India vs Bangladesh : ചെന്നെെയിൽ അശ്വിൻ സുപ്രീമസി; ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മിന്നും ജയം
IND vs BAN: ഇന്ന് നാലുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ബാറ്റിംഗ് പുനരാരംഭിച്ചതെങ്കിലും കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റുകൾ വീഴ്ത്തി. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലായി.
ചെന്നെെ: ബാറ്റിംഗിലും ബൗളിംഗിലും ഹോം ഗ്രൗണ്ടിൽ ആർ അശ്വിൻ തിളങ്ങിയതിന് പിന്നാലെ ചെന്നെെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 280 റൺസിനായിരുന്നു ആതിഥേയരുടെ ജയം. ബംഗ്ലാ ബാറ്റർമാർ ആർ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും ബൗളിംഗിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. അശ്വിൻ 6 വിക്കറ്റും ജഡേജ 3 വിക്കറ്റും വീഴ്ത്തി. 515 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 234 റൺസിൽ പുറത്താകുകയായിരുന്നു. 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇതോടെ ഇന്ത്യ മുന്നിലെത്തി. സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ആദ്യ ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത് അശ്വിൻ ആയിരുന്നു. ആദ്യ ഇന്നിംഗ്സിൽ തകർപ്പൻ സെഞ്ച്വറിയും അശ്വിന്റെ ബാറ്റിൽ നിന്ന് പിറന്നു. 133 പന്തിൽ നിന്ന് 11 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 113 റൺസാണ് താരം നേടിയത്. 86 റൺസുമായി ജഡേജയും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ 376 റൺസെന്ന ശക്തമായ നിലയിലെത്തി. നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും ബൗളിംഗിൽ തിളങ്ങിയതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് 149 റൺസിൽ അവസാനിച്ചു. 227 റൺസിന്റെ ലീഡാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് ലഭിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ യുവതാരങ്ങളായ ശുഭ്മാൻ ഗില്ലും ഋഷഭ് പന്തും തിളങ്ങി. ഇരുവരും സെഞ്ച്വറികൾ നേടി സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. വാഹനാപകടത്തെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ പാഡണിയുന്നത്. 128 പന്തിൽ നിന്ന് 13 ബൗണ്ടറികളും 4 സിക്സറുകളുമടക്കം 109 റൺസാണ് പന്ത് സ്വന്തമാക്കിയത്. 119 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ ഇന്നിംഗ്സിൽ 10 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെടുന്നു. 287/4 എന്ന സ്കോറിൽ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് നിരയിൽ 82 റൺസുമായി മികച്ച പ്രകടനമാണ് നായകൻ ഷാന്റോ കാഴ്ചവച്ചത്. എന്നാൽ ബൗളിംഗിൽ കൊടുങ്കാറ്റായി ആഞ്ഞുവീശിയതോടെ ബംഗ്ലാദേശ് തകർന്നു. 21 ഓവറിൽ 88 റൺസ് വിട്ടുനൽകിയാണ് അശ്വിൻ 6 വിക്കറ്റുകൾ വീഴ്ത്തിയത്. 15.1 ഓവറിൽ 58 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി ജഡേജയും ബംഗ്ലാദേശ് പതനം പൂർത്തിയാക്കി. പാകിസ്താനെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരായ മത്സരത്തിനിറങ്ങിയത്.