ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിന്റെ സകല അടവും പൊളിച്ച് ഇന്ത്യൻ വനിതകൾ രണ്ടാം റൗണ്ടിൽ, ബാഡ്മിന്റണിൽ സിന്ധു പുറത്ത്
Hockey World Cup- Indian women enter second round: ഹോക്കി ലോകകപ്പിൽ ഇന്ത്യൻ വനിതകൾ മികച്ച മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് ഗോളിന് തകർത്ത ആത്മവിശ്വാസവുമായി ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയ ഇന്ത്യൻ പെൺപുലികൾ ശക്തരായ ഇംഗ്ലണ്ടിനെ വിജയത്തിന് തുല്യമായ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇതോടെ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയിട്ടുണ്ട്.

Hockey World Cup World Badminton Championship India
ന്യൂഡൽഹി/ അംസ്റ്റൽവീൻ (നെതർലൻഡ്സ്): കായിക രംഗത്ത് കുതിപ്പും കിതപ്പുമായി ഇന്ത്യൻ വനിതകൾ. ലോക ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന്റെ സകല അടവുകളെയും പരാജയപ്പെടുത്തി സമനിലയോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന പിവി സിന്ധു പുറത്തായി. ബാഡ്മിന്റൺ പുരുഷ വിഭാഗം പ്രീ ക്വാർട്ടറിൽ ആയുഷ് ഷെട്ടിയും പുറത്തായി ഇതോടെ ബാഡ്മിന്റർ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. അതേസമയം പുരുഷ, വനിതാ ഡബിൾസുകളിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
ഇംഗ്ലണ്ടിനെ തളച്ച് ഇന്ത്യ
ഹോക്കി ലോകകപ്പിൽ ഇന്ത്യൻ വനിതകൾ മികച്ച മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് ഗോളിന് തകർത്ത ആത്മവിശ്വാസവുമായി ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയ ഇന്ത്യൻ പെൺപുലികൾ ശക്തരായ ഇംഗ്ലണ്ടിനെ വിജയത്തിന് തുല്യമായ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇതോടെ ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് ഇന്ത്യ മുന്നേറിയിട്ടുണ്ട്.
Also Read: കൊളംബോ ടെസ്റ്റിൽ 33-കാരൻ അരങ്ങേറും? കുൽദീപിന് ‘പണി’ കിട്ടിയേക്കും
നെതർലൻഡ്സിലെ അംസ്റ്റൽവീനിൽ നടന്ന എഫ്.ഐ.എച്ച് (FIH) വനിതാ ഹോക്കി ലോകകപ്പ് പൂൾ ഡി-യിലെ അവസാന മത്സരത്തിൽ ഗോൾ രഹിത സമനിലയുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തളച്ചത്. പോരാട്ടത്തിൽ ഉറച്ച പ്രതിരോധം ഇന്ത്യൻ ടീമിന് വിജയം തുല്യമായ സമനില സമ്മാനിക്കുകയായിരുന്നു. തുടക്കം മുതൽ ഇംഗ്ലണ്ട് ആക്രമിച്ചു കളിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധനിരയും ഗോൾകീപ്പറും അവരുടെ ശ്രമങ്ങളെയെല്ലാം ചെറുത്തുതോൽപ്പിച്ചു.
ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയോട് 2-2 ന് സമനില വഴങ്ങിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചിരുന്നു. ലോകകപ്പിലെ ഇന്ത്യൻ വനിതകളുടെ ഏറ്റവും മികച്ച വിജയമായി ഇത് അടയാളപ്പെടുത്തപ്പെട്ടു.
ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ഇംഗ്ലണ്ടിനെതിരേ സമനില മാത്രം മതിയായിരുന്നു. മറുഭാഗത്ത് ഇംഗ്ലണ്ടിനാകട്ടെ ടൂർണമെന്റിൽ മുന്നേറാൻ വിജയം അനിവാര്യമായിരുന്നു. അതോടെ ശക്തമായ മത്സരം തന്നെയാണ് നടന്നത്. 11 പെനാൽറ്റി കോർണറുകൾ ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും ഗോൾകീപ്പർമാരായ സവിതാ പുനിയ, ബിക്ചു ദേവി എന്നിവരുടെ മികച്ച സേവുകൾ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി.
മത്സരത്തിന്റെ അവസാന സെക്കൻഡുകളിൽ ബിക്ചു ദേവി നടത്തിയ നിർണായക സേവാണ് ഇന്ത്യയുടെ യോഗ്യത ഉറപ്പാക്കിയത്. മത്സരത്തിനിടെ ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി കോർണറുകളിൽ നിന്നുള്ള രണ്ട് ശ്രമങ്ങൾ (നവ്‌നീത് കൗറിന്റെ ഷോട്ടുകൾ ഉൾപ്പെടെ) റഫറി റദ്ദാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി. 6 പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിയാഞ്ഞതും തിരിച്ചടിയായി. രണ്ടാം റൗണ്ടിൽ കരുത്തരായ നെതർലൻഡ്സാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ.
ഇഞ്ചോടിഞ്ച് പോരാടി സിന്ധു, ഒടുവിൽ പരാജയം
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ സിംഗിൾസിൽ ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ചൈനീസ് താരം
വാങ് സിയിയോട് ഇഞ്ചോടിഞ്ച് പോരാടിയ ശേഷമായിരുന്നു സിന്ധുവിന്റെ പരാജയം. ആദ്യ ഗെയിമിൽ പിടിച്ചുനിൽക്കാൻ കഴിയാഞ്ഞ സിന്ധു രണ്ടാം ഗെയിമിൽ പക്ഷേ തിരിച്ചുവന്നു. നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിന്ധു പരാജയപ്പെടുകയായിരുന്നു. സ്‌കോർ: 21-11, 15-21, 21-17.
English Summary
Indian women are making waves in the sports arena. India defeated all the teams of England in the World Hockey Championship and advanced to the next round with a draw. India’s next opponents in the second round are the strong Netherlands. Meanwhile, PV Sindhu, who was India’s title hope, was eliminated from the World Badminton Championship. Meanwhile, India has advanced to the quarterfinals in the badminton men’s and women’s doubles.