IPL 2025: ആദ്യ സ്ഥാനത്ത് പഞ്ചാബോ മുംബൈയോ?; വിർച്വൽ ക്വാർട്ടർ ഫൈനൽ ഇന്ന് ജയ്പൂരിൽ
PBKS vs MI Match Preview: ഐപിഎലിലെ ആദ്യ രണ്ട് സ്ഥാനക്കാരിൽ ഒരാളെ ഇന്നറിയാം. പഞ്ചാബും മുംബൈയും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന ടീം ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിലെത്തും.
ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഐപിഎൽ പോയിൻ്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കും. ഫൈനലിലേക്ക് രണ്ട് അവസരം ലഭിക്കുമെന്നതിനാൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ടീമുകളെല്ലാം ആഗ്രഹിക്കുന്നതാണ്. ഇതിൽ ഒരു ടീം ഏതാണെന്ന് ഇന്ന് വ്യക്തമാവും.
ചില മോശം റിസൽട്ടുകളുണ്ടായെങ്കിലും നല്ല ഒരു ടീം കെട്ടിപ്പടുത്തിയ പഞ്ചാബ് കിംഗ്സ് ഒപ്പമൊരു നല്ല ക്യാപ്റ്റനെയും കണ്ടെത്തി. അതുകൊണ്ട് തന്നെ വർഷങ്ങൾക്ക് ശേഷം അവർ പ്ലേഓഫിലും പ്രവേശിച്ചു. ടോപ്പ് ഓർഡറിൽ പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ എന്നിവരും മധ്യനിരയിൽ ശ്രേയാസ് അയ്യരുമാണ് പഞ്ചാബിൻ്റെ സ്കോറിംഗിൽ കനപ്പെട്ട സംഭാവനകൾ നൽകിയത്. നേഹൽ വധേരയും ശശാങ്ക് സിംഗും ചില മാച്ച് വിന്നിങ് ഇന്നിംഗ്സുകൾ കളിച്ചു. ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരും സീസണിൽ മോശമാക്കിയില്ല. യുസ്‌വേന്ദ്ര ചഹാൽ അത്ര നല്ല പ്രകടനങ്ങൾ നടത്തിയില്ലെങ്കിലും അർഷ്ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളാണ് പഞ്ചാബിൻ്റെ ബൗളിംഗ് കരുത്ത്. ഒപ്പം മാർക്കോ യാൻസനും ഫോമിലാണ്.
Also Read: IPL 2025: മത്സരഫലങ്ങളെല്ലാം മുംബൈയുടെ വഴിയെ; ആദ്യ രണ്ട് സ്ഥാനങ്ങളുറപ്പിക്കാൻ സുവർണാവസരം




മറുവശത്ത് മുംബൈ ഇന്ത്യൻസ് തകർപ്പൻ ഫോമിൽ മുന്നേറുകയാണ്. രോഹിത് ശർമ്മയുടെ ഒരു മികച്ച സീസൺ. സൂര്യകുമാർ യാദവിൻ്റെ മറ്റൊരു ഗംഭീര സീസൺ. വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും റയാൻ റിക്കിൾട്ടൺ, പാർട്ട് ടൈം ബൗളിംഗിലും ബാറ്റിംഗിലും വിൽ ജാക്ക്സ്, ഫിനിഷർ റോളിൽ നമൻ ധിർ എന്നിവരൊക്കെ മുംബൈയുടെ ബാറ്റിംഗ് പ്രകടനങ്ങളിൽ ശ്രദ്ധേയ സംഭാവനകൾ നൽകി. ജസ്പ്രീത് ബുംറ, ട്രെൻ്റ് ബോൾട്ട്, ദീപക് ചഹാർ എന്നിവരുടെ ബൗളിംഗ് മികവുകളിൽ നിർണായകമാവുന്നത് മിച്ചൽ സാൻ്റ്നറാണ്. റൺസ് പിശുക്കി മറ്റ് ബൗളർമാർക്ക് വിക്കറ്റ് അവസരമൊരുക്കുന്ന സാൻ്റ്നറാണ് സീസണിൽ മുംബൈയുടെ ട്രംപ് കാർഡ്.