ആ കുപ്പായം അർജന്റീനയുടെ ലക്കി ചാം തന്നെ; തോൽവി കാണാൻ ഇരുന്നവർക്ക് ആദരാഞ്ജലി നേർന്ന ‘മിശിഹ’!
FIFA World Cup 2026 Argentina VS England: ജഴ്സിയാണ് അർജന്റീനയ്ക്ക് വിജയം കൊണ്ടുവന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ടാകാം. പക്ഷേ 'മിശിഹ'യാണ് വിജയം കൊണ്ട് വന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം വിരോധികളെപ്പോലും ആരാധകരാക്കാൻ പാകത്തിലുള്ള മാസ് പ്രകടനമാണ് ഈ കളിയിൽ മെസി നടത്തിയിരിക്കുന്നത്.

Fifa World Cup 2026 Argentina Vs England Messi
ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് മുമ്പ് തന്നെ അർജന്റീന നടത്തിയ ആ ’സൈക്കോളജിക്കൽ മൂവ്’ ഫലിച്ചു. നേവി ബ്ലൂ എവേ കിറ്റ് (Away Kit) ധരിച്ചിറങ്ങിയ അർജന്റീന നിർണായകമായ മത്സരത്തിൽ ഇംഗ്ലണ്ടിനെ 2-1ന് തകർത്ത് ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നു. അല്ല, ലയണൽ മെസി എന്ന ഫുട്ബോളിന്റെ സ്വന്തം മിശിഹ ഫൈനലിലേക്ക് അർജന്റീനയെ തന്റെ കാലുകൾകൊണ്ട് എടുത്തുവച്ചിരിക്കുന്നു. ഗോളടിച്ചില്ലെങ്കിലും തോൽവിയുടെ വക്കിൽനിന്ന് തന്റെ ടീമിനെ രക്ഷിക്കുന്നതിൽ ഈ 39 വയസുകാരൻ നിർണായക പങ്കാണ് വഹിച്ചത്. അയാൾ ആരാധകർക്ക് പ്രിയപ്പെട്ട മിശിഹയാകുന്നതും അതുകൊണ്ടൊക്കെത്തന്നെയാണ്.
ലക്കി ചാം
ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങും മുമ്പ് സെമിയിൽ തങ്ങൾക്ക് എവേ ജഴ്സി ധരിക്കാൻ അനുമതി ആവശ്യപ്പെട്ട് അർജന്റീന ഫിഫയുടെ അനുമതി തേടിയത് ഏറെ ചർച്ചയായിരുന്നു. മുൻപ് ചരിത്ര ജയം നേടിയപ്പോൾ അർജന്റീന ധരിച്ചിരുന്നത് എവേ ജഴ്സിയായിരുന്നു. ഇംഗ്ലണ്ട് മറക്കാൻ ആഗ്രഹിക്കുന്ന ആ ചരിത്രം അവരെ ഓർമിപ്പിക്കുക എന്ന സൈക്കോളജിക്കൽ മൂവാണ് എവേ ജഴ്സി എന്നാണ് വിലയിരുത്തലുകൾ വന്നത്.
Also Read: അന്ന് മെസി കുളിപ്പിച്ച ആ പൈതൽ; ഇന്ന് ലോകകപ്പ് ഫൈനലിൽ മെസിക്ക് നേർക്കുനേർ!
മാത്രമല്ല ഇംഗ്ലണ്ടിനെതിരേയുള്ള കളികളിൽ എവേ ജഴ്സി അർജന്റീനയ്ക്ക് ഭാഗ്യം കൊണ്ടുവരും എന്നൊരു വിശ്വാസവും നിലനിന്നിരുന്നു. എന്തായാലും ആരാധകരുടെ ആ വിശ്വാസം ഇത്തവണയും തകർന്നില്ല. എവേ ജഴ്സി അർജന്റീനയുടെ ലക്കി ചാം തന്നെ എന്ന് ഉറപ്പിക്കും വിധത്തിൽ ഇംഗ്ലണ്ടിന് മേൽ അർജന്റീന വിജയം വരിച്ചിരിക്കുന്നു, അതും അവിശ്വസനീയമാം വിധം പിന്നിൽ നിന്ന് മുന്നേറി.
‘മിശിഹാ’ വിജയം
ജഴ്സിയാണ് അർജന്റീനയ്ക്ക് വിജയം കൊണ്ടുവന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ടാകാം. പക്ഷേ ‘മിശിഹ’യാണ് വിജയം കൊണ്ട് വന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം വിരോധികളെപ്പോലും ആരാധകരാക്കാൻ പാകത്തിലുള്ള മാസ് പ്രകടനമാണ് ഈ കളിയിൽ മെസി നടത്തിയിരിക്കുന്നത്. വെറും 10 മിനിറ്റിൽ കളിയുടെ ഗതിതന്നെ മാറ്റിയ രണ്ട് ഗോളുകളും പിറന്നത് മെസിയുടെ അസാധ്യമായ വിഷനിലും പാസിലുമായിരുന്നു.
ഈ ലോകകപ്പിലെ മുൻ മത്സരങ്ങളിൽ കണ്ടതുപോലെ തന്നെ, തോൽവിയുടെ നിഴലിൽനിന്ന അർജന്റീനയെയാണ് 84-ാം മിനിറ്റ് വരെ മൈതാനത്ത് കണ്ടത്. എന്നാൽ 85-ാം മിനിറ്റിൽ ഇംഗ്ലണ്ട് പ്രതിരോധക്കോട്ട പൊളിച്ച് മെസി കളിയാകെ മാറ്റി മറിച്ചു. ഒരു ഷോർട്ട് കോർണർ തന്ത്രത്തിലൂടെ പന്ത് മെസി എൻസോ ഫെർണാണ്ടസിന് കൈമാറി. ബോക്സിന് പുറത്തുനിന്ന് എൻസോ തൊടുത്ത ആ ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിനെ മറികടന്ന് വലയിലെത്തിയതോടെ 1-1 എന്ന സമനിലയിലേക്ക് കളിയെത്തി.
ഇംഗ്ലണ്ടിന്റെ ശക്തമായ മധ്യനിരയെയും പ്രതിരോധ നിരയെയും കബളിപ്പിച്ചുകൊണ്ട് കളി നിയന്ത്രിച്ച മെസി തന്നെ 95-ാം മിനിറ്റിൽ അർജന്റീനയുടെ വിജയ ഗോളിനുള്ള വഴിവെട്ടി. വലതുവിങ്ങിൽ നിന്ന് മെസി നൽകിയ അളന്നുമുറിച്ച ക്രോസ് ലൗട്ടാരോ മാർട്ടീനസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റിയപ്പോൾ കളിയുടെ തലവര തന്നെ മാറുകയും വിജയം അർജന്റീനയ്ക്ക് ഒപ്പം നിൽക്കുകയും ചെയ്തു.
മെസിയും സംഘവും തോൽക്കുന്നത് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവർക്ക് ആദരാഞ്ജലി നേരുന്ന വിധത്തിലുള്ള പ്രകടനമാണ് മെസി ഈ കളിയിലും കാഴ്ചവച്ചത്. അതേസമയം നല്ലൊരു മത്സരം കാണാനിരുന്ന ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ത്രില്ലർ എക്സ്പീരിയൻസ് നൽകുകയും ചെയ്തു. ടീം പിന്നിലായിപ്പോയപ്പോഴും അതിൽ തളരാതെ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുകയും സഹതാരങ്ങൾക്ക് ആത്മവിശ്വാസം നൽകുകയും ചെയ്ത മെസിയുടെ പോരാട്ട വീര്യം മത്സര ശേഷം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
തുടർച്ചയായി രണ്ട് ലോകകപ്പ് കിരീടങ്ങൾ എന്ന ബ്രസീലിന്റെ (1962) ചരിത്ര റെക്കോർഡിനൊപ്പമെത്താൻ അർജന്റീനയ്ക്ക് ഇനി ഒരൊറ്റ വിജയത്തിന്റെ ദൂരം മാത്രം. മിശിഹയുടെ ഇടംകാൽ ആ ചരിത്ര ജയം അർജന്റീനയ്ക്ക് നേടി നൽകും എന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു. ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ.
English Summary
Argentina’s “psychological move” before the match against England paid off. Argentina, wearing a navy blue away kit, defeated England 2-1 in a crucial match and entered the final of the FIFA World Cup 2026. Messi’s mass performance in this match was enough to turn even his opponents into fans. The two goals that changed the course of the game in just 10 minutes were born from Messi’s impossible vision and pass.