AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Blasters: പൊന്നു ബ്ലാസ്റ്റേഴ്‌സേ ഇവരെയെങ്കിലും നഷ്ടപ്പെടുത്തരുതേ; അടുത്ത സീസണിലും ഈ താരങ്ങള്‍ മതി! ആരാധകര്‍ക്ക് പറയാനുള്ളത്‌

Kerala Blasters fans' demand: കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഈ സീസണില്‍ ഇനി കിരീടമോഹങ്ങള്‍ക്ക് പ്രസക്തിയില്ല. അടിവാരത്തില്‍ നിന്ന് ഒമ്പതാം സ്ഥാനത്തെത്തിയതിന്റെ സംതൃപ്തിയും, തരംതാഴ്ത്തല്‍ ഭീഷണി ഏറെക്കുറെ ഒഴിവായതിന്റെ ആശ്വാസവുമാണ് ആരാധകരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍. പക്ഷേ, അടുത്ത സീസണില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു.

Kerala Blasters: പൊന്നു ബ്ലാസ്റ്റേഴ്‌സേ ഇവരെയെങ്കിലും നഷ്ടപ്പെടുത്തരുതേ; അടുത്ത സീസണിലും ഈ താരങ്ങള്‍ മതി! ആരാധകര്‍ക്ക് പറയാനുള്ളത്‌
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ Image Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Updated On: 24 Apr 2026 | 11:28 AM

കൊച്ചി: ‘പണി അറിയാവുന്നര്‍ എത്തിയപ്പോള്‍, കളി മാറിയത് കണ്ടോ’…പറഞ്ഞുവരുന്നത് കേരള ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ചാണ്. ഡേവിഡ് കറ്റാലയുടെ കീഴില്‍ തോല്‍വികള്‍ ഇരന്നുവാങ്ങിക്കൊണ്ടിരുന്ന ദുരന്തം ടീമിനെക്കുറിച്ചല്ല, മറിച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ കീഴില്‍ പരുവപ്പെട്ട, തല്ലാന്‍ പറഞ്ഞാല്‍ ‘കൊന്നിട്ട്’ വരുന്ന ഒരുപറ്റം പോരാളികള്‍ അണിനിരക്കുന്ന ടീമിനെക്കുറിച്ചാണ്.

കറ്റാലയുടെ കീഴില്‍ കളിച്ച ആറു മത്സരങ്ങളില്‍ വെറും ഒരു പോയിന്റ് മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. ആറില്‍ അഞ്ചിലും തോറ്റ്, നാണം കെട്ട്, പോയിന്റ് ടേബിളില്‍ അടിവാരത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു. അല്ല വെസ്റ്റ്‌വുഡും, സഹപരിശീലകന്‍ പീറ്റര്‍ ഹാര്‍ട്ട്‌ലിയും മാറ്റിയിരിക്കുന്നു.

ഈ മാറ്റത്തിനിടയിലെ ഇടവേളയില്‍ പലതും സംഭവിച്ചു. ചോദിച്ചാല്‍ ചങ്ക് പറിച്ചുകൊടുക്കാന്‍ വരെ തയ്യാറായിരുന്ന, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ടായിരുന്ന മഞ്ഞപ്പട എന്ന ആരാധകക്കൂട്ടം മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ സമീപനത്തില്‍ പ്രതിഷേധിച്ചും, ടീമിന്റെ മോശം പ്രകടനങ്ങളില്‍ നിരാശ പ്രകടിപ്പിച്ചും മത്സരങ്ങള്‍ ബഹിഷ്‌കരിച്ചു. പതിനായിരങ്ങള്‍ ആരവങ്ങള്‍ മുഴക്കിയിരുന്ന ഗാലറിയില്‍ ആളനക്കമില്ലാതായി. ബ്ലാസ്റ്റേഴ്‌സ് എന്ന് കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍ എന്ന് പറഞ്ഞിരുന്നവരെ പതുക്കെ കാണാതായി.

നിരാശയുടെ കെട്ടം കാലം കഴിഞ്ഞ് ബ്ലാസ്റ്റേഴ്‌സ് കടന്നുവരുമ്പോള്‍, നഷ്ടപ്പെട്ടുപോയ ആളും ആരവവുമൊക്കെ വൈകാതെ തിരികെ വരുമായിരിക്കാം. പക്ഷേ, അതിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും മനസു വയ്ക്കണം. ആരാധകര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം.

Also Read: CK Vineeth: മാനേജ്‌മെന്റ് മോശമാണെന്ന് അറിയാം; കളി ബഹിഷ്‌കരിക്കുന്നത് ശരിയല്ല; മഞ്ഞപ്പടയോട് സി.കെ. വിനീത്‌

ആരാധകരുടെ ആവശ്യം

ഐഎസ്എല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച വിദേശ താരങ്ങളുടെ സൈനിങ് നടത്തി ഞെട്ടിച്ച ക്ലബുകളില്‍ ബ്ലാസ്റ്റേഴ്‌സിന് മുന്‍നിരയിലാകും സ്ഥാനം. ഇയാന്‍ ഹ്യൂം, ജോസു പ്രീറ്റോ, സെഡ്രിക് ഹെന്‍ബെര്‍ട്ട്, വെസ് ബ്രൗണ്‍, ബര്‍ത്തലോമിയോ ഒഗ്ബച്ചെ, ആരോണ്‍ ഹ്യൂഗ്‌സ്, ദിമിത്രിയോസ് ഡയമന്റക്കോസ്, ഹോര്‍ഗെ പെരേര ഡയസ്, അഡ്രിയാന്‍ ലൂണ തുടങ്ങി എത്രയോ മികച്ച താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിനായി പന്തുതട്ടിയിരിക്കുന്നു.

എന്നാല്‍ ഇവരില്‍ പലര്‍ക്കും ഒന്നോ രണ്ടോ സീസണില്‍ മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സില്‍ ആയുസ്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ഹൃദയത്തിലേറ്റിയ എത്രയോ താരങ്ങള്‍ പിന്നീടുള്ള സീസണുകളില്‍ മറ്റ്‌ ക്ലബുകള്‍ക്കായി പന്ത് ഗ്രൗണ്ടിലിറങ്ങി. ആ അവസ്ഥ ഇനി ആവര്‍ത്തിക്കരുതെന്ന് മാത്രമാണ് ആരാധകര്‍ക്ക് പറയാനുള്ളത്. നിലവില്‍ ടീമിലുള്ള മികച്ച താരങ്ങളെ അടുത്ത സീസണില്‍ വിറ്റു തുലയ്ക്കരുതേയെന്ന് മാത്രമാണ് മാനേജ്‌മെന്റിന് മുന്നില്‍ ആരാധകര്‍ വയ്ക്കുന്ന അപേക്ഷ.

ബ്ലാസ്റ്റേഴ്‌സിന് വന്ന മാറ്റം

മികച്ച വിദേശ താരങ്ങളുടെ അപര്യാപ്തതയായിരുന്നു കട്ടാലയുടെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രതിസന്ധി. പന്ത് കൂടുതല്‍ കൈവശം വെച്ചുള്ള കട്ടാലയുടെ പ്രതിരോധ ശൈലിയും പിഴച്ചു. സാധ്യമായ തരത്തില്‍ ഞൊടിയിടയില്‍ മികച്ച സൈനിങുകള്‍ നടത്തിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരിഹാരക്രിയ ചെയ്തത്. ഇതിനൊപ്പം, വെസ്റ്റ്‌വുഡിന്റെ അഗ്രസീവ് അപ്രോച്ചും കൂടി ആയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം ആരംഭിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് പങ്കുവെച്ച വീഡിയോ

വെസ്റ്റ്‌വുഡിന്റെയും ഹാര്‍ട്ട്‌ലിയുടെയും പരിശീലനമികവിനൊപ്പം ഫാലോ എൻഡിയായെ, മാറ്റിയാസ് ഹെർണാണ്ടസ്, ഫ്രാൻസിസ്കോ ഫ്യൂലാസിയർ, കരീം ബെനാരിഫ്, കെവിൻ യോക്ക്, വിക്ടർ ബെർട്ടോമിയു എന്നീ വിദേശതാരങ്ങളുടെ മികവ് കൂടി ചേര്‍ന്നപ്പോള്‍ ഈ സീസണില്‍ അസാധ്യമെന്ന് കരുതിയ വിജയങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് സാധ്യമാക്കി. ഒപ്പം ഇന്ത്യന്‍ താരങ്ങളുടെ മികവും എടുത്തുപറയേണ്ടതാണ്.

ഈ സീസണില്‍ ഇനി കിരീടമോഹങ്ങള്‍ക്ക് പ്രസക്തിയില്ല. അടിവാരത്തില്‍ നിന്ന് ഒമ്പതാം സ്ഥാനത്തെത്തിയതിന്റെ സംതൃപ്തിയും, തരംതാഴ്ത്തല്‍ ഭീഷണി ഏറെക്കുറെ ഒഴിവായതിന്റെ ആശ്വാസവുമാണ് ആരാധകരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍. പക്ഷേ, അടുത്ത സീസണില്‍ ആരാധകര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. അത് സാധ്യമാകണമെങ്കില്‍ ഈ സീസണിലെ പരിശീലകരെയും, മികച്ച താരങ്ങളെയും പറഞ്ഞുവിടരുതെന്ന് മാത്രമാണ് അവര്‍ക്ക്‌ പറയാനുള്ളത്.

Follow Us