IPL 2025: മത്സരഫലങ്ങളെല്ലാം മുംബൈയുടെ വഴിയെ; ആദ്യ രണ്ട് സ്ഥാനങ്ങളുറപ്പിക്കാൻ സുവർണാവസരം
Mumbai Indians Playoffs Scenario: പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരവിജയികൾ പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കും. നാലാം സ്ഥാനത്തായിരുന്ന മുംബൈയ്ക്ക് ഇത് സുവർണാവസരമാണ്.
പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളുറപ്പിക്കാനുള്ള മത്സരങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ ഗുജറാത്ത് ടൈറ്റൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലെങ്കിലും ഇത് മാറിമറിഞ്ഞേക്കാം. മുംബൈ ഒഴികെ മറ്റ് പ്ലേ ഓഫ് ടീമുകളൊക്കെ തങ്ങളുടെ അവസാന മത്സരത്തിൽ പരാജയപ്പെട്ടു. മുംബൈ 13 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് ടീമുകൾ 12 മത്സരങ്ങൾ വീതമേ കളിച്ചിരുന്നുള്ളൂ. കഴിഞ്ഞ കളി വിജയിച്ചിരുന്നെങ്കിൽ ഈ ടീമുകൾക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിലെത്താമായിരുന്നു. എന്നാൽ, മറ്റ് ടീമുകൾ തോറ്റതോടെ മുംബൈയ്ക്ക് ഇപ്പോൾ സുവർണാവസരമാണ്.
നിലവിലെ പോയിൻ്റ് നില പ്രകാരം എല്ലാ ടീമുകളും 13 മത്സരങ്ങൾ പൂർത്തിയാക്കി. ഇതിൽ ഗുജറാത്ത് 14 കളിയും പൂർത്തിയാക്കി. ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ്, മുംബൈ എന്നീ ടീമുകൾക്ക് യഥാക്രമം 18, 17, 17, 16 എന്നിങ്ങനെയാണ് പോയിൻ്റുകൾ. ഇതിൽ മുംബൈക്ക് ബാക്കിയുള്ള മത്സരം പഞ്ചാബിനെതിരെയാണ്. ഈ കളി പഞ്ചാബ് തോറ്റാൽ മുംബൈ 18 പോയിൻ്റിലെത്തും. മികച്ച റൺ റേറ്റ് കാരണം ഗുജറാത്തിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റി മുംബൈ ആദ്യ സ്ഥാനത്തെത്തും. പഞ്ചാബ് നാലാം സ്ഥാനം ഉറപ്പിക്കുകയും ചെയ്യും. ആർസിബി ലഖ്നൗവിനെ തോല്പിച്ചാൽ 19 പോയിൻ്റുമായി അവർ ഒന്നാമത്തെത്തും. മുംബൈ രണ്ടാമതും. ആർസിബി തോറ്റാൽ മുംബൈ ഒന്നാമതും ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് എന്നിവർ അടുത്ത മൂന്ന് സ്ഥാനങ്ങളിലും. ഇനി പഞ്ചാബിനെതിരെ മുംബൈ തോറ്റാൽ ശ്രേയാസും കൂട്ടരും 19 പോയിൻ്റുമായി ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കും. മുംബൈ നാലാം സ്ഥാനവും ഉറപ്പിക്കും. അതായത് പഞ്ചാബ് – മുംബൈ മത്സരത്തിൽ വിജയിക്കുന്ന ടീം ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിക്കും. ലഖ്നൗവിനെതിരെ വിജയിച്ചാൽ ആർസിബിയും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിലെത്തും.
മെയ് 29നാണ് പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുക. ഛണ്ഡീഗഡ്, അഹ്മദാബാദ് എന്നീ സ്റ്റേഡിയങ്ങളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ.