന്‍ സ്‌റ്റോക്ക്‌സ്, ഷൊയബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.




ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിന് സമാനമായിരുന്നു ഗില്ലിന്റെ ബാറ്റിങ്. ലീഡ്‌സിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ഗില്‍ അതേ പ്രകടനം എഡ്ജ്ബാസ്റ്റണിലും ആവര്‍ത്തിച്ചു. താരം ഇരട്ട സെഞ്ചുറി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.