AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: പഞ്ചാബിന്റെ അപരാജിതക്കുതിപ്പ് രാജസ്ഥാന്‍ അവസാനിപ്പിച്ചു, റോയല്‍സിന്റെ ‘സക്‌സസ്ഫുള്‍’ ക്യാപ്റ്റനായി സഞ്ജു

Rajasthan Royals vs Punjab Kings: രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവും കൂടുതല്‍ വിജയിപ്പിച്ച ക്യാപ്റ്റനെന്ന റെക്കോഡ് ഇനി സഞ്ജു സാംസണ് സ്വന്തം. സഞ്ജു നയിച്ച 62 മത്സരങ്ങളില്‍ 32ലും രാജസ്ഥാന്‍ ജയിച്ചു. ഷെയ്ന്‍ വോണിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്

IPL 2025: പഞ്ചാബിന്റെ അപരാജിതക്കുതിപ്പ് രാജസ്ഥാന്‍ അവസാനിപ്പിച്ചു, റോയല്‍സിന്റെ ‘സക്‌സസ്ഫുള്‍’ ക്യാപ്റ്റനായി സഞ്ജു
രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരം Image Credit source: IPL FB Page
Jayadevan AM
Jayadevan AM | Published: 06 Apr 2025 | 05:45 AM

ദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച്, പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന പഞ്ചാബ് കിങ്‌സിനെ നാലാം സ്ഥാനത്തേക്ക് വലിച്ച് താഴെയിട്ട് രാജസ്ഥാന്‍ റോയല്‍സ്. 50 റണ്‍സിനാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ ശ്രേയസിന്റെ പഞ്ചാബിനെ പഞ്ചറാക്കിയത്. ഇതോടെ പഞ്ചാബിന്റെ അപരാജിതക്കുതിപ്പിന് തടയിടാനും രാജസ്ഥാനായി. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ്-20 ഓവറില്‍ നാലു വിക്കറ്റിന് 205. പഞ്ചാബ് കിംഗ്‌സ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത പഞ്ചാബിന്റെ തീരുമാനം തെറ്റിയെന്ന് രാജസ്ഥാന്‍ ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളും, സഞ്ജു സാംസണും തെളിയിച്ചു.

10.2 ഓവറില്‍ 89 റണ്‍സാണ് ആദ്യ വിക്കറ്റില്‍ സഖ്യം അടിച്ചുകൂട്ടിയത്. ലോക്കി ഫെര്‍ഗൂസണെ ബൗണ്ടറി കടത്താനുള്ള ശ്രമം ശ്രേയസ് കൈപിടിയിലൊതുക്കിയതോടെ സഞ്ജു പുറത്തായി. 26 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. ഇതിനിടെ ഫോമിലേക്ക് തിരികെയെത്തിയ ജയ്‌സ്വാള്‍ അര്‍ധശതകം നേടി. 45 പന്തില്‍ 67 റണ്‍സെടുത്ത ജയ്‌സ്വാളിനെ ലോക്കി ഫെര്‍ഗൂസണ്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

കഴിഞ്ഞ മത്സരത്തിലെ റോയല്‍സ് ഹീറോ നിതീഷ് റാണ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും പെട്ടെന്ന് മടങ്ങി. ഏഴ് പന്തില്‍ 12 റണ്‍സെടുത്ത റാണയെ മാര്‍ക്കൊ യാന്‍സെണാണ് പുറത്താക്കിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 20 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. റിയാന്‍ പരാഗിന്റെയും (പുറത്താകാതെ 25 പന്തില്‍ 43), ധ്രുവ് ജൂറലിന്റെയും (അഞ്ച് പന്തില്‍ 13 നോട്ടൗട്ട്) അഞ്ചാം വിക്കറ്റ് കൂട്ടുക്കെട്ട് രാജസ്ഥാനെ 200 കടത്തി.

12.50 കോടിയ്ക്ക് ജോഫ്ര ആര്‍ച്ചറിനെ ടീമിലെത്തിച്ച റോയല്‍സിന് അത് ഗുണം ചെയ്തത് പഞ്ചാബിനെതിരായ മത്സരത്തിലാണ്. പഞ്ചാബ് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഇമ്പാക്ട് പ്ലയറായെത്തിയ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. തകര്‍പ്പന്‍ ഫോമിലുള്ള പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും അതേ ഓവറില്‍ ആര്‍ച്ചറിന് മുന്നില്‍ പതറി. തകര്‍ത്തടിച്ച് തുടങ്ങിയ ശ്രേയസിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. അഞ്ച് പന്തില്‍ 10 റണ്‍സാണ് പഞ്ചാബ് ക്യാപ്റ്റന്‍ നേടിയത്.

മാര്‍ക്കസ് സ്റ്റോയിനിസ് (ഏഴ് പന്തില്‍ ഒന്ന്) വന്ന പോലെ മടങ്ങി. സ്വന്തം പന്തില്‍ സന്ദീപ് ശര്‍മ ക്യാച്ചെടുത്താണ് സ്റ്റോയിനിസ് പുറത്തായത്. നെഹാല്‍ വധേരയാണ് (41 പന്തില്‍ 62) ടോപ് സ്‌കോറര്‍. തുടക്കത്തില്‍ തന്നെ മഹീഷ് തീക്ഷ്ണയുടെ പന്തില്‍ നെഹാലിന്റെ ഷോട്ട് ക്യാച്ചെടുക്കാനുള്ള അവസരം ധ്രുവ് ജൂറല്‍ പാഴാക്കിയിരുന്നു. ഗ്ലെന്‍ മാക്‌സ്വെല്‍ 21 പന്തില്‍ 30 റണ്‍സെടുത്തു. പിന്നീട് വന്ന ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയതോടെ പഞ്ചാബ് തോറ്റു. ഫോമിലേക്ക് തിരികെയെത്തിയ ജോഫ്ര ആര്‍ച്ചറാണ് കളിയിലെ താരം. ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Read Also : IPL 2025: മുംബൈയെ ഒറ്റയ്ക്കാക്കി ചെന്നൈയ്ക്ക് എന്ത് ആഘോഷം; വിജയ് ശങ്കറിൻ്റെ ഏകദിന ഇന്നിംഗ്സും മറികടന്ന് ഡൽഹിയ്ക്ക് മൂന്നാം ജയം

സഞ്ജു ‘സക്‌സസ്ഫുള്‍’ ക്യാപ്റ്റന്‍

രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവും കൂടുതല്‍ വിജയിപ്പിച്ച ക്യാപ്റ്റനെന്ന റെക്കോഡ് ഇനി സഞ്ജു സാംസണ് സ്വന്തം. സഞ്ജു നയിച്ച 62 മത്സരങ്ങളില്‍ 32ലും രാജസ്ഥാന്‍ ജയിച്ചു. ഇതിഹാസതാരം ഷെയ്ന്‍ വോണിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്. വോണ്‍ നയിച്ച 56 മത്സരങ്ങളില്‍ 31 എണ്ണത്തിലാണ് റോയല്‍സ് ജയിച്ചത്.