India vs England: കൊതിപ്പിച്ച് കടന്നുകളഞ്ഞല്ലോ; ആർച്ചറിനെതിരെ രക്ഷപ്പെട്ട് വുഡിന് മുന്നിൽ വീണ് സഞ്ജു
Sanju Samson Gets Out To Mark Wood: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിലും സ്ഥിരം പാറ്റേണിൽ പുറത്തായി സഞ്ജു സാംസൺ. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് തവണയും ജോഫ്ര ആർച്ചറിന് മുന്നിൽ വീണ സഞ്ജുവിനെ ഇത്തവണ മാർക്ക് വുഡ് ആണ് പുറത്താക്കിയത്.

സ്ഥിരം പാറ്റേണിൽ വീണ്ടും വിക്കറ്റ് കളഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. മുൻപുള്ള മത്സരങ്ങളിൽ ജോഫ്ര ആർച്ചറിന് മുന്നിലാണ് സഞ്ജു വീണതെങ്കിൽ ഇത്തവണ മാർക്ക് വുഡാണ് താരത്തെ പുറത്താക്കിയത്. ജോഫ്ര ആർച്ചറിൻ്റെ ആദ്യ ഓവറിൽ രണ്ട് സിക്സറും ഒരു ബൗണ്ടറിയും സഹിതം 16 റൺസെടുത്ത് ഫോമിലാണെന്ന പ്രതീക്ഷ നൽകിയാണ് സഞ്ജു അടുത്ത ഓവറിൽ പുറത്തായത്.
ബോഡിലൈനിൽ ഷോർട്ട് ബോൾ എറിഞ്ഞ് ലെഗ് സൈഡ് ബൗണ്ടറിയിൽ ക്യാച്ചെടുത്ത് പുറത്താക്കുകയെന്നതായിരുന്നു ഇതുവരെ സഞ്ജുവിനെതിരെ ഇംഗ്ലണ്ടിൻ്റെ തന്ത്രം. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആർച്ചർ സഞ്ജുവിനെ വീഴ്ത്തിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ സാഖിബ് മഹ്മൂദിന് മുന്നിലാണ് താരം മുട്ടുമടക്കിയത്. മൂന്നാം മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് തന്ത്രം പൊളിക്കാൻ പ്ലാസ്റ്റിക് പന്തിൽ പ്രത്യേക പരിശീലനം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. എന്നാൽ, ഇന്ന് ആർച്ചറിനെതിരായ ആദ്യ ഓവറിൽ ഇതിനെ കൗണ്ടർ ചെയ്യാൻ സഞ്ജുവിന് സാധിച്ചു.
ആദ്യ പന്തിൽ തന്നെ സിക്സർ നേടിയ താരം അഞ്ചാം പന്തിൽ സിക്സറും അവസാന പന്തിൽ ബൗണ്ടറിയും നേടി. ഇതോടെ ഓവറിലാകെ 16 റൺസ് നേടാനും സഞ്ജുവിന് സാധിച്ചു. അടുത്ത ഓവർ എറിഞ്ഞത് മാർക്ക് വുഡ് ആയിരുന്നു. ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജുവിന് സ്ട്രൈക്ക് കിട്ടിയത്. ബോഡി ലൈനിൽ വന്ന ഷോർട്ട് പിച്ച് ഉയർത്തിയടിക്കാൻ ശ്രമിച്ച സഞ്ജുവിന് പിഴച്ചു. ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജോഫ്ര ആർച്ചറിന് സ്ഥാനം മാറേണ്ടിപോലും വന്നില്ല.




പരമ്പരയിൽ തൻ്റെ ഏറ്റവും ഉയർന്ന രണ്ടാം സ്കോർ ആണ് ഇന്ന് സഞ്ജു നേടിയത്. ആദ്യ കളി നേടിയ 26 ആണ് പരമ്പരയിലെ ഉയർന്ന സ്കോർ. അഞ്ച് മത്സരങ്ങളിൽ നിന്ന് സഞ്ജുവിൻ്റെ ആകെ സമ്പാദ്യം 51 റൺസ്. ഇതോടെ അടുത്ത പരമ്പരയിൽ സഞ്ജുവിൻ്റെ സ്ഥാനം പോലും ഭീഷണിയിലാണ്. യശസ്വി ജയ്സ്വാൾ മടങ്ങിയെത്തുമ്പോൾ അഭിഷേക് ശർമ്മ പുറത്തിരിക്കുമെന്നായിരുന്നു സൂചന. എന്നാൽ, ജയ്സ്വാളിന് പകരം സഞ്ജുവിനെ സ്ഥാനത്തിനാണ് ഇപ്പോൾ ഭീഷണി.
Also Read: India vs England: ആവേശം അവസാന ഓവർ വരെ; വിവാദ കൺകഷനിലൂടെ ഇന്ത്യക്ക് ജയവും പരമ്പരയും
മത്സരത്തിൽ ഇന്ത്യ കുതിച്ചുപായുകയാണ്. 10 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തിട്ടുണ്ട്. 36 പന്തിൽ 99 റൺസെടുത്ത് നിൽക്കുന്ന അഭിഷേക് ശർമ്മയാണ് ഇന്ത്യൻ സ്കോറിലെ പ്രധാന താരം. തിലക് വർമ്മ 15 പന്തിൽ 24 റൺസ് നേടി മടങ്ങി.
പരമ്പരയിലെ നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 3-1ന് സീരീസ് സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് കളി ഇന്ത്യ വിജയിച്ചപ്പോൾ അടുത്ത മത്സരം ഇംഗ്ലണ്ട് വിജയിച്ചു. എന്നാൽ, നാലാമത്തെ മത്സരം വിജയിച്ച് ഇന്ത്യ പരമ്പര നേടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് ഷമി ടീമിൽ ഇടം പിടിച്ചു. ഇംഗ്ലണ്ട് ആവട്ടെ, സാഖിബ് മഹ്മൂദിന് പകരം മാർക്ക് വുഡിനെയും ടീമിൽ പരിഗണിച്ചു.