സ്ത്രീയായത് 5 മാസം മുമ്പ്, അച്ഛൻ മുൻ ഇന്ത്യൻ താരം; ഓസ്ട്രേലിയയിലൂടെ അനയ വീണ്ടും ക്രിക്കറ്റിലേക്ക്
Anaya Bangar gets permission to play cricket in Australia: ആര്യൻ എന്നായിരുന്നു അനയ ബംഗാറിന്റെ മുൻ പേര്. മുംബൈയുടെ യൂത്ത് ഡിവിഷനിൽ സർഫറാസ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ആര്യൻ ഒരു മുൻനിര ഓൾറൗണ്ടറായി കളിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അഞ്ച് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2026 മാർച്ചിൽ തായ്‌ലൻഡിൽ വച്ച് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആര്യൻ അനയയായി മാറി. തുടർന്ന് താൻ ഒരു ട്രാൻസ്‌വുമൺ ആണെന്ന് അനയ പരസ്യമായി വ്യക്തമാക്കി.

Anaya Bangar Gets Permission To Play Cricket In Australia
മുംബൈ: അനയ ബംഗാർ വീണ്ടും ക്രിക്കറ്റ് ലോകത്തേക്ക് ചുവടുവയ്ക്കുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ പുരുഷ ടീമിന്റെ മുൻ ബാറ്റിംഗ് പരിശീലകനുമായ സഞ്ജയ് ബംഗാറിന്റെ മകളായ അനയയ്ക്ക് പ്രീമിയർ വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അംഗീകാരം ലഭിച്ചു. സാമൂഹിക മാധ്യമത്തിലൂടെ അനയ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അനുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും വീണ്ടും ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ലെന്ന് കരുതിയ ഘട്ടത്തിൽ നിന്നാണ് ഈ തിരിച്ചു വരവെന്നും അനയ പ്രതികരിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ തീരുമാനപ്രകാരം, 2027 മാർച്ച് മുതൽ അനയയ്ക്ക് അവിടെ എലൈറ്റ് വനിതാ ക്രിക്കറ്റിൽ പങ്കെടുക്കാൻ സാധിക്കും.
ആര്യൻ അനയയായത് അഞ്ച് മാസം മുമ്പ്
ആര്യൻ എന്നായിരുന്നു അനയ ബംഗാറിന്റെ മുൻ പേര്. മുംബൈയുടെ യൂത്ത് ഡിവിഷനിൽ സർഫറാസ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം ആര്യൻ ഒരു മുൻനിര ഓൾറൗണ്ടറായി കളിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അഞ്ച് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2026 മാർച്ചിൽ തായ്‌ലൻഡിൽ വച്ച് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആര്യൻ അനയയായി മാറി. തുടർന്ന് താൻ ഒരു ട്രാൻസ്‌വുമൺ ആണെന്ന് അനയ പരസ്യമായി വ്യക്തമാക്കി.
Also Read: ധോണി CSK-യുടെ 25% ഷെയർ ചോദിച്ചോ, പിന്നെ അത് 20% ആയി കുറച്ചോ; ആകാശ് ചോപ്ര പറയുന്നത് മറ്റൊന്നാണ്!
ശസ്ത്രക്രിയ നടത്തി സ്ത്രീയായതിന് പിന്നാലെ യുകെയിലേക്ക് മാറിയ അനയ അവിടെ പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബുകളിൽ പരിശീലനവും കളിയും തുടർന്നു. പുരുഷനായി ജനിച്ചവർ വനിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്നതിന് 2023-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനാൽത്തന്നെ അനയയ്ക്ക് മുഖ്യധാരാ ക്രിക്കറ്റിലേക്ക് വരാൻ വഴികൾ ഉണ്ടായിരുന്നില്ല.
എന്നാൽ, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിയമപ്രകാരം ഏത് സംസ്ഥാത്തെയും കമ്മ്യൂണിറ്റി, പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ കളിക്കാൻ അനയയ്ക്ക് യോഗ്യതയുണ്ട്. ബോർഡിന്റെ ട്രാക്കിംഗ് മാനദണ്ഡങ്ങൾക്ക് വിധേയമായി 2027 മാർച്ച് മുതൽ ‘വനിതാ ബിഗ് ബാഷ് ലീഗ്’ (WBBL) പോലുള്ള പ്രൊഫഷണൽ ലീഗുകളിലും അവർക്ക് അവസരം ലഭിച്ചേക്കും.
ട്രാൻസ്‌ജെൻഡർ താരങ്ങൾക്ക് ടെസ്റ്റോസ്റ്റിറോൺ നില പരിശോധിച്ച ശേഷം ആഭ്യന്തര തലത്തിൽ കളിക്കാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകുന്നുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയമനുസരിച്ച്, വനിതാ വിഭാഗം എലൈറ്റ് ക്രിക്കറ്റിൽ മത്സരിക്കുന്ന കളിക്കാർ തങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് തുടർച്ചയായി കുറഞ്ഞത് 12 മാസത്തേക്ക് ലിറ്ററിന് 10 നാനോമോൾസ് എന്നതിന് താഴെയായി നിലനിർത്തേണ്ടതുണ്ട്. ഈ യോഗ്യത അനയ തുടർന്നും പാലിക്കേണ്ടതുണ്ട്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഈ അനുമതി തന്റെ യാത്രയുടെ ആദ്യപടി മാത്രമാണെന്നും, ബിഗ് ബാഷ് ലീഗിൽ കളിക്കുന്നതിന് മുൻപ് കായികക്ഷമത വീണ്ടെടുക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അനയ വ്യക്തമാക്കി. ഒരു ഘട്ടത്തിൽ ക്രിക്കറ്റ് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്നതിനാൽ ഈ തീരുമാനം തന്നെ സംബന്ധിച്ച് തികച്ചും വൈകാരികമാണെന്ന് അനയ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
English Summary
Anaya Bangar is making a comeback to the cricket world. Anaya, the daughter of former Indian cricketer and former batting coach of the Indian men’s team Sanjay Bangar, has been cleared by Cricket Australia to play in the Premier Women’s Cricket. Anaya herself announced this on social media. According to the new decision by Cricket Australia, Anaya will be able to participate in elite women’s cricket there from March 2027.