IPL Auction 2025 : ‘ഭാവി അറിയാൻ സാറിനെ സമീപിക്കുക’; സഞ്ജയ് മഞ്ജരേക്കറിന് മറുപടിയുമായി മുഹമ്മദ് ഷമി
IPL Auction 2025 Mohammed Shami : ഐപിഎൽ താരലേലത്തിൽ തനിക്ക് വിലകുറയാൻ സാധ്യതയുണ്ടെന്ന സഞ്ജയ് മഞ്ജരേക്കറിൻ്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഹമ്മദ് ഷമി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഷമി മഞ്ജരേക്കറിനെ വിമർശിച്ചത്.
മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറിന് മറുപടിയുമായി മുഹമ്മദ് ഷമി. ഐപിഎൽ ലേലത്തിൽ ഷമിയ്ക്ക് വില കുറയുമെന്ന മഞ്ജരേക്കറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് താരം രംഗത്തുവന്നത്. ഭാവി അറിയാൻ മഞ്ജരേക്കറിനെ സമീപിക്കണമെന്ന് പരിഹാസരൂപേണ തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷമി കുറിച്ചു. കഴിഞ്ഞ സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ താരമായിരുന്ന ഷമിയെ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു.
സ്റ്റാർ സ്പോർട്സിനോടായിരുന്നു മഞ്ജരേക്കറിൻ്റെ പ്രതികരണം. “ഷമിയിൽ പല ടീമുകൾക്കും താത്പര്യം കാണും. എന്നാൽ, ഷമിയ്ക്ക് ഇടയ്ക്കിടെയുണ്ടാവുന്ന പരിക്കുകൾ പ്രധാനപ്പെട്ട ഒരു കാരണമാവും. അടുത്തിടെയുണ്ടായ പരിക്കിൽ നിന്ന് മുക്തി നേടാൻ അദ്ദേഹം ഏറെ സമയമെടുത്തിരുന്നു. സീസണിടയിൽ പരിക്കേൽക്കുമോ എന്ന ആശങ്കയുണ്ടാവും. ഉയർന്ന വിലയ്ക്ക് എടുത്തിട്ട് സീസൺ പകുതിയിൽ വച്ച് അദ്ദേഹം പുറത്തുപോയാൽ അത് ആ ഫ്രാഞ്ചൈസിയ്ക്ക് ബുദ്ധിമുട്ടാവും. അതുകൊണ്ട് തന്നെ ഷമിയുടെ വില കുറഞ്ഞേക്കാം.”- മഞ്ജരേക്കർ പറഞ്ഞു.
മഞ്ജരേക്കറുടെ ഈ പ്രസ്താവനയാണ് ഷമിയെ ചൊടിപ്പിച്ചത്. ഈ പ്രസ്താവനയുടെ ഗ്രാഫിക്സ് കാർഡ് തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച ഷമി സ്റ്റോറിയിൽ മഞ്ജരേക്കറിനുള്ള മറുപടിയും കുറിച്ചു. ‘ജയ് ബാബജി. സ്വന്തം ഭാവിയിലേക്കും കുറച്ച് അറിവ് ബാക്കിവെക്കണേ. അത് ഉപകാരപ്പെടും, സഞ്ജയ് ജി. ആർക്കെങ്കിലും ഭാവി അറിയണമെങ്കിൽ സാറിനെ ബന്ധപ്പെടുക.’- ഷമി കുറിച്ചു.
2022 സീസണിലാണ് പുതുതായി രൂപീകരിക്കപ്പെട്ട ഗുജറാത്ത് ടൈറ്റൻസ് ഷമിയെ ടീമിലെത്തിക്കുന്നത്. 6.25 കോടി രൂപയ്ക്ക് ടീമിലെത്തിയ ഷമി ടൈറ്റൻസിനായി ആകെ 33 മത്സരങ്ങൾ കളിച്ചു. പ്രഥമ സീസണിൽ ടൈറ്റൻസിൻ്റെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ച ഷമി 2023 സീസണിൽ പർപ്പിൾ ക്യാപ്പ് നേടി. 17 മത്സരങ്ങളിൽ നിന്ന് 8.03 എക്കോണമിയിൽ 28 വിക്കറ്റാണ് ഷമി സീസണിൽ സ്വന്തമാക്കിയത്. ആ സീസണിൽ ഗുജറാത്ത് ഫൈനലിലെത്തിയിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഷമിയ്ക്ക് കഴിഞ്ഞ സീസണിൽ കളിക്കാനായില്ല. ഇതേ തുടർന്നാണ് ഗുജറാത്ത് താരത്തെ റിലീസ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഷമി ക്രിക്കറ്റ് പിച്ചിലേക്ക് മടങ്ങി എത്തിയത്. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കളിച്ച ഷമി ഏഴ് വിക്കറ്റ് നേടി ബംഗാളിന് വിജയം നേടിക്കൊടുത്തിരുന്നു. തുടർന്ന് താരത്തെ ബോർഡർ – ഗവാസ്കർ ട്രോഫി ടീമിൽ പരിഗണിക്കുമെന്ന് ടീം മാനേജ്മെൻ്റ് അറിയിക്കുകയും ചെയ്തു. നിലവിൽ സയ്യിദ് മുഷ്താഖ് അലി ടൂർണമെൻ്റിനുള്ള ബംഗാൾ ടീമിൽ ഷമി ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തവണ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ അഞ്ച് ടെസ്റ്റുകളാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഈ മാസം 22ന് പെർത്തിൽ ആരംഭിക്കുമ്പോൾ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഡിസംബർ ആറിന് അഡലെയ്ഡിലാണ്. ഡിസംബർ 14ന് ഗാബയിലും 26ന് മെൽബണിലും അടുത്ത ടെസ്റ്റുകൾ ആരംഭിക്കും. 2025 ജനുവരി മൂന്നിന് സിഡ്നിയിലാണ് അവസാന ടെസ്റ്റ്. ആദ്യ മത്സരത്തിൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക. രണ്ടാം ടെസ്റ്റ് മുതൽ ക്യാപ്റ്റൻ രോഹിത് ശർമ്മ നായകനായി ടീമിൽ തിരികെയെത്തും. കുഞ്ഞ് ജനിച്ചതിനെ തുടർന്നാണ് പര്യടനത്തിനിടെ രോഹിത് ശർമ്മ ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. 1992ന് ശേഷം ഇതാദ്യമായാണ് പരമ്പരയിൽ 5 ടെസ്റ്റുകൾ ഉൾപ്പെടുത്തുന്നത്. 2018 മുതൽ എല്ലാ ബോർഡർ – ഗവാസ്കർ പരമ്പരകളിലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു.