IPL 2025: പിഎസ്എലിനെ കൈവിട്ട് മറ്റൊരു വിദേശതാരം കൂടി ഐപിഎലിൽ; ഓസ്ട്രേലിയൻ ഓൾറൗണ്ടർ പഞ്ചാബ് കിംഗ്സിൽ
Punjab Kings Signs Mitchell Owen: പാകിസ്താൻ സൂപ്പർ ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ ഓവൻ ഐപിഎലിലെത്തി. ഗ്ലെൻ മാക്സ്‌വലിന് പകരം പഞ്ചാബ് കിംഗ്സാണ് ഓവനെ സ്വന്തമാക്കിയത്.
പിഎസ്എൽ കളിച്ചിരുന്ന മറ്റൊരു താരം കൂടി പാതിവഴിയിൽ ഐപിഎലിലേക്ക്. ഓസ്ട്രേലിയൻ ഓൾറൗണ്ടറായ മിച്ചൽഓവനാണ് പിഎസ്എൽ പാതിവഴിയിൽ ഉപേക്ഷിച്ച് ഐപിഎലിലെത്തുന്നത്. ഓവനെ മറ്റൊരു ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വലിന് പകരം പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. കൈവിരലിന് പരിക്കേറ്റ് മാക്സ്‌വൽ സീസണിൽ നിന്ന് പുറത്താവുകയായിരുന്നു. ഓവനെ മൂന്ന് കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.
ബാബർ അസം നയിക്കുന്ന പെഷവാർ സാൽമിയുടെ താരമായിരുന്ന ഓവൻ പിഎസ്എൽ ചുമതലകൾ പൂർത്തീകരിച്ചതിന് ശേഷമേ ഐപിഎലിലെത്തൂ എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, 23 വയസുകാരനായ താരം അതിന് മുൻപ് തന്നെ പിഎസ്എൽ വിടുകയാഇരുന്നു. പെഷവാർ സാൽമി പ്ലേ ഓഫിലേക്ക് മത്സരിക്കുന്ന ടീമാണ്.
Also Read: IPL 2025: ഹേസൽവുഡ് തിരികെയെത്തുന്നു; ആർസിബി ആരാധകർക്ക് ആശ്വസിക്കാം
കഴിഞ്ഞ ബിഗ് ബാഷ് സീസണിൽ ഹൊബാർട്ട് ഹറികെയിൻസിനായി ഗംഭീര പ്രകടനങ്ങൾ നടത്തി ശ്രദ്ധിക്കപ്പെട്ട താരമാണ് മിച്ചൽഓവൻ. സിഡ്നി തണ്ടറിനെതിരായ ഫൈനലിൽ 39 പന്തിൽ സെഞ്ചുറിയടിച്ച താരം ഹറികെയിൻസിന് പ്രഥമ കിരീടവും സമ്മാനിച്ചു. എസ്20യുടെ കഴിഞ്ഞ സീസണിൽ പാൾ റോയൽസ് താരമായിരുന്നു ഓവൻ. പിഎസ്എലിൽ ഏഴ് മത്സരങ്ങളിൽ 102 റൺസാണ് താരത്തിൻ്റെ സമ്പാദ്യം.
ഐപിഎലിനെപ്പോലെ പിഎസ്എലും ഈ മാസം 17നാണ് പുനരാരംഭിക്കുക. ഇന്ത്യ – പാകിസ്താൻ സംഘർഷത്തെ തുടർന്നാണ് പിഎസ്എലും ഐപിഎലും പാതിവഴിയിൽ നിർത്തിവച്ചത്.