സ്യൂ വെറും ശൂ ആയി! ആഘോഷം കഴിഞ്ഞ് വന്നപ്പോൾ ഗോളല്ല, ഓഫ്‌സൈഡ്: റോണോയ്ക്ക് നിരാശ, പോർചുഗലിന് ജയം
Disappointment for Cristiano Ronaldo, victory for Portugal: യുവേഫ നേഷൻസ് ലീഗിൽ വെയിൽസിനെതിരെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റോണാൾഡോയ്ക്ക് നിരാശയുടെ പരമ്പരകൾ നേരിടേണ്ടിവന്നു. അദ്ദേഹത്തിന് മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നുപോലും ഗോൾ ആക്കിമാറ്റാൻ കഴിഞ്ഞില്ല. അതേസമയം റോണോ ഗോൾ നേടിയില്ലെങ്കിലും പോർചുഗൽ ഈ മത്സരത്തിൽ 1-0 എന്ന സ്‌കോറിന് വെയിൽസിനെ പരാജയപ്പെടുത്തി.
2026 ഫിഫ ലോകകപ്പിന് ശേഷം പോർചുഗൽ ടീമിനൊപ്പമുള്ള ആദ്യ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യനോ റൊണാൾഡോയ്ക്ക് വൻ നിരാശ. ടീമിലേക്കുള്ള മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി എന്നുറപ്പിച്ച് ആഘോഷം കഴിഞ്ഞ് റോണോ എത്തിയപ്പോഴേക്കും VAR അത് ഗോളല്ല, ഓഫ്‌സൈഡ് ആണെന്ന് വിധിച്ചു. അതോടെ തന്റെ 980-ാം കരിയർ ഗോൾ നേടി എന്നുറപ്പിച്ച റോണോയുടെ, പ്രശസ്തമായ ‘സ്യൂ’ ആഘോഷം വെറും ‘ശൂ’ (ഒന്നുമില്ലാത്ത അവസ്ഥ) ആയി മാറി. യുവേഫ നേഷൻസ് ലീഗിൽ വെയിൽസിനെതിരെ നടന്ന മത്സരത്തിലാണ് റോണോയ്ക്ക് നിരാശയുടെ പരമ്പരകൾ നേരിടേണ്ടിവന്നത്. അതേസമയം റോണോ ഗോൾ നേടിയില്ലെങ്കിലും പോർചുഗൽ ഈ മത്സരത്തിൽ 1-0 എന്ന സ്‌കോറിന് വെയിൽസിനെ പരാജയപ്പെടുത്തി.
മത്സരത്തിലുടനീളം മികച്ച അവസരണങ്ങൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടിയെത്തി. എന്നാൽ അതിനെ ഗോളാക്കി മാറ്റുന്നതിൽ റോണോയ്ക്ക് പിഴച്ചു. റൂബൻ നെവസിന്റെ മികച്ചൊരു പാസിൽ ലഭിച്ച ഒരു നല്ല അവസരം റൊണാൾഡോ പോസ്റ്റിന് മുകളിലൂടെ അടിച്ച് പറത്തിക്കളഞ്ഞു. മത്സരത്തിൽ ഏഴോളം അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ ആരാധകരുടെ സിആർ 7ന് കഴിഞ്ഞില്ല.
Also Read: മെസിക്ക് ദുഃഖ വാർത്ത; വിടവാങ്ങൽ മത്സരത്തിന് രണ്ട് പ്രിയ കൂട്ടുകാർ അർജന്റീന ടീമിൽ ഒപ്പമുണ്ടാകില്ല
മത്സരത്തിന്റെ 22 -ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സഹതാരം ജോവാവോ ഫെലിക്സ് നേടിയ ഗോളിന്റെ ബലത്തിലാണ് പോർചുഗൽ വെയിൽസിനെതിരേ ജയിച്ചുകയറിയത്. ബോക്‌സിന് പുറത്തുനിന്നുള്ള ഫെലിക്സിന്റെ ഷോട്ട് വെയിൽസ് ക്യാപ്റ്റൻ ബെൻ ഡേവീസിന്റെ ശരീരത്തിൽ തട്ടി ഡിഫ്ലെക്റ്റായി വലയിൽ കയറുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് റോണോ വലയിലാക്കി. ഉടൻ തന്നെ കോർണർ ഫ്ലാഗിന് അടുത്തേക്ക് ഓടിയ റോണോ തനത് ശൈലിയിൽ ‘Siuuu’ ആഘോഷം നടത്തി. എന്നാൽ റൊണാൾഡോ ഓഫ്‌സൈഡ് സ്ഥാനത്തായിരുന്നുവെന്ന് VAR പരിശോധനയിൽ തെളിഞ്ഞതോടെ ആഘോഷം പാഴാകുകയും സന്തോഷം നിരാശയ്ക്ക് വഴിമാറുകയും ചെയ്തു.
പിന്നീട് 67-ാം മിനിറ്റിൽ റൊണാൾഡോയെ പോർചുഗൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തു, പകരം ഗോൺസാലോ റാമോസ് കളത്തിലിറങ്ങി. ഗോളൊന്നും നേടാനായില്ലെങ്കിലും സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്ത് മടങ്ങുമ്പോൾ തങ്ങളുടെ പ്രിയതാരത്തെ വൻ കൈയടികളോടെയാണ് ലിസ്ബണിലെ ജോസെ അൽവലാഡെ സ്റ്റേഡിയത്തിലെ ആരാധകർ യാത്രയാക്കിയത്. മത്സരത്തിലുടനീളം പോർച്ചുഗൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മൊത്തം 19 ഷോട്ടുകൾ പോർച്ചുഗൽ ഉതിർത്തപ്പോൾ വെയിൽസിന് 4 എണ്ണം മാത്രമേ കണ്ടെത്താനായുള്ളൂ.
പുതിയ പരിശീലകൻ ജോർജ്ജ് ജീസസിന് കീഴിൽ പോർച്ചുഗലിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ജയത്തോടെ ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി പോർച്ചുഗൽ മുന്നേറ്റം തുടരുന്നു. ഞായറാഴ്ച ഓസ്ലോയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ പോർച്ചുഗൽ നോർവേയെ നേരിടും. ഏർലിംഗ് ഹാലൻഡും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ എത്തുമ്പോൾ മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പ്.
English Summary
Superstar Cristiano Ronaldo faced major disappointment in his first match with the Portugal team following the 2026 FIFA World Cup. Playing against Wales in the UEFA Nations League, Ronaldo celebrated what he believed to be a goal in his comeback match, only for VAR to rule it out as offside. Consequently, the famous ‘Siu’ celebration performed in the belief that he had scored his 980th career goal went to waste. Nevertheless, despite Ronaldo not scoring, Portugal defeated Wales 1-0 in the match.