Kerala Blasters: കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ശുക്രദശ? അല്‍ ഫുര്‍സാന്റെ വരവ് വെറുതെയല്ല; പുതിയ സ്റ്റേഡിയമടക്കം പരിഗണനയില്‍
Kerala Blasters FC new owners plan new stadium and 'Project Blasters' expansion: കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയൊരു സ്റ്റേഡിയം നിർമ്മിക്കാന്‍ പോലും പദ്ധതിയുണ്ട്. ഇത്തവണയും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത്. അടുത്ത സീസണിലേക്ക് പുതിയൊരു സ്റ്റേഡിയം നിര്‍മ്മിക്കാനാണ് പദ്ധതി. മഹാബലിപുരത്തെ എഫ്‌സി മദ്രാസ് കേന്ദ്രത്തിൽ ടീം പ്രീ-സീസൺ പരിശീലനം ആരംഭിക്കും.
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളായി യുഎഇയിലെ അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് എത്തുന്നതോടെ, ക്ലബില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലബിന്റെ 100 ശതമാനം ഓഹരികളും അല്‍ ഫുര്‍സാന്‍ ഗ്രൂപ്പിന് വില്‍ക്കാനായി കരാറിലേര്‍പ്പെട്ടു. അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ഘട്ടം ഘട്ടമായി ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കും. കഴിഞ്ഞ വർഷം സിറ്റി ഫുട്ബോൾ ഗ്രൂപ്പ് മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് പിന്മാറിയതിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഇതാദ്യമായാണ് ഗള്‍ഫ് കേന്ദ്രീകരിച്ചുള്ള ഒരു ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്. ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. ഷാർജയിലെ അൽ ഖാസിമി രാജകുടുംബവുമായി അല്‍ ഫുര്‍സാന്‍ ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ട്.
ക്ലബ്ബിന്റെ ഹോം മത്സരങ്ങൾക്കായി പുതിയൊരു സ്റ്റേഡിയം നിർമ്മിക്കാന്‍ പോലും പദ്ധതിയുണ്ട്. ഇത്തവണയും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാകും ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത്. അടുത്ത സീസണിലേക്ക് പുതിയൊരു സ്റ്റേഡിയം നിര്‍മ്മിക്കാനാണ് പദ്ധതി. ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ളതാണ് അല്‍ ഫുര്‍സാന്‍ കണ്‍സോര്‍ഷ്യം.
പ്രീ സീസണ്‍ തയ്യാറെടുപ്പുകള്‍ ഇന്ന് മുതല്‍
ആഷ്‌ലി വെസ്റ്റ്‌വുഡ് മുഖ്യ പരിശീലകനായി തുടരും. കഴിഞ്ഞ സീസണില്‍ വെസ്റ്റ്‌വുഡ് പരിശീലകനായി ചുമതലയേറ്റതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം പുറത്തെടുത്തത്. ഇന്ന് മുതല്‍ മഹാബലിപുരത്തെ എഫ്‌സി മദ്രാസ് കേന്ദ്രത്തിൽ ടീം പ്രീ-സീസൺ പരിശീലനം ആരംഭിക്കും. പുതിയ സീസണിലേക്കുള്ള താരങ്ങളുടെയും സ്റ്റാഫിനെയും ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ താരങ്ങളുടെ വരവ് സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: Kerala Blasters: മഞ്ഞപ്പട അല്‍ ഫര്‍സാന്‍ ഗ്രൂപ്പിന് സ്വന്തം; കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍
മലബാർ മേഖലയിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കാനും ക്ലബ് പദ്ധതിയിടുന്നുണ്ട്. ഫുട്ബോളിന് അപ്പുറം സ്പോർട്സ് ടെക്നോളജി, വാണിജ്യ സംരംഭങ്ങൾ, ആരാധകരുമായുള്ള ബന്ധം മെച്ചപ്പെടുത്തൽ, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലേക്ക് ക്ലബ്ബിന്റെ പ്രവർത്തനമേഖല വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘പ്രോജക്റ്റ് ബ്ലാസ്റ്റേഴ്സ്’ എന്ന വിപുലമായ പദ്ധതിയും പുതിയ ഉടമസ്ഥർ ആസൂത്രണം ചെയ്യുന്നുണ്ട്.
ഒട്ടും എളുപ്പമായിരുന്നില്ല
ക്ലബ് വില്‍ക്കാനുള്ള തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് മുന്‍ ഉടമകള്‍ അറിയിച്ചു. ചില യാത്രകൾ ഒരു ആശയത്തിൽ തുടങ്ങി, ആർക്കും സങ്കൽപ്പിക്കാൻ കഴിയാത്തതിലും വലിയൊരു തലത്തിലേക്ക് വളരാറുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം ‘കേരള ബ്ലാസ്റ്റേഴ്സ്’ അത്തരമൊരു യാത്രയായിരുന്നുവെന്ന് മുന്‍ ഉടമകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഈ യാത്ര ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അൽ ഫുർസാൻ സ്പോർട്സ് അറിയിച്ചു.
English Summary
UAE’s Al Fursan Group has agreed to acquire 100% ownership of Kerala Blasters FC from Magnum Sports. The new owners plan to build a dedicated home stadium for the club by next season. Ashley Westwood remains the head coach, with pre-season training starting today at FC Madras. The group is launching “Project Blasters” to expand the club’s infrastructure, technology, and fan engagement.