IPL 2025 Retained Players: 23 പേർക്കായി സ്ഥലം ഒഴിച്ചിട്ട് പഞ്ചാബ്; 19 പേർക്കായി ഒരുങ്ങി രാജസ്ഥാൻ: ഓരോ ടീമുകൾക്കും എത്ര പേരെ വീതം വാങ്ങാം?
IPL 2025 Mega Auction: ഐപിഎൽ ലേലത്തിലേക്ക് വിവിധ ടീമുകൾ എത്തുക പലതരം തന്ത്രങ്ങളുമായി. റിട്ടൻഷൻ ലിസ്റ്റ് അനുസരിച്ച് വിവിധ ഫ്രാഞ്ചൈസികൾക്ക് ടീമിലെത്തിക്കാവുന്ന താരങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. ലേലത്തിൽ ഫ്രാഞ്ചൈസികൾക്ക് ടീമിലെത്തിക്കാവുന്ന പരമാവധി താരങ്ങളുടെ എണ്ണം പരിശോധിക്കാം.
വരുന്ന സീസണിലെ ഐപിഎൽ സീസണ് മുന്നോടിയായുള്ള മെഗാലേലത്തിന് ഇനി വെറും രണ്ട് ദിവസം കൂടിയാണ് അവശേഷിക്കുന്നത്. ഈ മാസം 24, 25 തീയതികളിലാണ് മെഗാലേലം. പല ടീമുകളും പലതരത്തിലാണ് റിട്ടൻഷനെ സമീപിച്ചത്. അതുകൊണ്ട് തന്നെ ലേലത്തിൽ ഓരോ ടീമുകൾക്കും പരമാവധി വാങ്ങാൻ കഴിയുന്ന താരങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്. 23 താരങ്ങളെ വരെ വാങ്ങാൻ കഴിയുന്ന പഞ്ചാബ് കിംഗ്സ് പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ 19 വീതം സ്ലോട്ടുകൾ ബാക്കിയുള്ള രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.
ആകെ 25 താരങ്ങളെയാണ് ഓരോ ടീമിനും പരമാവധി ടീമിലെത്തിക്കാനാവുക. ഈ 25 പേരിൽ പല ടീമുകളും പല താരങ്ങളെ റിട്ടെയ്ൻ ചെയ്തു. റിട്ടെയ്ൻ ചെയ്ത താരങ്ങൾക്കനുസരിച്ച് ടീമിൽ പരിഗണിക്കാവുന്ന താരങ്ങളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും. ആകെ സ്ക്വാഡിൽ ഉൾപ്പെടുത്താവുന്ന 25 താരങ്ങളിൽ വിദേശതാരങ്ങൾ പരമാവധി എട്ട് പേരാണ്. പഞ്ചാബ് കിംഗ്സിനൊപ്പം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകൾക്കും 8 വിദേശികളെ ടീമിലെത്തിക്കാം. ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ എന്നീ അഞ്ച് താരങ്ങളെയാണ് മുംബൈ നിലനിർത്തിയത്. പഞ്ചാബ് ആവട്ടെ, പ്രഭ്സിമ്രാൻ സിംഗ്, ശശാങ്ക് സിംഗ് എന്നീ രണ്ട് അൺകാപ്പ്ഡ് ഇന്ത്യൻ താരങ്ങളെ നിലനിർത്തി. വിരാട് കോലി, രജത് പാടിദാർ, യഷ് ദയാൽ എന്നിവരെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിർത്തിയത്.
Also Read : IPL Auction 2025 : ‘ഭാവി അറിയാൻ സാറിനെ സമീപിക്കുക’; സഞ്ജയ് മഞ്ജരേക്കറിന് മറുപടിയുമായി മുഹമ്മദ് ഷമി
അവസാന സ്ഥാനക്കാരിൽ ഒരാളായ രാജസ്ഥാൻ റോയൽസ് നിലനിർത്തിയത് പരമാവധി റിട്ടെയ്ൻ ചെയ്യാവുന്ന ആറ് താരങ്ങളെയാണ്. സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിംറോൺ ഹെട്മെയർ, സന്ദീപ് ശർമ്മ എന്നിവരെ നിലനിർത്തിയ രാജസ്ഥാൻ തന്നെയാണ് ഏറ്റവും കുറഞ്ഞ പഴ്സ് തുകയുമായി ലേലത്തിനെത്തുക. 41 കോടി രൂപയാണ് രാജസ്ഥാന് ബാക്കിയുള്ളത്. നിലവിലെ ജേതാക്കളായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരേൻ, ആന്ദ്രേ റസൽ, ഹർഷിത് റാണ, രമൺദീപ് സിംഗ് എന്നീ താരങ്ങളെ നിലനിർത്തി. 51 കോടി രൂപയാണ് കൊൽക്കത്തയുടെ പഴ്സിൽ ബാക്കിയുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും മാത്രമാണ് പരമാവധി താരങ്ങളെ നിലനിർത്തിയത്.
23 പേരെ ടീമിലെത്തിക്കാവുന്ന പഞ്ചാബ് കഴിഞ്ഞാൽ 22 പേർക്കുള്ള സ്ലോട്ട് ഒഴിവാക്കിയിട്ട റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. ഡൽഹി ക്യാപിറ്റൽസ് 21 സ്ലോട്ടുകളുമായി മൂന്നാമതുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയൻ്റ്സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്ക് 20 പേരെ വീതം ടീമിലെത്തിക്കാം. രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ 19 സ്ലോട്ടുകളുമായി അവസാന സ്ഥാനത്താണ്.