FIFA World Cup 2026: ആഘോഷം അപകടമായി! പരസ്യബോര്‍ഡില്‍ നിന്ന് വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്
Jordan Henderson hospitalized after Injury: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയതിന്റെ വിജയാഹ്ലാദനത്തിനിടെ വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്. മുതിർന്ന മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സനാണ് പരിക്കേറ്റത്. എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടെയുണ്ടായ അപകടത്തില്‍ കൈത്തണ്ടയ്ക്കാണ് താരത്തിന് പരിക്കേറ്റത്.
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയതിന്റെ വിജയാഹ്ലാദനത്തിനിടെ വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്. മുതിർന്ന മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സനാണ് പരിക്കേറ്റത്. എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടെയുണ്ടായ അപകടത്തില്‍ കൈത്തണ്ടയ്ക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന് മാനേജർ തോമസ് ടുഷൽ സ്ഥിരീകരിച്ചു. 36-കാരനായ ഹെൻഡേഴ്സനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
റൗണ്ട് ഓഫ് 16 മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-2നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തില്‍ ആതിഥേയരെ കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷപ്രകടനം നടത്തുന്നതിനിടെ പരസ്യ ബോർഡുകളിൽ (അഡ്വർടൈസിംഗ് ഹോർഡിംഗ്സ്) നിന്ന് ഹെൻഡേഴ്സൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സ്റ്റേഡിയത്തിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം താരത്തെ സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിന്റെ സന്തോഷത്തിന്മേല്‍ ഈ സംഭവം കരിനിഴല്‍ വീഴ്ത്തി. മെക്സിക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹെൻഡേഴ്സൻ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇംഗ്ലണ്ട് വിജയിച്ചതിന് പിന്നാലെ അദ്ദേഹം സഹതാരങ്ങൾക്കൊപ്പം മൈതാനത്ത് ആഹ്ലാദപ്രകടനങ്ങളിൽ പങ്കുചേരുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
Also Read: റോണോ പുറകിലാണ്, മെസി രണ്ടാമതാണ്, ഹാലൻഡ് മൂന്നാമതുണ്ട്; ഗോൾഡൻ ബൂട്ട് വേട്ടക്കാർ ഉഷാറാണ്
എന്താണ് സംഭവിച്ചത്?
പരസ്യ ബോർഡുകൾക്ക് മുകളിൽ കയറിയ ജോർദാൻ ഹെൻഡേഴ്സന് പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് താഴേക്ക് വീണ അദ്ദേഹം കൈത്തണ്ട കുത്തിയാണ് ഗ്രൗണ്ടില്‍ പതിച്ചത്. ഇതോടെ കടുത്ത വേദന അനുഭവപ്പെട്ട താരത്തിന് ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടേണ്ടി വന്നു.
ഹെൻഡേഴ്സനെ സ്ട്രെച്ചറിൽ കിടത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകൾ പകർത്തിയിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും അതിവേഗം പടർന്നു. സംഭവം വേദനാജനകമെന്ന് തോമസ് ടുഷൽ പ്രതികരിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍
The moment Jordan Henderson, fell and hurt his arm… Just after singing wonderwall… #England #Mexeng #FIFA https://t.co/4zxxUZkEap pic.twitter.com/mA1kFNrZ9B
— Jim howson (@Jim_Howson) July 6, 2026
“ജോര്‍ദാന്റെ കൈത്തണ്ടയ്ക്കാണ് പരിക്കേറ്റത്. അത് കാണുമ്പോൾ വളരെ മോശമായി തോന്നുന്നു. ഗുരുതരമായ പരിക്കാണ്. ജോർദാന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിലും അത് ഗുരുതരമായതിലും എനിക്ക് സങ്കടമുണ്ട്. ഈ സന്തോഷനിമിഷത്തിൽ അദ്ദേഹം നമുക്കൊപ്പമില്ല എന്നത് ഒട്ടും ശരിയാകുന്നില്ല. ഇനി എന്താണ് ചികിത്സാ നടപടികളെന്ന് എനിക്കറിയില്ല. അദ്ദേഹം ആശുപത്രിയിലാണെന്ന് മാത്രമാണ് ഡോക്ടർ എന്നെ അറിയിച്ചത്”-തോമസ് ടുഷൽ പറഞ്ഞു.
ഇംഗ്ലണ്ട് ടീമിന് പ്രശംസ
അതേസമയം, മെക്‌സിക്കോയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലണ്ട് താരങ്ങളെ ടുഷല്‍ പ്രശംസിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജാരെൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങിയിരുന്നു. ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടിട്ടും അതൊക്കെ അതിജീവിച്ച് വിജയം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഈ പ്രകടനത്തില്‍ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്ന് ടുഷല്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
English Summary
England secured a dramatic 3-2 victory over Mexico to reach the World Cup quarterfinals. During celebrations, midfielder Jordan Henderson suffered a serious wrist injury after falling. Manager Thomas Tuchel confirmed the incident and expressed deep concern for the veteran player. Henderson was rushed to the hospital.