IPL 2025: 20 കോടി കിട്ടിയതുകൊണ്ട് കൂടുതലൊന്നും ചെയ്യാന്‍ പോകുന്നില്ല; വെങ്കടേഷ് അയ്യറിനെക്കുറിച്ച് അജിങ്ക്യ രഹാനെ
Ajinkya Rahane: ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഈ സീസണ്‍ കടന്നുപോയത്. ഒരു യൂണിറ്റ് എന്ന നിലയില്‍ കളിക്കാന്‍ സാധിച്ചില്ല. ഒരു തവണ കിരീടം നേടിയിട്ട് അടുത്ത തവണ അത് നിലനിര്‍ത്തുക എളുപ്പമല്ല. അടുത്ത വര്‍ഷം ശക്തമായി തങ്ങള്‍ തിരിച്ചെത്തും. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം ബാറ്റര്‍മാരുടെ പ്രകടനത്തെ ബാധിച്ചിരുന്നിരിക്കാമെന്നും രഹാനെ

അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍
വമ്പന്‍ താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും പലരും നിറംമങ്ങിയതാണ് മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇത്തവണ തിരിച്ചടിയായത്. 14 മത്സരങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് കൊല്‍ക്കത്ത ജയിച്ചത്. നിരാശജനകമായ പ്രകടനം പുറത്തെടുത്തവരില്‍ കൊല്‍ക്കത്തയുടെ ഉപനായകന്‍ വെങ്കടേഷ് അയ്യരുമുണ്ടായിരുന്നു. 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത വെങ്കടേഷിനെ തിരികെ ടീമിലെത്തിച്ചത്. എന്നാല്‍ താരത്തിന് പ്രതീക്ഷയ്‌ക്കൊത്തുള്ള പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെ വെങ്കടേഷിനെതിരെ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ തള്ളിക്കളയുകയാണ് കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. 20 കോടിയിലധികമാണ് കിട്ടുന്നതെങ്കില്‍ ഒരാള്‍ ഇരട്ടി കഠിനാധ്വാനം ചെയ്യില്ലെന്നും, ഒന്നോ രണ്ടോ മൂന്നോ കോടിയാണ് ലഭിക്കുന്നതെങ്കില്‍ അതിനര്‍ത്ഥം കഠിനാധ്വാനം കുറയുമെന്നല്ലെന്നും രഹാനെ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബാറ്റര്‍മാരുടെ പ്രകടനം തിരിച്ചടിയായെന്ന് രഹാനെ സമ്മതിച്ചു. ബൗളിങ് യൂണിറ്റ് പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നു. എന്നാല്‍ നാല് പ്രധാന ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടീമെന്ന നിലയില്‍ മൂന്ന്-നാല് പേര്‍ ഫോമില്‍ അല്ലായിരുന്നു. ബാറ്റിങിലാണ് പരാജയപ്പെട്ടത്. ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ ഒത്തൊരുമയോടെ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെന്നും രഹാനെ ചൂണ്ടിക്കാട്ടി.
റിങ്കു സിങ്, രണ്‍ദീപ് സിങ്, ആന്ദ്രെ റസല്‍, വെങ്കടേഷ് അയ്യര്‍ എന്നീ താരങ്ങളുടെ മോശം ഫോമിനെക്കുറിച്ചാണ് രഹാനെ വിശദീകരിച്ചത്. എന്നാല്‍ ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള പരിചയസമ്പത്ത് അവര്‍ക്കുണ്ടെന്നും, അവര്‍ ശക്തരായി അടുത്ത വര്‍ഷം തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും രഹാനെ വ്യക്തമാക്കി. റിങ്കു, രമണ്‍ദീപ് തുടങ്ങിയ എല്ലാ താരങ്ങളും തെറ്റുകളില്‍ നിന്ന് പഠിച്ച് ശക്തരായി തിരിച്ചെത്തുമെന്നും കൊല്‍ക്കത്ത ക്യാപ്റ്റന്‍ പറഞ്ഞു.
Read Also: IPL 2025: ആദ്യ സ്ഥാനത്ത് പഞ്ചാബോ മുംബൈയോ?; വിർച്വൽ ക്വാർട്ടർ ഫൈനൽ ഇന്ന് ജയ്പൂരിൽ
ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഈ സീസണ്‍ കടന്നുപോയത്. ഒരു യൂണിറ്റ് എന്ന നിലയില്‍ കളിക്കാന്‍ സാധിച്ചില്ല. ഒരു തവണ കിരീടം നേടിയിട്ട് അടുത്ത തവണ അത് നിലനിര്‍ത്തുക എളുപ്പമല്ല. അടുത്ത വര്‍ഷം ശക്തമായി തങ്ങള്‍ തിരിച്ചെത്തും. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം ബാറ്റര്‍മാരുടെ പ്രകടനത്തെ ബാധിച്ചിരുന്നിരിക്കാം. ഒരു ടീം എന്ന നിലയിൽ ഈ സീസണിൽ നിന്ന് പഠിക്കാൻ ധാരാളം കാര്യങ്ങളുണ്ടെന്നും രഹാനെ ചൂണ്ടിക്കാട്ടി.