Indian-Origin Footballers in FIFA World Cup: ഒരാള്‍ മലയാളി പയ്യന്‍, പിന്നെ മറ്റു മൂന്ന് പേരും; ഇത് ‘ഇന്ത്യ’യില്ലാത്ത ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യക്കാര്‍
Who are the Indian-Origin Players in FIFA World Cup: നാലു ഇന്ത്യന്‍ വംശജരാണ് ഇത്തവണ ലോകകപ്പില്‍ വിവിധ ടീമുകളെ പ്രതിനിധീകരിക്കാനെത്തുന്നത്. അതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂരുകാരന്‍ തഹ്‌സിന്‍ മുഹമ്മദ്. പിന്നെയുമുണ്ട് മറ്റ് മൂന്ന് ഇന്ത്യന്‍ വംശജര്‍. അവരില്‍ ഓരോരുത്തരെക്കുറിച്ചും നോക്കാം.
FIFA World Cup: ഇന്ത്യ പങ്കെടുക്കുന്ന ഒരു ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ ആരാധകര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം ഏറെയായി. എന്നാല്‍ ആര്‍പ്പുവിളിക്കാന്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നില്ലെങ്കിലും, ബ്രസീലിനെയും, അര്‍ജന്റീനയെയും, പോര്‍ച്ചുഗലിനെയുമൊക്കെ നെഞ്ചിലേറ്റിയ മലയാളി ആരാധകര്‍ക്ക് കാല്‍പ്പന്ത് മാമാങ്കത്തില്‍ ഒരിക്കല്‍ പോലും ആവേശം ചോര്‍ന്നിട്ടില്ല. ഒരു കാലത്ത് ‘നമ്മുടെ ഇന്ത്യ’യും ലോകകപ്പില്‍ പങ്കെടുക്കുമെന്ന പ്രതീക്ഷയോടെയാണ് ഓരോ ആരാധകനും ഓരോ മത്സരവും കാണുന്നത്.
ഇത്തവണ ആവേശത്തിന് ഇരട്ടി മധുരമാണ്. കാരണം ഒന്നല്ല, നാലു ഇന്ത്യന്‍ വംശജരാണ് ഇത്തവണ ലോകകപ്പില്‍ വിവിധ ടീമുകളെ പ്രതിനിധീകരിക്കാനെത്തുന്നത്. അതില്‍ ഒരാള്‍ മലയാളിയാണ്. കണ്ണൂരുകാരന്‍ തഹ്‌സിന്‍ മുഹമ്മദ്. പിന്നെയുമുണ്ട് മറ്റ് മൂന്ന് ഇന്ത്യന്‍ വംശജര്‍. അവരില്‍ ഓരോരുത്തരെക്കുറിച്ചും നോക്കാം.
തഹ്സിൻ മുഹമ്മദ് ജംഷീദ്
കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷീദ് എന്ന 19-കാരൻ ഖത്തർ ടീമിന്റെ വിങ്ങർമാരിൽ ഒരാളായാണ് ലോകകപ്പിലേക്ക് ബൂട്ടണിയുന്നത്. തലശ്ശേരി സ്വദേശി ജംഷീദ് തച്ചങ്കണ്ടിയുടെയും വളപട്ടണം സ്വദേശിനി ഷൈമയുടെയും മകനാണ് ഈ യുവതാരം. 1996-ല്‍ ഖത്തറിലേക്ക് കുടിയേറിയതാണ് തഹ്‌സിന്റെ കുടുംബം. തഹ്‌സിന്റെ പിതാവ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ താരമായിരുന്നു. ആസ്പയർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നുവന്ന തഹ്സിൻ, നിലവിൽ ഖത്തർ സ്റ്റാർസ് ലീഗിലെ പ്രമുഖ ക്ലബ്ബായ അൽ ദുഹൈലിന് വേണ്ടിയാണ് കളിക്കുന്നത്.
നിഷാൻ വേലുപ്പിള്ള
ഓസ്ട്രേലിയൻ ലോകകപ്പ് സ്ക്വാഡിൽ ഇടംനേടിയ 25-കാരനായ നിഷാൻ വേലുപ്പിള്ളയുടെ അമ്മ ഗില്ല്യൻ ആംഗ്ലോ-ഇന്ത്യൻ വംശജയാണ്. പിതാവ് ശ്രീലങ്കൻ-മലേഷ്യൻ പശ്ചാത്തലമുള്ളയാളും. 25-കാരനായ ഈ വിങര്‍ മെൽബൺ വിക്ടറി ക്ലബ്ബിന്റെ താരമാണ്. 2024-ൽ ചൈനക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് താരം അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ച് ടീമിലെ സ്ഥാനമുറപ്പിച്ചു.
സർപ്രീത് സിങ്
ന്യൂസിലന്‍ഡ് താരമായ സര്‍പ്രീത് സിങ് പഞ്ചാബി ദമ്പതികളുടെ താരമാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡറാണ് ഈ 27-കാരന്‍. മുൻപ് മുംബൈയിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പിൽ ന്യൂസിലൻഡിനായി ഇന്ത്യക്കെതിരെ കളിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്ക് താരമായിരുന്നു. നിലവില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സിനായി കളിക്കുന്നു.
2018 ൽ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ന്യൂസിലന്‍ഡിനായി കളിക്കാന്‍ അവസരം ലഭിച്ചു. ആ ടൂര്‍ണമെന്റിലാണ് താരം തന്റെ ആദ്യ രാജ്യാന്തര ഗോള്‍ നേടിയത്.
സാമുവൽ മുത്തുസാമി
കോംഗോ ടീമിന്റെ മിഡ്ഫീൽഡ് താരമാണ് സാമുവൽ മുത്തുസാമി. 29-കാരനായ ഈ താരത്തിന്റെ പിതാവ് തമിഴ്നാട് സ്വദേശിയും അമ്മ കോംഗോ സ്വദേശിയുമാണ്. ഫ്രാൻസിൽ ജനിച്ചുവളർന്ന സാമുവൽ ഫ്രഞ്ച് ലീഗിലെ നാന്റസ് ക്ലബ്ബിലാണ് കളിക്കുന്നത്.
2006-ലെ ലോകകപ്പില്‍ ഇന്ത്യന്‍ വംശജനായ വികാഷ് ദൊരാസൂ ഫ്രാന്‍സിനു വേണ്ടി കളിച്ചിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യന്‍ വംശജര്‍ ഒരു ലോകകപ്പില്‍ കളിക്കുന്നത്. ഇന്ത്യ കളിക്കുന്നില്ലെങ്കിലും, ഇന്ത്യന്‍ വംശജരുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
English Summary
India is not playing in the FIFA World Cup. However, four players of Indian origin are participating. Malayali winger Tahsin Mohammed Jamshid is making history for Qatar. Nishan Velupillay, Sarpreet Singh, and Samuel Moutoussamy are also playing.