Kerala Blasters: ഈ ടീം ഇനി പൊളിച്ചുപണിയല്ലേ! അടുത്ത സീസണിലും വെസ്റ്റ്‌വുഡ് മതി
Kerala Blasters ISL: ആഷ്‌ലി വെസ്റ്റ്‌വുഡ് കുറച്ചല്‍പം നേരത്തെ വന്നിരുന്നെങ്കില്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കുമായിരുന്നുവെന്ന് പറയാത്ത ആരാധകര്‍ കുറവായിരിക്കും. ഈ ടീമിനെ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരെ മാറ്റിപറയിക്കാന്‍ സാധിച്ചതാണ് അദ്ദേഹത്തിന്റെ മിടുക്ക്. എന്തു വില കൊടുത്തും വെസ്റ്റ്‌വുഡിനെ അടുത്ത സീസണിലും നിലനിര്‍ത്തണമെന്നാണ് ആരാധകരുടെ ആവശ്യം.
കൊച്ചി: ആഷ്‌ലി വെസ്റ്റ്‌വുഡ് കുറച്ചല്‍പം നേരത്തെ വന്നിരുന്നെങ്കില്‍ ഇത്തവണത്തെ ഐഎസ്എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് തൂക്കുമായിരുന്നുവെന്ന് പറയാത്ത ആരാധകര്‍ നന്നേ കുറവായിരിക്കും. ഈ ടീം ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരെ മാറ്റിപറയിക്കാന്‍ സാധിച്ചതാണ് വെസ്റ്റ്‌വുഡിന്റെ മിടുക്ക്. ഒപ്പം വെസ്റ്റ്‌വുഡിന്റെ അതേ വൈബിലുള്ള സഹപരിശീലകന്‍ പീറ്റര്‍ ഹാര്‍ട്ട്‌ലിയും കൂടി ചേര്‍ന്നപ്പോള്‍ ടീം വേറെ ലെവലായി. ഈ ടീം തുടര്‍ന്നാല്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് പല വിസ്മയങ്ങളും സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഇപ്പോള്‍ ആരാധകരും പറഞ്ഞുതുടങ്ങി.
ഇത്തവണത്തെ ഐഎസ്എല്‍ സീസണില്‍ ഇനി ഒരു മത്സരം മാത്രമാണ് ബ്ലാസറ്റേഴ്‌സിന് ബാക്കിയുള്ളത്. മെയ് 17-ന് നടക്കുന്ന മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികള്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. ഗോവയെ തോല്‍പിച്ചാലും ഇനി വലിയ ചലനമുണ്ടാക്കാനും സാധിക്കില്ല. എന്നാലും ആരാധകര്‍ ഹാപ്പിയാണ്.
വെസ്റ്റ്‌വുഡ് രക്ഷിച്ചു
ഷെല്‍ഫില്‍ കിരീടങ്ങളില്ലെങ്കിലും, മറ്റേത് ടീമിനെയും വെല്ലുന്ന ഫാന്‍ പവറായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മുതല്‍ക്കൂട്ട്. അത്തരമൊരു ടീമിനെ ആരാധകരാല്‍ വെറുക്കപ്പെട്ടവരാക്കി മാറ്റാന്‍ ഡേവിഡ് കറ്റാലയ്ക്ക് സാധിച്ചു. കറ്റാലയുടെ കീഴില്‍ ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുന്നതുപോലും ആരാധകര്‍ ‘ബോണസായാ’ണ് കണ്ടിരുന്നത്. കറ്റാലയുടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു പടുദുരന്തമായിരുന്നു. ആറില്‍ അഞ്ചിലും തോറ്റ ഒരു എരണംകെട്ട ടീം. തരംതാഴ്ത്തല്‍ ഭീഷണി ഡെമോക്ലസിന്റെ വാള്‍ പോലെ അന്ന് ബ്ലാസ്‌റ്റേഴ്‌സിന് ചുറ്റും കറങ്ങിനടന്നു.
എന്നാല്‍ അതെല്ലാം ഒരു ദുഃസ്വപ്‌നം പോലെ മറക്കാന്‍ സാധിച്ചത് ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ കടന്നുവരവോടെയാണ്. പിണങ്ങിപ്പോയ ആരാധകരില്‍ കുറച്ചുപേരെയെങ്കിലും ഗാലറിയില്‍ തിരികെയെത്തിക്കാന്‍ വെസ്റ്റ്‌വുഡിന് സാധിച്ചു.
തുടര്‍ വിജയങ്ങള്‍
വെസ്റ്റ്‌വുഡിന്റെ കീഴില്‍ കളിച്ച ആറില്‍ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ അവസാന നിമിഷം ഗോള്‍ വഴങ്ങിയില്ലായിരുന്നെങ്കില്‍, ആ മത്സരത്തിലും വിജയക്കൊടി പാറിക്കാമായിരുന്നു. കട്ടാലയുടെ പന്ത് കൈവശം വെച്ചുള്ള ഇഴഞ്ഞുനീങ്ങിയുള്ള ശൈലിയില്‍ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു വെസ്റ്റ്‌വുഡിന്റെ രീതി.
അദ്ദേഹത്തിന്റെ അഗ്രസീവ് അപ്രോച്ചാണ് ഏറ്റവുമധികം ഗുണം ചെയ്തത്. ഒപ്പം ഫാലോ എൻഡിയായെ, മാറ്റിയാസ് ഹെർണാണ്ടസ്, ഫ്രാൻസിസ്കോ ഫ്യൂലാസിയർ, കരീം ബെനാരിഫ്, കെവിൻ യോക്ക്, വിക്ടർ ബെർട്ടോമിയു എന്നീ വിദേശ താരങ്ങളുടെ കരുത്ത് കൂടി ചേര്‍ന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് അടിപൊളിയായി. ഇന്ത്യന്‍ താരങ്ങളുടെ മികവും മറക്കാനാകില്ല. അതില്‍ തന്നെ മലയാളി താരങ്ങളായ വിബിന്‍ മോഹനന്‍, നിഹാല്‍ സുധീഷ്, ശ്രീക്കുട്ടന്‍ എംഎസ് എന്നിവരുടെ നിര്‍ണായക സംഭാവനകളും എടുത്തുപറയേണ്ടതാണ്.
പൊന്നു ബ്ലാസ്റ്റേഴ്‌സേ…
കണ്ണടച്ചു തുറക്കും മുമ്പേ അടുത്ത സീസണ്‍ ഇങ്ങെത്തും. പക്ഷേ, ആരാധകര്‍ക്ക് ആശങ്കയുണ്ട്. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പോരാട്ടവീര്യത്തിന് വിത്തുകള്‍ പാകിയ വെസ്റ്റ്‌വുഡിനെയും, ഫ്രാഞ്ചുവും, ഫാലോയും അടക്കമുള്ള വിദേശ താരങ്ങളെയും അടുത്ത സീസണില്‍ നിലനിര്‍ത്തുമോയെന്നതിലാണ് ആശങ്ക. എന്തു വില കൊടുത്തും അവരെ നിലനിര്‍ത്തണമെന്നും, ‘ആടി സെയിലി’ല്‍ വിറ്റുകളയരുതേയെന്നും മാത്രമേ ആരാധകര്‍ക്ക് പറയാനുള്ളൂ.
English Summary
Ashley Westwood’s arrival revitalized Kerala Blasters after a poor run under David Catala. The team won four out of six matches using a more aggressive playing style. Strong performances from foreign players and local Malayali talents boosted fan confidence. Supporters now urge the management to retain Westwood and the current squad for next season.