IPL 2025: ആവശ്യം ബാക്കപ്പ് ഫിനിഷർ, ടീമിലെത്തിയത് ഓപ്പണർ; രാജസ്ഥാൻ റോയൽസ് ഉദ്ദേശിക്കുന്നതെന്ത്?
Rajasthan Royals Signs Lhuan Dre Pretorius: ബാക്കപ്പ് ഫിനിഷറെ ആവശ്യമുള്ള രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത് ഓപ്പണറെ. ദക്ഷിണാഫ്രിക്കൻ യുവ ഓപ്പണർ ലുവാൻ ദ്രെ പ്രിട്ടോറിയസാണ് രാജസ്ഥാനിലെത്തിയത്.
രാജസ്ഥാൻ റോയൽസിന് ആവശ്യമുള്ളത് ബാക്കപ്പ് ഫിനിഷറെയും ഓൾറൗണ്ടറെയുമാണ്. ഫിനിഷർ ഷിംറോൺ ഹെട്മെയറും ഓൾറൗണ്ടർ വനിന്ദു ഹസരങ്കയും അണ്ടർഫയർ ചെയ്യുന്നത് രാജസ്ഥാൻ്റെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവർക്ക് പകരക്കാരെയാണ് രാജസ്ഥാന് വേണ്ടിയിരുന്നത്. അടുത്ത സീസണിലെങ്കിലും പകരക്കാരെ പരീക്ഷിക്കാമായിരുന്നു. എന്നാൽ, രാജസ്ഥാൻ ടീമിലെത്തിച്ചത് ഓപ്പണറെ.
കഴിഞ്ഞ എസ്എ20 സീസണിൽ പാൾ റോയൽസിനായി തകർത്തുകളിച്ച ലുവാൻ ദ്രെ പ്രിട്ടോറിയസ് ഒരു മോശം താരമല്ല. വരുന്ന ഒരു പതിറ്റാണ്ടിൽ ലോക ക്രിക്കറ്റിലെ തന്നെ ശ്രദ്ധേയനായ ഒരു താരമാവാൻ ഈ 19 വയസുകാരന് കഴിയും. പക്ഷേ, രാജസ്ഥാൻ നിരയിൽ ഇപ്പോൾ തന്നെ മൂന്ന് ഓപ്പണർമാരുണ്ട്. സഞ്ജു, ജയ്സ്വാൾ, വൈഭവ്. സഞ്ജു പരിക്ക് മാറി തിരികെയെത്തുന്നതോടെ മൂന്നാം നമ്പറിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ ഒരു അവസരത്തിൽ മറ്റൊരു ഓപ്പണറെന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നത് വിചിത്രമാണ്.
Also Read: IPL 2025: പിഎസ്എലിനെ കൈവിട്ട് മറ്റൊരു വിദേശതാരം കൂടി ഐപിഎലിൽ; ഓസ്ട്രേലിയൻ ഓൾറൗണ്ടർ പഞ്ചാബ് കിംഗ്സിൽ
സഞ്ജു സാംസൺ വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിലുണ്ടാവില്ലെന്ന അഭ്യൂഹങ്ങൾ അഭ്യൂഹങ്ങളായിത്തന്നെ നിലനിൽക്കുമെന്നാണ് നിലവിലെ സൂചനകൾ. അത്തരം ഒരു സാഹചര്യത്തിൽ ഫസ്റ്റ് ഇലവൻ അർഹിക്കുന്ന നാല് ഓപ്പണർമാരെ പാക്ക് ചെയ്ത് മധ്യനിര ഒഴിവാക്കിയിടുന്നതിന് പിന്നിലെ ചേതോവികാരം മനസിലാവുന്നില്ല. ചത്ത കിളിയ്ക്ക് കൂടിൻ്റെ ആവശ്യമില്ല. എങ്കിലും അടുത്ത സീസണിൽ രാജസ്ഥാൻ ഈ പ്രശ്നം പരിഹരിക്കാൻ എന്തുചെയ്യുമെന്ന് കണ്ടറിയണം.